Alappuzha local

ശിശുസംരക്ഷണ യൂനിറ്റ്: വാല്‍സല്യം പദ്ധതി കാംപയിന്‍ സംഘടിപ്പിക്കുന്നു

ആലപ്പുഴ: തെരുവില്‍ അലയുന്ന കുട്ടികളെയും ബാലവേല, ബാലഭിക്ഷാടനം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുട്ടികളെയും കണ്ടെത്തുന്നതും പുനരധിവസിപ്പിക്കുന്നതിനുമായി  സര്‍ക്കാര്‍- വനിതാശിശുവികസന വകുപ്പ് സംസ്ഥാനത്ത് ജില്ലാ ശിശു സംരക്ഷണ യൂനിറ്റുകള്‍ മുഖേന വിപുലമായ കാംപയിന്‍ സംഘടിപ്പിക്കും .
പ്രത്യേക പരിചരണവും സംരക്ഷണവും ആവശ്യമുള്ള കുട്ടികളെ കണ്ടെത്തുകയും സംരക്ഷിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യുകയാണ് കാംപയിന്റെ ഉദ്ദേശ്യം. ജില്ലയില്‍ ബാലഭിക്ഷാടനം, ബാലചൂഷണം, ബാലവേല തടയുന്നതുമായി ബന്ധപ്പെട്ട് ജില്ലയിലെ  പ്രധാന ഉല്‍സവ-പെരുന്നാള്‍ സ്ഥലങ്ങളില്‍ കുട്ടികളുടെ സുരക്ഷിതത്വം  ഉറപ്പാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപന ജനപ്രതിനിധികള്‍, പോലിസ്, ചൈല്‍ഡ്‌ലൈന്‍, സാമൂഹിക പ്രവര്‍ത്തക സംഘടന, ആരാധനാലയങ്ങളിലെ ഭാരവാഹികള്‍, വ്യാപാരി-വ്യവസായ സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ആക്ഷന്‍ ഗ്രൂപ്പ് രൂപീകരിക്കുന്നത്.
ഗ്രൂപ്പ് വഴി കണ്ടെത്തുന്ന തെരുവ് കുട്ടികളെയും ബാലവേലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കുട്ടികളെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി പുനരധിവാസം നടത്തുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ജില്ലാ ശിശു സംരക്ഷണ യൂനിറ്റ് മുഖേന നടപ്പില്‍ വരുത്തുകയും ചെയ്യും.
ജില്ലാ ഭരണകൂടം, ജില്ലാ പോലീസ്, ലേബര്‍ വകുപ്പ്, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി, ചൈല്‍ഡ് ലൈന്‍, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സ്‌ക്വാഡ് എന്നിവരുടെ സഹകരണത്തോടെയാണ് കാംപയിന്‍ ജില്ലയില്‍ നടപ്പാക്കുന്നത്. കുട്ടികളെ വിഷമഘട്ടത്തില്‍ കണ്ടെത്തിയാല്‍ ഫോണ്‍: 0477-2241644, 8281899463, 1098 നമ്പരുകളില്‍ ബന്ധപ്പെടുക
Next Story

RELATED STORIES

Share it