thiruvananthapuram local

ശിക്ഷാവിധിയെ സ്വാഗതം ചെയ്ത് ഐടി നഗരവും ടെക്കികളും

കഴക്കൂട്ടം: നാടിനെ ഞെട്ടിച്ച ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകത്തിന്റെ ശിക്ഷാവിധിയെ സ്വാഗതം ചെയ്ത് ഐടി നഗരവും ടെക്കികളും. കൊല നടത്തിയ നിനോ മാത്യുവിന് വധശിക്ഷയും 63.5 ലക്ഷം രൂപ പിഴയും അനുശാന്തിക്ക് ഇരട്ട ജീവപര്യന്തവും കഠിനതടവും 63.5 ലക്ഷം രൂപയും വിധിച്ച കോടതിവിധിയെയാണ് ടെക്‌നോപാര്‍ക്കിലെ മുഴുവന്‍ ജീവനക്കാരും ഒറ്റക്കെട്ടായി സ്വാഗതം ചെയ്തത്.
ടെക്‌നോപാര്‍ക്കിലെ ഡയമെന്‍ഷ്യല്‍ എന്ന ഐടി സ്ഥാപനത്തിലെ പ്രോജക്ട് മാനേജറായ നിനോ മാത്യുവും ടീം ലീഡറായ അനുശാന്തിയും കാമപൂര്‍ത്തീകരണത്തിനായി നടത്തിയ അരുംകൊല മനസ്സാക്ഷിയെ ഞെട്ടിക്കുന്നതും തങ്ങളെ മൊത്തം മോശമാക്കുന്നതുമാണെന്ന് ടെക്കികള്‍ പറയുന്നു.
കോടതി പ്രതികള്‍ക്ക് നല്‍കിയ വിധിയില്‍ യാതൊരു വിഷമവുമിെല്ലന്നും ഇതിലും കൂടുതലാണ് വേണ്ടിയിരുന്നതെന്നുമാണ് ടെക്‌നോപാര്‍ക്കിലെ യുഎസ്ടി കമ്പനിയിലെ ചില ജീവനക്കാര്‍ പറയുന്നത്. 2014 ഏപ്രില്‍ 16ന് ഉച്ചക്ക് 12.30ന് ആലംകോട്ടെ വീട്ടില്‍ അരങ്ങേറിയ അരുംകൊല ഇന്നും ടെക്കികളില്‍ ഉണ്ടാക്കിയ നെഞ്ചിടിപ്പ് മാറിയിട്ടില്ല.
നാലുവയസ്സുകാരിയായ സ്വന്തം മകളെയും ഭര്‍തൃമാതാവിനെയും നിഷ്ഠുരമായി കൊലപ്പെടുത്തിയ പ്രതികള്‍ക്കെതിരെ ടെക്‌നോപാര്‍ക്കില്‍ വന്‍ പ്രതിഷേധം ഉടലെടുത്തിരുന്നു.
കൊല നടന്ന് രണ്ടു ദിവസത്തിനു ശേഷം തെളിവെടുപ്പിനായി പാര്‍ക്കിനുള്ളിലെ ഡയമെന്‍ഷ്യല്‍ കമ്പനിയിലെത്തിച്ച പ്രതി നിനോക്കെതിരേ ടെക്കികള്‍ നടത്തിയ പ്രതിഷേധവും തുടര്‍ന്നു നടന്ന കൈയേറ്റവും വാര്‍ത്തയായിരുന്നു. ഇതേ സമീപനം തന്നെയായിരുന്നു ഇന്നലെ കോടതി വിധി വന്ന ശേഷവും ടെക്‌നോപാര്‍ക്ക് കാംപസിലുണ്ടായത്.
ഇത്തരം ക്രൂരകൃത്യങ്ങള്‍ ടെക്‌നോപാര്‍ക്കിലെ ജീവനക്കാരില്‍ നിന്ന് ഇനി ഉണ്ടാവാതിരിക്കട്ടെയെന്ന പ്രാര്‍ഥനയിലാണ് തങ്ങളെന്ന് യുവടെക്കികള്‍ പറയുന്നു.
Next Story

RELATED STORIES

Share it