Articles

ശീതയുദ്ധത്തിന്റെ ബാക്കിപത്രം

മനുഷ്യാവകാശ കരാറുകള്‍  ഫലപ്രദമോ- 2 - ജോവന്‍ റോയ് ലോഫ്

കുട്ടികള്‍ക്ക് പ്രത്യേകം അവകാശം വേണ്ടതില്ലെന്നും അവര്‍ അവരുടെ രക്ഷിതാക്കളെ അനുസരിക്കുകയാണ് വേണ്ടതെന്നുമാണ് മറ്റു ചിലരുടെ അഭിപ്രായം. മനുഷ്യാവകാശ കരാറുകള്‍ അംഗീകരിക്കാന്‍ സാധാരണ ജനങ്ങള്‍ ശക്തമായ സമ്മര്‍ദം സെനറ്റര്‍മാരില്‍ ചെലുത്താത്തതും ഒരു കാരണമാണ്. കണ്‍സര്‍വേറ്റീവ് മണ്ഡലങ്ങളില്‍ നിന്ന് ഇതിനു വേണ്ടത്ര പിന്തുണ ലഭിക്കുന്നില്ലെന്നും ചില സെനറ്റര്‍മാര്‍ പറയുന്നുണ്ട്.
കുട്ടികളുടെ അവകാശങ്ങളില്‍ ആരോഗ്യ സുരക്ഷ, അന്തസ്സായ ജീവിതം, ആശയപ്രകടന സ്വാതന്ത്ര്യം, മതം, മാധ്യമങ്ങള്‍, കലാരൂപങ്ങള്‍, അച്ചടി, എഴുത്ത്, വാമൊഴി, അതിര്‍ത്തി എന്നീ വ്യത്യാസങ്ങളില്ലാതെ ഏതു വിവരവും ആശയങ്ങളും അന്വേഷിക്കാനും സ്വീകരിക്കാനുമുള്ള സ്വാതന്ത്ര്യം എന്നിവ ഉള്‍പ്പെടുന്നു. മുലയൂട്ടല്‍ പ്രോത്സാഹിപ്പിക്കാന്‍ കരാര്‍ രാഷ്ട്രങ്ങളോട് ആവശ്യപ്പെടുന്നു.
പ്രധാന കരാറുമായി അമേരിക്ക യോജിച്ചിട്ടില്ല. എന്നാല്‍, രണ്ടു പെരുമാറ്റച്ചട്ടങ്ങള്‍ അമേരിക്ക അംഗീകരിച്ചിട്ടുണ്ട്. അതിലൊന്ന്, കുട്ടികളെ സായുധ കലാപത്തില്‍ ഉള്‍പ്പെടുത്തരുത് എന്നതാണ്. സൈന്യത്തില്‍ 18 വയസ്സിനു താഴെ ഉള്ളവരെ ചേര്‍ക്കുന്നതിന് അനുവാദം നല്‍കില്ലെന്ന നിയമം കൊണ്ടുവന്നാണ് അതു നിര്‍വഹിച്ചത്. അംഗീകരിച്ച മറ്റൊരു പെരുമാറ്റച്ചട്ടം കുട്ടികളെ വേശ്യാവൃത്തിയില്‍ നിന്നും ബാലവേലയില്‍ നിന്നും സംരക്ഷിക്കുന്നതാണ്.
അഭയാര്‍ഥികളെ സംബന്ധിച്ചുള്ള 1951ലെ കരാര്‍ അമേരിക്ക അംഗീകരിച്ചിരുന്നില്ല. എന്നാല്‍, 1967ലെ പെരുമാറ്റച്ചട്ടത്തില്‍ അവര്‍ അംഗത്വമെടുത്തിട്ടുണ്ട്. ഭിന്നശേഷിക്കാരുടെ അവകാശത്തിലുള്ള കരാറാണ് ഐക്യരാഷ്ട്രസഭ ഏറ്റവും അടുത്ത കാലത്ത് അംഗീകരിച്ച മനുഷ്യാവകാശം. എന്നാല്‍, ഇതുവരെ അമേരിക്ക കരാറില്‍ ചേര്‍ന്നിട്ടില്ല.
