kozhikode local

ശിലാഫലകങ്ങള്‍ പറിച്ചുമാറ്റി

വാണിമേല്‍: ഭൂമിവാതുക്കല്‍-പാക്കോയി റോഡിന്റെ പണിക്ക് തടസ്സമായി നില്‍ക്കുന്നത് ഗ്രാമപഞ്ചായത്ത് ഭരണസമിതിയാണെന്നാരോപിച്ച് പഞ്ചായത്ത് സ്ഥാപിച്ച ശിലാഫലകങ്ങള്‍ പറിച്ചു മാറ്റി. വാണിമേല്‍ 15ാം വാര്‍ഡില്‍ സ്ഥാപിച്ച മൂന്ന് ശിലാഫലകങ്ങളാണ് ഒരു വിഭാഗം ആളുകള്‍ പറിച്ചു മാറ്റിയത്. ഫണ്ടനുവദിച്ച് മാസങ്ങളായിട്ടും റോഡിന്റെ പണി നടത്താന്‍ പഞ്ചായത്ത് ഭരണസമിതി നടപടിയെടുക്കുന്നില്ലെന്നാണ് ഇവരുടെ പരാതി.  കുറ്റിയില്‍ പീടിക മുതല്‍ മാമ്പിലാക്കൂല്‍ പള്ളി വരെ സ്ഥാപിച്ച വിവിധ പഞ്ചായത്ത് പ്രവര്‍ത്തികളുടെ ശിലാഫലകങ്ങളാണ് നീക്കം ചെയ്തത്.  പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത ഭൂമിവാതുക്കല്‍-പാക്കോയി റോഡിന് ഇരുപത് ലക്ഷം രൂപ അനുവദിച്ചിരുന്നു.
എന്നാല്‍ യഥാര്‍ഥ റോഡിലല്ല പണി നടക്കുന്നതെന്നാരോപിച്ച് നേരത്തെ ഒരു വിഭാഗം ആളുകള്‍ രംഗത്ത് വന്നതിനെ തുടര്‍ന്ന് പണി നിലച്ചിരുന്നു. വാണിമേല്‍  നരിപ്പറ്റ പഞ്ചായത്തിലെ ജനപ്രതിനിധികള്‍ തമ്മില്‍ ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കണമെന്ന് ഇ കെ വിജയന്‍ എംഎല്‍എ നിര്‍ദേശിച്ചിരുന്നു. എന്നിട്ടും പഞ്ചായത്ത് നേതൃത്വം പണി നടത്താനാവശ്യമായ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഒരു സംഘമാളുകള്‍ കഴിഞ്ഞ ദിവസം ശിലാഫലകങ്ങള്‍ നീക്കം ചെയ്തത്. നാടിന്റെ വികസനത്തിന് തടസ്സം നില്‍ക്കുന്നവരുടെ പേരുകള്‍ റോഡരികില്‍  സ്ഥാപിക്കേണ്ടെന്നാണ് ശിലാഫലകം നീക്കം ചെയ്തവരുടെ പക്ഷം.
Next Story

RELATED STORIES

Share it