Alappuzha local

ശാസ്ത്ര-സാങ്കേതിക വളര്‍ച്ചയ്ക്ക് അടിത്തറയിട്ടത് പണ്ഡിറ്റ്ജി: മന്ത്രി

ആലപ്പുഴ: സ്വതന്ത്ര ഇന്ത്യയുടെ ശാസ്ത്ര-സാങ്കേതിക-സാമ്പത്തിക മേഖലയുടെ സമഗ്ര പുരോഗതിക്ക് അടിസ്ഥാനമിട്ടത് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ദീര്‍ഘ വീക്ഷണമായിരുന്നെന്ന് സാംസ്‌കാരിക മന്ത്രി കെ സി ജോസഫ് പറഞ്ഞു.
ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 125-ാം ജന്മവാര്‍ഷികത്തിന്റെ സമാപനത്തോടനുബന്ധിച്ച് സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടും സാംസ്‌കാരിക വകുപ്പും ആലപ്പുഴ വൈഎംസിഎ ഹാളില്‍ സംഘടിപ്പിച്ച ചാച്ചാജി ബാലസാഹിത്യ സംഗമവും പുസ്തക പ്രകാശനച്ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സ്വാതന്ത്ര്യം നേടുമ്പോള്‍ വര്‍ഗീയ കലാപങ്ങള്‍ കൊണ്ടും ദാരിന്ത്ര്യം കൊണ്ടും ഏറെ ബുദ്ധിമുട്ടുകളിലൂടെയാണ് ഇന്ത്യ കടന്നുപോയത്. പണ്ഡിറ്റ്ജി പുതിയ ഇന്ത്യയുടെ വികസനത്തിന് പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഭാരതം എണ്ണപ്പെട്ട സാമ്പത്തിക ശക്തിയായി മാറുന്നതിനും ചന്ദ്രയാന്‍ ഉള്‍പ്പടെയുള്ള ശാസ്ത്ര നേട്ടങ്ങള്‍ക്കും കാരണമായത് നെഹ്‌റുവിന്റെ നയങ്ങളാണ്.
ആരെല്ലാം ശ്രമിച്ചാലും നമ്മുടെ മതേതരത്വമൂല്യങ്ങള്‍ക്കും സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകള്‍ക്കും നെഹ്‌റുവിന്റെ സംഭാവനകള്‍ വിസ്മരിക്കാനാവില്ല. അക്ഷരയാത്രയുള്‍പ്പടെയുള്ള നൂതന പരിപാടികളിലൂടെ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് സ്തുത്യര്‍ഹമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് കുട്ടികള്‍ക്കായി തയ്യാറാക്കിയ 25 പുസ്തകങ്ങളുടെ പ്രകാശനവും മന്ത്രി ചടങ്ങില്‍ നിര്‍വഹിച്ചു
ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. നെടുമുടി ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ഡി സുഗതന്‍, ഉല്ലല ബാബു, വയലാര്‍ ഗോപാലകൃഷ്ണന്‍, സെബാസ്റ്റ്യന്‍ പള്ളിത്തോട്, ബാബുകണ്ടനാട്, എം ചന്ദ്രപ്രകാശ്, പി ജി മോഹനനാഥന്‍ നായര്‍ സംസാരിച്ചു.തുടര്‍ന്ന് കല്ലേലി രാഘവന്‍പിള്ള നെഹ്‌റു സിംമ്പോസിയം നയിച്ചു.
ഇന്ന് രാവിലെ 10ന് ഹൈസ്‌ക്കൂള്‍/ഹയര്‍സെക്കന്ററി വിഭാഗം പ്രശ്‌നോത്തരിയും തുടര്‍ന്ന് നെഹ്‌റുവും ദേശീയ സ്വാതന്ത്ര്യസമരവും എന്ന വിഷയത്തില്‍ പ്രഭാഷണവും 12ന് സമാപന സമ്മേളനവും നടക്കും.
Next Story

RELATED STORIES

Share it