ശിവസേനയുമായി ഇനി ചര്‍ച്ചയില്ല: ബിജെപി

മുംബൈ: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മഹാരാഷ്ട്രാ നിയമസഭാ തിരഞ്ഞെടുപ്പിലും ശിവസേനയുമായി സഖ്യമുണ്ടാക്കുന്നതിന് ഇനി ചര്‍ച്ച നടത്തില്ലെന്നു ബിജെപി നേതാവും സംസ്ഥാന മന്ത്രിയുമായ സുധീര്‍ മുംഗന്തിവാര്‍.
ശിവേസനയുമായി സഖ്യമുണ്ടാക്കാന്‍ ബിജെപി ശ്രമിച്ചിരുന്നു. എന്നാല്‍ അവരുടെ പക്ഷത്തു നിന്നു പ്രതികരണമൊന്നുമുണ്ടായില്ല. ശിവസേനയുമായി സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കണമെന്നാണു ബിജെപി എപ്പോഴും ആഗ്രഹിച്ചത്. എന്നാല്‍ സേനയില്‍ നിന്നു പ്രതികരണമൊന്നുമില്ലാത്ത സാഹചര്യത്തില്‍ സഖ്യചര്‍ച്ച നിര്‍ത്താനാണു ബിജെപിയുടെ തീരുമാനം. ശിവസേന മുന്‍കൈയെടുക്കുന്നതു വരെ ഇക്കാര്യത്തില്‍ ബിജെപി നീക്കമൊന്നുമുണ്ടാവില്ല- മുംഗന്തിവാര്‍ പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്നു ശിവസേന കഴിഞ്ഞ ജനുവരിയില്‍ പ്രഖ്യാപിച്ചിരുന്നു. ഹിന്ദു വോട്ട് ഒന്നിച്ചുനിര്‍ത്താന്‍ വേണ്ടിയാണു തങ്ങള്‍ മഹാരാഷ്ട്രയ്ക്കു പുറത്തു മല്‍സരിക്കാത്തതെന്നും എന്നാല്‍ ആ നിലപാട് ഇനി തുടരില്ലെന്നും ശിവസേന വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞമാസം മുംഗന്തിവാറും ശിവസേനാ നേതാവ് ഉദ്ദവ് താക്കറെയും തമ്മില്‍ രണ്ടുതവണ കൂടിക്കാഴ്ച പ്രഖ്യാപിച്ചിരുന്നുവെങ്കിലും അവ യാഥാര്‍ഥ്യമായില്ല.മഹാരാഷ്ട്രയില്‍ രണ്ടു ലോക്‌സഭാ സീറ്റിലും ഒരു നിയമസഭാ മണ്ഡലത്തിലും മെയ് 28ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിലും ഇരുപാര്‍ട്ടികളും തമ്മില്‍ സഖ്യമില്ല. സേന മുന്‍കൈയെടുത്താല്‍ സഖ്യത്തിനൊരുക്കമാണെന്നു മുംഗന്തിവാര്‍ പറഞ്ഞു. മറിച്ചാണെങ്കില്‍ തനിച്ചു മല്‍സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it