ശിവസേനയ്‌ക്കെതിരേ രൂക്ഷവിമര്‍ശനവുമായി അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: അക്രമമൊഴിവാക്കി സംവാദത്തിന്റെ പാത സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. പ്രതികരിക്കാന്‍ മാന്യമായ രീതി സ്വീകരിക്കണമെന്നും നിലവിലുള്ള രീതി ആശങ്കയുളവാക്കുന്ന തരത്തിലുള്ളതാണെന്നും ബിജെപി നേതാവ് കൂടിയായ ജെയ്റ്റ്‌ലി പറഞ്ഞു. പ്രതിഷേധം രേഖപ്പെടുത്തേണ്ടത് അക്രമങ്ങളിലൂടെയല്ലെന്നും ഇത്തരം രീതികളില്‍ നിന്നു ശരിയായി ചിന്തിക്കുന്ന എല്ലാവരും അകല്‍ച്ച പാലിക്കണമെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.
ശിവസേന, ഹിന്ദുസേന തുടങ്ങിയ വ്യത്യസ്ത ഹിന്ദുത്വ സംഘടനകള്‍ സുധീന്ദ കുല്‍ക്കര്‍ണി, കശ്മീര്‍ എംഎല്‍എ അബ്ദുല്‍ റാഷിദ് എന്നിവര്‍ക്കും ബിസിസിഐ ഓഫിസിനു നേരെയും കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് മോദി സര്‍ക്കാരിലെ മൂന്നാമനെന്ന് അറിയപ്പെടുന്ന ജെയ്റ്റ്‌ലി മൗനം വെടിഞ്ഞിരിക്കുന്നത്. തങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തിനു ഗുണമാണോ ചെയ്യുന്നത്, അതോ ഒരു രാജ്യമെന്ന നിലയ്ക്കുള്ള രാജ്യത്തിന്റെ യശസ്സ് ലോകത്തിനു മുമ്പില്‍ കുറയ്ക്കുകയാണോ ചെയ്യുന്നതെന്ന് ഇത്തരക്കാര്‍ ആത്മവിചാരണ നടത്തണമെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
ഇന്ത്യ പോലൊരു വലിയ രാജ്യത്ത് പല വിഷയങ്ങളിലും വ്യത്യസ്തമായ കാഴ്ചപ്പാടുണ്ടാവുക സ്വാഭാവികമാണെന്നും മന്ത്രി പറഞ്ഞു. വ്യത്യസ്ത സമുദായങ്ങള്‍ക്കിടയിലുള്ള വിഷയമാണെങ്കിലും ജമ്മു-കശ്മീര്‍ പോലുള്ള വൈകാരിക വിഷയമാണെങ്കിലും അഭിപ്രായം പറയാനും പ്രതിഷേധിക്കാനുമുള്ള മാര്‍ഗം മാന്യമായ സംവാദങ്ങളാണ്, അക്രമമല്ലെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.
അതേസമയം, രാജ്യത്ത് വര്‍ധിച്ചുവരുന്ന ഹിന്ദുത്വ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ തിരിച്ചുകൊടുക്കുകയും വ്യത്യസ്ത പദവികള്‍ രാജിവയ്ക്കുകയും ചെയ്ത എഴുത്തുകാരെ നേരത്തേ ജെയ്റ്റ്‌ലി അവഹേളിച്ചിരുന്നു. എഴുത്തുകാര്‍ കൃത്രിമമായ പേപ്പര്‍ വിപ്ലവം നടത്തുകയാണെന്നായിരുന്നു ജെയ്റ്റ്‌ലിയുടെ ആരോപണം.

Next Story

RELATED STORIES

Share it