ശിരോവസ്ത്രം ധരിച്ച യുവതിയെ യുഎസ് വിമാനത്തില്‍ നിന്ന് പുറത്താക്കി

വാഷിങ്ടണ്‍: അമേരിക്കയില്‍ ഹിജാബ് ധരിച്ച യുവതിയെ വിമാനത്തില്‍നിന്നു പുറത്താക്കിയെന്നു പരാതി. മെറിലാന്റ് സ്വദേശിനി ഹക്കീമ അബ്ദുല്ലയാണ് സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സിനെതിരേ ആരോപണവുമായി രംഗത്തെത്തിയത്. ഷിക്കാഗോയില്‍നിന്ന് സിയാറ്റിലിലേക്കുള്ള വിമാനത്തിലെ ജീവനക്കാര്‍ ആദ്യം സീറ്റ് മാറിയിരിക്കാന്‍ നിര്‍ദേശിച്ചു. പിന്നീട് കാരണം വ്യക്തമാക്കാതെ വിമാനത്തില്‍നിന്നു പുറത്താക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ടെര്‍മിനലിലെത്തിച്ച ഇവര്‍ക്ക് ഏറെനേരം കാത്തിരുന്ന ശേഷമാണ് അടുത്ത വിമാനത്തില്‍ യാത്ര തുടരാനായത്.
യാത്രക്കാരിയെ പുറത്താക്കിയതിന്റെ കാരണം പോലിസ് തിരക്കിയെങ്കിലും വിമാനക്കമ്പനി ഉദ്യോഗസ്ഥര്‍ വ്യക്തമായ മറുപടി നല്‍കിയില്ല. എന്നാല്‍, ചട്ടപ്രകാരമാണ് തങ്ങളുടെ ജീവനക്കാര്‍ പ്രവര്‍ത്തിച്ചതെന്നും യാതൊരു കാരണവുമില്ലാതെ യാത്രക്കാരെ പുറത്താക്കുന്ന രീതി തങ്ങള്‍ക്കില്ലെന്നും സൗത്ത്-വെസ്റ്റ് എയര്‍ലൈന്‍സ് വക്താവ് വിശദീകരിച്ചു. എന്നാല്‍, മുസ്‌ലിമായതിന്റെ പേരിലാണ് ഇത്തരമൊരു ദുരനുഭവമുണ്ടായതെന്ന് ഹക്കീമയും ഭര്‍ത്താവും ആരോപിച്ചു.
ഒരു മാസത്തിനിടെ സമാനരീതിയില്‍ മറ്റൊരു യാത്രക്കാരനെയും സൗത്ത്-വെസ്റ്റ് എയര്‍ലൈന്‍സില്‍നിന്ന് പുറത്താക്കിയിരുന്നു. അറബി സംസാരിക്കുന്നതു കേട്ട സഹയാത്രികന്‍ പരാതിപ്പെട്ടതിനു പിന്നാലെ ഒരു ഇറാഖി യാത്രക്കാരനെയാണ് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് വിമാനത്തില്‍നിന്ന് പുറത്താക്കിയത്.
Next Story

RELATED STORIES

Share it