kannur local

ശുചിത്വ നിയമങ്ങള്‍ കര്‍ശനമാക്കും: മന്ത്രി കെ കെ ശൈലജ

കണ്ണൂര്‍: ശുചിത്വ നിയമങ്ങള്‍ കര്‍ശനമാക്കുമെന്നും പരിസ്ഥിതി സംരക്ഷണത്തിന് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുമെന്നും മന്ത്രി കെ കെ ശൈലജ. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ലോക പരിസ്ഥിതി ദിനാചരണവും മലിനീകരണ നിയന്ത്രണ അവാര്‍ഡ് ദാനവും കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മലിനീകരണമുണ്ടാക്കുന്ന ഭവിഷ്യത്തുകളെ കുറിച്ച് ബോധവല്‍ക്കരണം നടത്തും. ജനങ്ങളെ അടിച്ചേല്‍പ്പിക്കാതെ അവരുടെ സഹകരണത്തോടെ പരിസ്ഥിതി സംരക്ഷണം നടപ്പാക്കും. അന്തരീക്ഷ മലിനീകരണം കൂടുകയാണ്. ഉപഭോഗസംസ്‌കാരത്തിന്റെ ഭാഗമായി അന്തരീക്ഷത്തിലേക്ക് തള്ളിവിടുന്ന മാലിന്യങ്ങളാണ് ഇതിനു മുഖ്യകാരണം. കാര്‍ഷിക സംസ്‌കൃതിയിലെ മാറ്റം ഗുണകരമാവണം. കാന്‍സര്‍ പോലെയുള്ള മാരക വ്യാധികള്‍ പടര്‍ന്നുപിടിക്കുന്നത് ഭയപ്പെടുത്തുന്നുണ്ട്.
പരിഷ്‌കൃത സമൂഹത്തില്‍ പകര്‍ച്ചവ്യാധി കടന്നുകയറ്റം നയന്ത്രിക്കാനാവാത്തത് ആലോചിക്കണം. മലയാളിയുടെ ശുചിത്വ ശീലത്തില്‍ കാര്യമായ മാറ്റം ആവശ്യമാണ്. പകര്‍ച്ച വ്യാധി മരണങ്ങളില്ലാത്ത സംസ്ഥാനമാക്കി കേരളത്തെ മാറ്റാന്‍ ജാതി-മത-രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു. പി കെ ശ്രീമതി എംപി മുഖ്യാതിഥിയായി.
മലിനീകരണ നിയന്ത്രണ അവാര്‍ഡ് ദാനവും ചടങ്ങില്‍ നടന്നു. വിശിഷ്ട അവാര്‍ഡുകളും ആശുപത്രികള്‍ക്കുള്ള അവാര്‍ഡുകളും മന്ത്രി കെ കെ ശൈലജയും വ്യവസായ സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും വിതരണം ചെയ്തു. വ്യവസായേതര സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡ് പി കെ ശ്രീമതി എംപി നിര്‍വഹിച്ചു. മേയര്‍ ഇപി ലത, ജില്ലാ കലക്ടര്‍ പി ബാലകിരണ്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍ കെ സജീവന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it