Flash News

ശുചിത്വഭാരതം 120 കോടി ഇന്ത്യക്കാരുടെ സ്വപ്‌നം: പ്രധാനമന്ത്രി



ന്യൂഡല്‍ഹി: നേതാക്കളുടെ പ്രത്യേക സംഘത്തിന്റെയോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയോ മാത്രമല്ല, 15 കോടി ഇന്ത്യക്കാരുടെ സ്വപ്‌നമായി ശുചിത്വഭാരതം മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശുചിത്വവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ മനോഭാവത്തില്‍ മാറ്റം വരുന്നതിലൂടെ മാത്രമേ യജ്ഞം വിജയിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ സ്വച്ഛ്ഭാരത് പദ്ധതിയുടെ മൂന്നാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ 125 കോടി ആളുകള്‍ ഒരുമിച്ചുനിന്നാല്‍ ശുചിത്വഭാരതമെന്ന സ്വപ്‌നം യാഥാര്‍ഥ്യമാകും. ആയിരം മഹാത്മാഗാന്ധിമാരും ഒരു ലക്ഷം മോദിമാരും എല്ലാ സംസ്ഥാന സര്‍ക്കാരുകളും അവിടത്തെ മുഖ്യമന്ത്രിമാരും ഒരുമിച്ചുനിന്നാലും ശുചിത്വഭാരതമെന്ന സ്വപ്‌നം സ്വപ്‌നമായി അവശേഷിക്കുകയേയുള്ളൂ. അതേസമയം, രാജ്യത്തെ 125 കോടി ആളുകളും ഒരുമിച്ചു മനസ്സുവച്ചാല്‍ സ്വപ്‌നം യാഥാര്‍ഥ്യമാവുമെന്നും മോദി പറഞ്ഞു. വൃത്തിയെക്കുറിച്ച് എല്ലാ മനുഷ്യര്‍ക്കും ഒരേ അഭിപ്രായമാണെങ്കിലും വ്യക്തിപരമായി ഉത്തരവാദിത്തമേല്‍ക്കാന്‍ ആരും തയ്യാറല്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 10,000 കുടുംബങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് ശുചിമുറി പണിയാനും ശുചിത്വം പാലിക്കാനും ശ്രമിക്കാത്ത കുടുംബങ്ങള്‍ പ്രതിവര്‍ഷം കുറഞ്ഞത് 50,000 രൂപയെങ്കിലും ആശുപത്രിയില്‍ ചെലവഴിക്കേണ്ടിവരുന്നതായി കണ്ടെത്തിയത്. ഗാന്ധിജയന്തി ദിനത്തില്‍ പ്രിയപ്പെട്ട ബാപ്പുവിന്റെ മുന്നില്‍ ശിരസ്സു നമിക്കുന്നുവെന്നും അദ്ദേഹത്തിന്റെ ആശയങ്ങള്‍ ലോകമാകെയുള്ള ജനങ്ങളെ പ്രചോദിപ്പിക്കുന്നവയാണെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
Next Story

RELATED STORIES

Share it