palakkad local

ശിരുവാണി ഡാം കരാര്‍ നിയമനം; ആദിവാസികളെ തഴയുന്നതായി ആരോപണം

മണ്ണാര്‍ക്കാട്: ഇറിഗേഷന്‍ വകുപ്പിന്റെ ശിരുവാണി ഡാമില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതില്‍ നിന്നും പരിസരവാസികളായ ആദിവാസികളെ തഴയുന്നതായി ആക്ഷേപം. ശിരുവാണി ഡാം നിര്‍മാണത്തിനുവേണ്ടി 40 വര്‍ഷം മുമ്പ് പദ്ധതി പ്രദേശത്ത് നിന്നും മാറ്റി പാര്‍പ്പിച്ച ആദിവാസികളെയാണ് വാഗ്ദാനങ്ങള്‍ ലംഘിച്ച് നിയമനങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുന്നതായി ആക്ഷേപം ശക്തമായിട്ടുണ്ട്. ഡാമിന് സമീപം ശിങ്കമ്പാറ കോളനിയില്‍ താമസിക്കുന്ന ആദിവാസികള്‍ ഡാമിലെ ചെറിയ ജോലികള്‍ ചെയ്താണ് ഉപജീവനം നടത്തുന്നത്. നിലവില്‍ ഡാമിലെ വിവിധ ജോലികള്‍ക്കായി ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ ആദിവാസികള്‍ക്ക് മുന്‍ഗണന നല്‍കണമെന്നാണ് ധാരണയെങ്കിലും ചില ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരുടേയും വകുപ്പുമായി ബന്ധപ്പെട്ട ചില രാഷ്ട്രീയ നേതാക്കന്‍മാരുടെയും താല്‍പ്പര്യപ്രകാരം മറ്റുളളവര്‍ക്ക് അവസരം നല്‍കിയിരിക്കുകയാണ്. 15 ഓളം ഒഴിവുകളിലേക്ക് നിലവില്‍ ഒരു ആദിവാസിയെയാണ് പരിഗണിച്ചിരിക്കുന്നത്. അതാകട്ടെ ശിങ്കമ്പാറ ഊരില്‍ നിന്നുളള ആളുമല്ല. നിയമനത്തിന് കോഴ വാങ്ങുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇത്തരത്തിലുള്ള നീക്കമുണ്ടായതിനെ തുടര്‍ന്ന് ശക്തമായ പ്രതിഷേധമുണ്ടായിരുന്നു. ശിരുവാണി ഡാമും പരിസര പ്രദേശങ്ങളും വ്യക്തമായി അറിയാവുന്നവരാണ് ശിങ്കമ്പാറയിലെ ആദിവാസികള്‍. ഡാമിന്റെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റുളളവരെക്കാള്‍ ഏറ്റവും അനുയോജ്യരായവര്‍ കോളനി വാസികളാണെന്നും ചൂണ്ടികാണിക്കപ്പെടുന്നു. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെയാണ് നിലവിലെ നിയമന പ്രക്രിയകളുമായി ബന്ധപ്പെട്ടവര്‍ മുന്നോട്ടുപോവുന്നത്.
Next Story

RELATED STORIES

Share it