ഈ കരാറുകളെല്ലാം നടപ്പാക്കുന്നത് എങ്ങനെയാണ്? അംഗീകാരം നല്‍കുന്നതിലൂടെ രേഖയില്‍ പ്രസ്താവിച്ച രീതിയില്‍ കാര്യങ്ങള്‍ നടപ്പാക്കാന്‍ രാഷ്ട്രങ്ങള്‍ സമ്മതിക്കുകയാണ് ചെയ്യുന്നത്. കരാറുകള്‍ അംഗീകരിച്ച രാഷ്ട്രങ്ങളുടെ ഭരണഘടനയും നിയമങ്ങളും ഈ ഉടമ്പടികളുമായി ബന്ധിക്കപ്പെട്ടിരിക്കും. അവരുടെ ദേശീയ കോടതികളുടെ തീരുമാനങ്ങള്‍ ഈ കരാറുകളുടെ അടിസ്ഥാനത്തിലായിരിക്കുകയും ചെയ്യും. പ്രാദേശിക കോടതികള്‍ ഈ കരാറുകളെ ഒരു നയരേഖയായി പരിഗണിക്കുന്നതാണ്. ഓരോ രാഷ്ട്രത്തിലെയും സര്‍ക്കാര്‍-സര്‍ക്കാരേതര സംഘടനകള്‍ മനുഷ്യാവകാശങ്ങള്‍ നിരീക്ഷിക്കുകയും അവ നടപ്പാക്കുന്നതില്‍ ഈ കരാറുകള്‍ ഉപയോഗിക്കുകയും ചെയ്യുന്നതാണ്.
ഓരോ നിശ്ചിത വര്‍ഷംതോറും മനുഷ്യാവകാശ കരാറുകളെക്കുറിച്ച് ബന്ധപ്പെട്ട യുഎന്‍ സമിതിക്ക് റിപോര്‍ട്ട് നല്‍കാന്‍ ഈ കരാറുകളിലൂടെ രാഷ്ട്രങ്ങള്‍ ബാധ്യസ്ഥമാണ്. ഇത് അനുസരിക്കാനുള്ള മുഖ്യ പ്രചോദനം ഒരു മാനവസമൂഹമായി അറിയപ്പെടാനുള്ള ആഗ്രഹം തന്നെയാണ്. അതിനു പരിശോധകന്മാരും ഗവേഷകന്മാരും ആവശ്യമാണ്. അതുകൊണ്ടുതന്നെ ആള്‍സ്റ്റന്റെ സന്ദര്‍ശനം അംഗീകരിച്ച കരാറിന്റെ ഭാഗമാണ്.
എല്ലാ കരാറുകള്‍ക്കും അതതിന്റെ പരിശോധനാ സമിതികളുണ്ട്. എല്ലാ രാഷ്ട്രങ്ങളെയും പരിശോധിക്കുന്ന യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലാണ് അതില്‍ ഏറ്റവും പൊതുവായ സമിതി. സര്‍ക്കാര്‍ മനുഷ്യാവകാശ ഏജന്‍സികള്‍, സര്‍ക്കാരേതര സംഘടനകള്‍, പ്രത്യേക റിപോര്‍ട്ടര്‍മാര്‍ അടക്കമുള്ള യുഎന്‍ മനുഷ്യാവകാശ വിദഗ്ധര്‍ എന്നിവരുടെ റിപോര്‍ട്ട് അടിസ്ഥാനമാക്കിയാണ് വിലയിരുത്തലുകളും പരിശോധനകളും നടത്തുന്നത്. കൗണ്‍സിലിലെ 47 അംഗങ്ങള്‍ അടങ്ങിയ വര്‍ക്കിങ് ഗ്രൂപ്പാണ് യൂനിവേഴ്‌സല്‍ പീരിയോഡിക് റിവ്യൂ (യുപിആര്‍) നടത്തുന്നത്.
