ശിക്ഷാ ഇളവ്: ടി പി വധക്കേസ് പ്രതികളെ ഒഴിവാക്കി ഗവര്‍ണര്‍ക്ക് പുതിയ പട്ടിക കൈമാറി

തിരുവനന്തപുരം: ശിക്ഷാ ഇളവിന് അര്‍ഹതയുള്ള തടവുകാരുടെ പട്ടികയില്‍ നിന്നു ടി പി വധക്കേസ് പ്രതികളെ ഒഴിവാക്കി ഗവര്‍ണര്‍ക്ക് പുതിയ പട്ടിക സര്‍ക്കാര്‍ കൈമാറി. 740 പേരാണ് പുതിയ പട്ടികയിലുള്ളത്. പട്ടിക ഗവര്‍ണറുടെ പരിഗണനയിലാണ്. ഗവര്‍ണര്‍ പട്ടിക അംഗീകരിച്ചാല്‍ തടവുകാരുടെ ശിക്ഷ പൂര്‍ത്തിയായതായി കണക്കാക്കി ഇവര്‍ ജയില്‍മോചിതരാവും.
നിയമ സെക്രട്ടറി ബി ജി ഹരീന്ദ്രനാഥിന്റെ നേതൃത്വത്തില്‍ മൂന്നംഗ കമ്മിറ്റിയാണ് 740 പേരുടെ പുതിയ പട്ടിക തയ്യാറാക്കിയത്. കമ്മിറ്റി തയ്യാറാക്കിയ ലിസ്റ്റ് നിയമ മന്ത്രി എ കെ ബാലന്‍ അധ്യക്ഷനായ കമ്മിറ്റി പരിശോധിച്ച് അംഗീകാരം നല്‍കിയിരുന്നു. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, മാത്യു ടി തോമസ്, കടന്നപ്പള്ളി രാമചന്ദ്രന്‍, തോമസ് ചാണ്ടി എന്നിവരായിരുന്നു കമ്മിറ്റിയിലെ അംഗങ്ങള്‍. കൊലപാതകം, ലൈംഗിക പീഡനം, മയക്കുമരുന്ന് കേസുകളിലെ പ്രതികളെ പുതിയ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായാണ് അറിവ്.
നേരത്തെ ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാമും ടി പി വധക്കേസിലെ പ്രതികളും ഉള്‍പ്പെടെയുള്ള 1850 പേര്‍ക്കു ശിക്ഷാ ഇളവ് നല്‍കാനായി ജയില്‍വകുപ്പ് തയ്യാറാക്കിയ പട്ടിക വിവാദമായിരുന്നു. തുടര്‍ന്നു സര്‍ക്കാര്‍ നല്‍കിയ ഈ പട്ടിക ഗവര്‍ണര്‍ പി സദാശിവം തിരിച്ച് അയച്ചിരുന്നു. ടി പി കേസിലെ പ്രതികളായ കൊടി സുനി, കെ സി രാമചന്ദ്രന്‍, പി കെ കുഞ്ഞനന്തന്‍, അണ്ണന്‍ സിജിത്ത്, റഫീഖ്, അനൂപ്, മനോജ്കുമാര്‍, രജീഷ്, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരുടെ പേരുകള്‍ പുതിയ പട്ടികയിലില്ല.
ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിനെയും പരോള്‍ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ ശിക്ഷാ ഇളവിനു പരിഗണിക്കാനായി തടവുകാരിലെ മര്യാദക്കാരയ 2262 പേരുടെ പട്ടികയാണു ജയില്‍ എഡിജിപിയായിരുന്ന അനില്‍കാന്ത് ആഭ്യന്തര വകുപ്പിനു കൈമാറിയത്.
പിന്നാലെ, സുപ്രിംകോടതി മാനദണ്ഡ പ്രകാരം ഇവരില്‍ നിന്നു യോഗ്യരായവരെ തിരഞ്ഞെടുക്കാന്‍ സര്‍ക്കാര്‍ മൂന്നംഗ ഉപസമിതിയെ നിയോഗിച്ചു. തുടര്‍ന്ന് 1700 പേരുടെ പട്ടികയാണ് ഉപസമിതി തയ്യാറാക്കിയത്. നേരത്തെ സമര്‍പ്പിച്ച പട്ടികയില്‍ കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ മണിച്ചന്‍, ഗുണ്ടാ നേതാവ് ഓംപ്രകാശ്, കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ എന്നിവരുടെ പേരും പട്ടികയില്‍ ഉണ്ടായിരുന്നു. പുതിയ ലിസ്റ്റില്‍ ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നു വ്യക്തമല്ല.
Next Story

RELATED STORIES

Share it