ശിശുമരണ നിരക്ക് പരമാവധി കുറയ്ക്കുക ലക്ഷ്യം: ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ ശിശുമരണ നിരക്ക് പരമാവധി കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ശിശുമരണ നിരക്ക് 12ല്‍ നിന്ന് 8 ശതമാനമാക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ടെങ്കിലും ഇനിയും കുറച്ചു കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.കുട്ടികളെ ബാധിക്കുന്ന വിവിധ ജനിതക രോഗങ്ങളെക്കുറിച്ചുള്ള ദേശീയ സമ്മേളനം മാസ്‌കോട്ട് ഹോട്ടലില്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ശിശുക്കളിലെ ഇപ്പോഴത്തെ രോഗാതുരതയുടെയും അനുബന്ധ മരണങ്ങളുടെയും പ്രധാന കാരണം ജന്മനായുള്ള വൈകല്യങ്ങളും ജനിതക തകരാറുകളുമാണ്. മുന്‍കാലത്തെ അപേക്ഷിച്ച് ജനിതക വൈകല്യങ്ങള്‍ കണ്ടെത്തുന്നതും ചികില്‍സിക്കുന്നതും ഇന്നു കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. അട്ടപ്പാടി മേഖലയിലെ ശിശുമരണ നിരക്കിന് പ്രധാന കാരണം പ്രായപൂര്‍ത്തിയാവാത്ത അമ്മമാരുടെ വിവാഹങ്ങളും ജനിതക വൈകല്യങ്ങളുമാണ്. ഇക്കാര്യങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കാന്‍ ഇതുപോലെയുള്ള സെമിനാറുകള്‍ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. ജെനിറ്റിക് അപ്‌ഡേറ്റ്‌സ് ഫോര്‍ നെക്സ്റ്റ് ജനറേഷന്‍ ക്ലിനിഷ്യന്‍സ് എന്ന പുസ്തകത്തിന്റെ പ്രകാശനം മന്ത്രി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവിന് നല്‍കി പ്രകാശനം ചെയ്തു.ആരോഗ്യ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം കെ സി നായര്‍ മുഖ്യപ്രഭാഷണം നടത്തി. ഐഎഎംജി ദേശീയ പ്രസിഡന്റ് ഡോ. ശുഭ ഫാഡ്‌കേ, എസ്എടി ആശുപത്രി സൂപ്രണ്ട് ഡോ. എ സന്തോഷ് കുമാര്‍, സിഡിസി ഡയറക്ടര്‍ ഡോ. ബാബു ജോര്‍ജ്, ഐഎപി കേരള പ്രസിഡന്റ് ഡോ. എം എന്‍ വെങ്കിടേശ്വരന്‍, ഐഎപി കേരള 2018 പ്രസിഡന്റ് ഡോ. പി എ മുഹമ്മദ് കുഞ്ഞ്, ഐഎപി ജനിറ്റിക് ചാപ്റ്റര്‍ സെക്രട്ടറി ഡോ. പ്രകാശ് ഗംഭീര്‍, ഐഎപി സെക്രട്ടറി ഡോ. ഐ റിയാസ്, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. വി എച്ച് ശങ്കര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it