എന്നാല്‍, ചര്‍ച്ചയില്‍ ഐക്യരാഷ്ട്ര അംഗത്വമുള്ള ഒരു രാഷ്ട്രത്തിനു പങ്കെടുക്കാവുന്നതാണ്. ഒരു രാജ്യം മറ്റൊരു രാജ്യത്തെക്കുറിച്ചു പറയുന്ന അഭിപ്രായങ്ങള്‍ വായിക്കാന്‍ രസമുള്ളതായിരിക്കും. ഉദാഹരണത്തിന്, അല്‍ബേനിയന്‍ സംഘം ഐസ്‌ലാന്‍ഡിനെക്കുറിച്ച് പറയുന്നത് എന്താണ്, അല്ലെങ്കില്‍ മാലദ്വീപിന് ഇക്വഡോറിനെക്കുറിച്ചുള്ള അഭിപ്രായം എന്താണെന്നതൊക്കെ കൗതുകത്തോടെ വായിക്കാന്‍ സാധിക്കും. സാധാരണ നാലോ അഞ്ചോ വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന പരിശോധനകള്‍ ചെയ്യേണ്ട ചില കര്‍മപദ്ധതികളുടെ ശുപാര്‍ശ രേഖപ്പെടുത്തിക്കൊണ്ടായിരിക്കും അവസാനിക്കുന്നത്.
എന്നാല്‍, അമേരിക്ക സാമ്പത്തിക-സാമൂഹിക-സാംസ്‌കാരിക കരാര്‍ അംഗീകരിക്കാത്ത രാഷ്ട്രമാണ്. പൗര-രാഷ്ട്രീയ അവകാശം മാത്രമാണ് അത് അംഗീകരിച്ചത്. അതിനാല്‍, ആള്‍സ്റ്റണ്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ അമേരിക്ക അംഗീകരിച്ച സ്വാതന്ത്ര്യം, സര്‍വര്‍ക്കും നീതി എന്നീ അവകാശങ്ങളെ ദാരിദ്ര്യം എങ്ങനെ ബാധിച്ചു എന്നാണ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്.
മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് പരിഹാരം കാണാന്‍ ദേശീയ കോടതികള്‍ക്കു സാധിച്ചിട്ടില്ലെങ്കില്‍ വ്യക്തികള്‍ക്ക് അന്താരാഷ്ട്ര നീതിപീഠങ്ങളുടെ മുമ്പില്‍ പരാതി സമര്‍പ്പിക്കാന്‍ അനുവദിക്കുന്ന പ്രാദേശിക മനുഷ്യാവകാശ കരാറുകളും നിലവിലുണ്ട്. യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ഹ്യൂമന്റൈറ്റ്‌സും ഇന്റര്‍-അമേരിക്കന്‍ കോര്‍ട്ട് ഓഫ് ഹ്യൂമന്റൈറ്റ്‌സുമാണ് അത്തരത്തിലുള്ള പ്രമുഖമായ രണ്ടെണ്ണം. യുഎന്‍ മനുഷ്യാവകാശ കരാറും റിപോര്‍ട്ടും കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണ്?
സര്‍ക്കാരേതര സംഘടനകള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പങ്കുള്ള നിരവധി കേസുകളില്‍ ഇതുകൊണ്ട് ഗണ്യമായ നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് നിയമ ഗവേഷകന്‍ ഗ്രെയ്‌നെ ഡി ബുര്‍ക റിപോര്‍ട്ട് ചെയ്യുന്നത്. അതു കൂടാതെ കരാറുകള്‍ നിലവിലുള്ളത് വിദ്യാഭ്യാസപരമായും ഗുണം ചെയ്യുന്നുണ്ട്. പല രാഷ്ട്രങ്ങളിലെയും പാഠ്യപദ്ധതിയില്‍ ഇതിനു പ്രമുഖ സ്ഥാനം ലഭിച്ചിട്ടുണ്ട്.
