Flash News

ശിവശക്തി യോഗാ കേന്ദ്രത്തിനെതിരായ കേസ് പോലിസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ; ശ്വേത ഡിജിപിക്ക് പരാതി നല്‍കി



കൊച്ചി: തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗാ കേന്ദ്രത്തിലെ പീഡനം സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും പോലിസ് നിസ്സാര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും കേസ് അട്ടിമറിക്കാന്‍ പോലിസ് ശ്രമിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശിനി ശ്വേത ഡിജിപിക്ക് പരാതി നല്‍കി. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ മറ്റു മതങ്ങളെക്കുറിച്ചുള്ള ക്ലാസുകളാണ് ഈ സ്ഥാപനത്തില്‍ നടന്നിരുന്നത്. ഇതു പരാതിയില്‍ ഉന്നയിച്ചിരുന്നെങ്കിലും ഐപിസി 153 എ വകുപ്പ് പ്രകാരം കേസെടുത്തിട്ടില്ല. ഈ വകുപ്പ് ഒഴിവാക്കിയാണ് പ്രഥമ വിവര റിപോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. തൃപ്പൂണിത്തുറ ഹില്‍പാലസ് സിഐയുടെ നിര്‍ദേശപ്രകാരം എസ്‌ഐയ്ക്കാണ് പരാതി നല്‍കിയത്. സിവില്‍ പോലിസ് ഓഫിസര്‍ പ്രഥമ വിവരങ്ങള്‍ ശേഖരിച്ചെങ്കിലും എഫ്‌ഐ ആറില്‍ നിന്ന് പ്രധാന വകുപ്പ് ഒഴിവാക്കി. കൂടാതെ യോഗാ സെന്ററിലെ കോ-ഓഡിനേറ്റര്‍ ശ്രുതിക്കെതിരേ താന്‍ മൊഴി നല്‍കിയിരുന്നു. ഇവര്‍ക്ക് കുറ്റകൃത്യത്തില്‍ മറ്റു പ്രതികളുടേതിന് സമാനമായ പങ്കാളിത്തമാണുള്ളത്. യോഗാ സെന്ററിലെത്തുന്ന പെണ്‍കുട്ടികളെ ഇവര്‍ ഉപദ്രവിച്ചിരുന്നു. കഴിഞ്ഞ മാസം 29ന് താന്‍ ഇവര്‍ക്കെതിരേ മൊഴി നല്‍കിയെങ്കിലും പോലിസ് കേസെടുത്തിട്ടില്ല. കൂടാതെ കണ്ണൂര്‍ അഴീക്കലിലുള്ള മറ്റൊരു പെണ്‍കുട്ടി താന്‍ പീഡനത്തിനിരയായ വിവരം വെളിപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച് പോലിസ് ഈ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയോ കേസെടുക്കുകയോ ചെയ്തിട്ടില്ലെന്നും ശ്വേത ഡിജിപിക്കു നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവം സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷണം നടത്തണമെന്നും ശ്വേത പരാതിയില്‍ ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it