ശിക്ഷാവിധിക്ക് ബലമേകിയത് ആര്‍എസ്എസുകാരുടെ മൊഴി

കണ്ണൂര്‍: നാറാത്ത് തണല്‍ ചാരിറ്റബ്ള്‍ ട്രസ്റ്റിനു കീഴിലുള്ള കെട്ടിടത്തില്‍ ആയുധപരിശീലനം നടത്തിയെന്ന കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ വാദത്തിനും കോടതിയുടെ ശിക്ഷാവിധിക്കും ബലമേകിയത് സാക്ഷിപ്പട്ടികയിലെ ആര്‍എസ്എസ് നേതാക്കളുടെയും സഹയാത്രികരുടെയും മൊഴി. നിരവധി വീടുകള്‍ക്കിടയിലുള്ള കെട്ടിടത്തില്‍ ആയുധപരിശീലനം നടത്തിയെന്ന കേസിലാണ് പോലിസിന്റെയും എന്‍ഐഎയുടെയും വാദങ്ങള്‍ അതേപടി ആര്‍എസ്എസ് നേതാക്കള്‍ കോടതിയില്‍ ആവര്‍ത്തിച്ചത്.
കെട്ടിടത്തിനു ചുറ്റുമുള്ള വീട്ടുകാരെയും സ്‌കൂള്‍ അധികൃതരെയും സാക്ഷിപ്പട്ടികയില്‍ നിന്നൊഴിവാക്കി, കിലോമീറ്റര്‍ അകലെയുള്ള ആര്‍എസ്എസ്-ബിജെപി നേതാക്കളെയും പ്രവര്‍ത്തകെരയും സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ആകെ 56 സാക്ഷികളില്‍ 26 പേരെയാണ് കോടതി വിസ്തരിച്ചത്. ഇതില്‍ എട്ടുപേര്‍ കേരള പോലിസിന്റെയും എന്‍ഐഎയുടെയും ഉദ്യോഗസ്ഥരാണ്. വൈദ്യപരിശോധന നടത്തിയ ഡോക്ടര്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ 10 പേരുണ്ട്. മുസ്‌ലിംലീഗ്, എംഎസ്എഫ് പ്രവര്‍ത്തകരായ അഞ്ചുപേരും ആര്‍എസ്എസുകാരായ മൂന്നുപേരുമാണ് മറ്റുള്ളവര്‍. ഇവരെല്ലാം കെട്ടിടത്തിനു 100 മീറ്റര്‍ ചുറ്റളവിലുള്ളവരല്ല. പ്രോസിക്യൂഷന്‍ സാക്ഷികളില്‍ രണ്ടാമത്തെയാളായ കെ എന്‍ നാരായണന്‍ മാസ്റ്റര്‍ ആര്‍എസ്എസിന്റെ ജില്ലാ നേതാവാണ്. മുന്‍ ജില്ലാ ബൗദ്ധിക് പ്രമുഖായും ഇപ്പോള്‍ സംഘപരിവാര സംഘടനയായ സര്‍വീസ് പെന്‍ഷനേഴ്‌സ് സംഘിന്റെ ഭാരവാഹിയുമായും പ്രവര്‍ത്തിക്കുന്നുണ്ട്.
സേവാഭാരതി ഉള്‍പ്പെടെയുള്ള സംഘപരിവാര പ്രസ്ഥാനങ്ങളില്‍ സജീവമായിരുന്ന പി സി ഹരീഷ്, ബിജെപി മുന്‍ മണ്ഡലം ഭാരവാഹികൂടിയായ എം പി മുരളീധരന്‍ എന്നിവരാണ് പ്രോസിക്യൂഷന് അനുകൂല മൊഴി നല്‍കിയ മറ്റ് സാക്ഷികള്‍. മൂവരും സംഭവസ്ഥലത്തുനിന്ന് കിലോമീറ്ററുകള്‍ അകലെയുള്ളവരാണ്. മയ്യില്‍ പോലിസിന്റെ ജീപ്പ് വരുന്നതുകണ്ട് സ്ഥലത്തെത്തിയപ്പോഴാണ് കെട്ടിടത്തില്‍നിന്നു യുവാക്കളെ ആയുധസഹിതം പിടികൂടുന്നത് കണ്ടതെന്നാണ് നാരായണന്റെയും ഹരീഷിന്റെയും മൊഴി.
Next Story

RELATED STORIES

Share it