സ്റ്റീഫന്‍ ഹോപ്ഗുഡിനെ പോലെ നിരവധി ബുദ്ധിജീവികള്‍ ഈ കരാറിനെ വിമര്‍ശിച്ചിട്ടുണ്ട്. 'ദ എന്‍ഡ് ടൈംസ് ഓഫ് ഹ്യൂമന്റൈറ്റ്‌സി'ല്‍ അദ്ദേഹം മൊത്തത്തില്‍ ഈ പ്രവര്‍ത്തനം ഉപയോഗശൂന്യമാണെന്നാണ് അഭിപ്രായപ്പെട്ടത്. വികസ്വര-വികസിത രാഷ്ട്രങ്ങളില്‍ ഇന്നു നടക്കുന്ന സംഭവങ്ങള്‍ അറിയാവുന്ന ഞങ്ങള്‍ക്ക് കൂടുതല്‍ പ്രതീക്ഷ പുലര്‍ത്താന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. മനുഷ്യാവകാശങ്ങള്‍ക്കുള്ള യുഎന്‍ സ്ഥാനപതി സെയ്ദ് റാഅത്ത് അല്‍ ഹുസയ്ന്‍ 2017 സപ്തംബര്‍ 11നു വളരെ മ്ലാനമായ ഒരു റിപോര്‍ട്ടാണ് നല്‍കിയത്. 40 രാഷ്ട്രങ്ങളുടെ സ്ഥിതി മാത്രമാണ് അദ്ദേഹം വിശകലനം ചെയ്തത്.
എന്തുകൊണ്ടാണ് വളരെ മഹത്തായ ഈ പദ്ധതി ഇത്രയും ശുഷ്‌കിച്ചുപോയത്? ഒരു കാരണം ശീതയുദ്ധം ആകാനാണ് സാധ്യത. നിരവധി രാഷ്ട്രങ്ങളിലെ ലിബറല്‍ പരിഷ്‌കര്‍ത്താക്കള്‍ മുതലാളിത്തത്തെക്കുറിച്ചുള്ള സോഷ്യലിസ്റ്റ് വിമര്‍ശനം തിരിച്ചറിഞ്ഞവരായിരുന്നുവെങ്കിലും വിപ്ലവാത്മകമായ ഒരു മാറ്റം ആവശ്യമാണെന്നു കരുതുന്നവരായിരുന്നില്ല. അവസാനത്തെ അഭയം സ്വേച്ഛാധിപത്യത്തിനും അടിച്ചമര്‍ത്തലിനുമെതിരേയുള്ള പ്രക്ഷോഭമല്ലെന്ന അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനത്തിലെ ന്യായവല്‍ക്കരണത്തിലുള്ള വൈരുദ്ധ്യം അവര്‍ തിരിച്ചറിഞ്ഞിട്ടില്ല.
പരിഷ്‌കരണങ്ങള്‍ക്ക് ദുരിതങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുന്നതാണ്. അന്തസ്സായി ജീവിക്കുന്നതിനും ജോലി ചെയ്യുന്നതിനും ആരോഗ്യ രക്ഷ ലഭിക്കുന്നതിനും വിശ്രമവും ഒഴിവും കിട്ടുന്നതിനുമുള്ള അവകാശങ്ങള്‍ ഉറപ്പുനല്‍കുന്നതായിരിക്കണം പരിഹാരങ്ങള്‍. സോഷ്യലിസ്റ്റ് രാഷ്ട്രങ്ങള്‍ മാനവികതയുടെ അവശ്യഘടകങ്ങളായ ആവിഷ്‌കാര സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും അവഗണിക്കുന്നുവെന്ന ഒരു വാദവും നിലനില്‍ക്കുന്നുണ്ട്.
ശീതയുദ്ധത്തിന്റെ മൃദുനയതന്ത്രത്തിന്റെ ഫലമാണ് 1975ലെ ഹെല്‍സിങ്കി കരാര്‍. ഒരു യൂറോപ്യന്‍ സുരക്ഷാ കരാറാണ് റഷ്യ ആവശ്യപ്പെട്ടിരുന്നത്. കാനഡയും അമേരിക്കയും കരാറിന്റെ ഭാഗമായിരിക്കണമെന്നും സാമ്പത്തികവും മനുഷ്യാവകാശ നിലവാരവും അതിനോട് ചേര്‍ക്കണമെന്നുമുള്ള വ്യവസ്ഥയില്‍ പടിഞ്ഞാറന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ അതിനു സമ്മതം നല്‍കി. പൗരസ്വാതന്ത്ര്യത്തിന് ഊന്നല്‍ നല്‍കിയ ആ കരാര്‍ നിരീക്ഷിക്കുന്നതിനായി ഹെല്‍സിങ്കി എന്ന അന്താരാഷ്ട്ര സര്‍ക്കാരേതര സംഘടനയുടെ രൂപീകരണത്തിലേക്ക് നയിക്കപ്പെടുകയായിരുന്നു. റോക് ഫെല്ലര്‍, ഫോര്‍ഡ്, സോറോസ് ഫൗണ്ടേഷനുകളുടെ നിര്‍ണായക പിന്തുണയോടെ ഇതു മനുഷ്യാവകാശ നിരീക്ഷണ കേന്ദ്രമായി മാറുകയാണുണ്ടായത്. കാംപയിന്‍ ഫോര്‍ പീസ് ആന്റ് ഡെമോക്രസി പോലുള്ള മറ്റു മനുഷ്യാവകാശ സംഘടനകള്‍ കിഴക്കന്‍ യൂറോപ്പില്‍ ഉടനീളം പ്രവര്‍ത്തിക്കുകയും ചെയ്തു.
റഷ്യയിലെയും കിഴക്കന്‍ യൂറോപ്പിലെയും സമൂഹത്തിനു മേലുള്ള പടിഞ്ഞാറന്‍ ഇടപെടല്‍ വിമതര്‍ക്ക് നിയമ പിന്തുണ ലഭിക്കാന്‍ ഇടയായി. മൃദുനയതന്ത്രത്തിന്റെ മറ്റൊരു പരിശ്രമമായിരുന്നു ശീത സാംസ്‌കാരിക യുദ്ധം. അമേരിക്കന്‍ സര്‍ക്കാരുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യ ഫൗണ്ടേഷനുകള്‍ ഉദാരമായ സ്വാതന്ത്ര്യത്തെ പുകഴ്ത്തുമ്പോള്‍ തന്നെ മതം, ദേശീയത, സ്വത്വരാഷ്ട്രീയം എന്നിവയെ ഉയര്‍ത്തിക്കൊണ്ടുവരുകയും ചെയ്തു. ഇതു കമ്മ്യൂണിസ്റ്റുകളുടെ നിരീശ്വരവാദത്തെയും അവരുടെ അന്താരാഷ്ട്ര ദേശീയതയെയും 'സര്‍വരാജ്യ തൊഴിലാളികളേ സംഘടിക്കുവിന്‍' പോലുള്ള മുദ്രാവാക്യങ്ങളെ ചെറുക്കുന്നതിനു വേണ്ടിയായിരുന്നു.
അന്താരാഷ്ട്ര മനുഷ്യാവകാശങ്ങളെ നിരീക്ഷിക്കുന്നതില്‍ ഇന്നു സര്‍ക്കാരേതര സംഘടനകളായ ആംനസ്റ്റി ഇന്റര്‍നാഷനല്‍, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് തുടങ്ങിയ സംഘടനകള്‍ക്ക് പ്രധാന പങ്കുണ്ട്. ശീതയുദ്ധത്തിനെതിരേയുള്ള പ്രവര്‍ത്തനത്തില്‍ സഹായിച്ച ഫൗണ്ടേഷനുകളുടെ ധനസഹായത്താലാണ് ഈ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. മനുഷ്യാവകാശത്തിനു ശീതയുദ്ധം മാത്രമല്ല തുണയായത്.
സൂക്ഷ്മ നിരീക്ഷണവും ശുദ്ധീകരിക്കലും കൃത്രിമമായ തിരഞ്ഞെടുപ്പുകളും പാവസര്‍ക്കാരുകളും ജനാധിപത്യത്തെ ശക്തിപ്പെടുത്തില്ല. കൈയേറ്റങ്ങളും പ്രതിയുദ്ധങ്ങളും വിപ്ലവങ്ങളും പ്രതിവിപ്ലവങ്ങളും ജനാധിപത്യത്തെ ദുഷിപ്പിക്കുകയേയുള്ളൂ. കൂടാതെ എല്ലാവര്‍ക്കും മതിയായ നിലവാരത്തില്‍ ജീവിക്കാന്‍ ഉതകുന്ന രീതിയിലായിരിക്കണം പ്രകൃതിവിഭവങ്ങള്‍ ഉപയോഗിക്കേണ്ടത്. ദീര്‍ഘകാലം ആഗോള യുദ്ധത്തിന്റെയും ഭീതിയുടെയും ഭരണത്തിനു കീഴിലായിരുന്നു ലോകം. യൂഗോസ്ലാവിയയുടെ മാനവിക സ്‌നേഹത്തിന്റെ നശീകരണം അടക്കമുള്ള ഒടുക്കമില്ലാത്ത യുദ്ധത്തിനു കീഴില്‍.
സോഷ്യലിസ്റ്റുകളെയോ മിതവാദികളായ പരിഷ്‌കര്‍ത്താക്കളെ പോലുമോ മുതലാളിത്ത സാമ്രാജ്യത്വ ശക്തികള്‍ ആക്രമിച്ചിട്ടില്ലായിരുന്നെങ്കില്‍ ഈ ലോകത്തിന്റെ സ്ഥിതി എന്താവുമായിരുന്നുവെന്ന് നമുക്ക് അറിഞ്ഞുകൂടാ. എന്തായാലും ലോകം കൂടുതല്‍ ചീത്തയാവുമായിരുന്നു എന്നു വിശ്വസിക്കാന്‍ പ്രയാസമാണ്.
സ്റ്റാലിന്റെ ഉയര്‍ച്ചയും സ്റ്റാലിനിസത്തിന്റെ പീഡനങ്ങളും സോവിയറ്റ് യൂനിയന്റെ കൈയേറ്റങ്ങളും തുടര്‍ച്ചയായി രാഷ്ട്രങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നതിനെ ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് ഒരാള്‍ക്ക് ഇപ്പോള്‍ വാദിക്കാന്‍ കഴിയും. ഇറാനിലെ മൊസാദെയെയും ഗ്വാട്ടിമാലയിലെ അര്‍ബെന്‍സിനെയും ചിലിയിലെ അലന്‍ഡെയെയും ഇന്തോനീസ്യയിലെ സുകാര്‍ണോയെയും അതുപോലെ പലരെയും സ്ഥാനഭ്രഷ്ടരാക്കിയത് മനുഷ്യാവകാശങ്ങളുടെ കാര്യത്തില്‍ അവരുടെ രാഷ്ട്രങ്ങള്‍ ഇന്നത്തെ നിലയിലേക്ക് നിപതിച്ചതിന്റെ അനന്തര ഫലങ്ങളാണ്.
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, സ്വേച്ഛാധിപത്യത്തിനും അടിച്ചമര്‍ത്തലിനുമെതിരേ വിപ്ലവകാരികള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ തടഞ്ഞ് ഭരണം നിലനിര്‍ത്താന്‍ ചെലവഴിക്കുന്ന ധനം മാതൃരാജ്യത്ത് ഭയവും ക്ഷാമവും വര്‍ധിപ്പിക്കുകയാണ്.      ി

(അവസാനിച്ചു)
Next Story

RELATED STORIES

Share it