kozhikode local

ശാസ്ത്രമേള: സെര്‍വര്‍ പണിമുടക്കി ; അന്തിമ ഫലപ്രഖ്യാപനം മുടങ്ങി



കോഴിക്കോട്: റവന്യൂ ജില്ലാ ശാസ്ത്രമേളയ്ക്ക് കല്ലുകടിയോടെ പരിസമാപ്തി. സെര്‍വര്‍ തകരാറിനെത്തുടര്‍ന്ന് സമാപന ദിവസവും മിക്ക വിഭാഗങ്ങളിലെയും ഫലങ്ങളും ഓവര്‍റോള്‍ ചാംപ്യന്‍ഷിപ്പ് അടക്കമുള്ള കീരിടങ്ങളുടെ ഫല  പ്രഖ്യാപനവും നടത്താനായില്ല. ഇതോടെ ഫലം  പ്രഖ്യാപിച്ച  ഇനങ്ങളിലെ ജേതാക്കള്‍ക്ക് മാത്രമേ ഇന്നലെ സമ്മാനങ്ങള്‍ വിതരണം ചെയ്തുള്ളൂ. ഇത് വരെ പ്രസിദ്ധീകരിച്ച ഫലത്തില്‍ യുപി വിഭാഗം ഐടി മേളയില്‍ മുക്കം ഉപജില്ലാ ഓവറോള്‍ ചാംപ്യന്മാരായി. ചേവായൂര്‍ ് ഉപ ജില്ലയ്ക്കാണ് രണ്ടാംസ്ഥാനം. 17 ഉപജില്ലകളാണ് ഐടി മേളയില്‍ പങ്കെടുത്തത്.എല്‍പി വിഭാഗം സാമൂഹ്യ ശാസ്ത്ര മേളയില്‍ 43 പോയിന്റോടെ ബാലുശ്ശേരി ഉപജില്ല ഒന്നാം സ്ഥാനവും 41 പോയിന്റുമായി പേരാമ്പ്ര രണ്ടാംസ്ഥാനവും നേടി. യുപി വിഭാഗത്തില്‍ 38 പോയിന്റോടെ ഫറോക്ക് ഉപജില്ലയും 35 പോയിന്റോടെ കുന്ദമംഗലവും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍15 പോയിന്റ്റോടെ തോടന്നൂരും എച്ച്എസ്എസ്, വിഎച്ച്എസ് വിഭാഗത്തില്‍ 16 പോയിന്റോടെ കോഴിക്കോട് റൂറല്‍ ഉപജില്ലയുമാണ് മുന്നിട്ടു നില്‍ക്കുന്നത്. എല്‍പി വിഭാഗം ഗണിത ശാസ്ത്രമേളയില്‍ 33 പോയിന്റോടെ വടകര ഉപജില്ല ഒന്നാം സ്ഥാനവും 31 പോയിന്റോടെ മേലടി ഉപജില്ല രണ്ടാം സ്ഥാവും  കരസ്ഥമാക്കി. യുപി വിഭാഗത്തില്‍ 49 പോയിന്റുകളോടെ തോടന്നൂര്‍, പേരാമ്പ്ര ഉപജില്ലകള്‍ ഒന്നാംസ്ഥാനം നേടി. 46 പോയിന്റോടെ മേലടി രണ്ടാം സ്ഥാനത്തെത്തി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 109 പോയിന്റോടെ തോടന്നൂര്‍ ഉപജില്ല ചാംപ്യന്‍ഷിപ്പും 106 പോയിന്റുകളോടെ പേരാമ്പ്ര രണ്ടാംസ്ഥാനവും നേടി. ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ വിഭാഗങ്ങളില്‍ മേലടി, കോഴിക്കോട് സിറ്റി ഉപജില്ലകള്‍ 27 പോയിന്റോടെ മുന്നേറ്റുകയാണ്. യുപി വിഭാഗം ശാസ്ത്രമേളയില്‍ 44 പോയിന്റുകളോടെ തോടന്നൂര്‍ ഉപജില്ല മുന്നേറുകയാണ്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 42 പോയിന്റോടെ കോഴിക്കോട് സിറ്റി, ബാലുശ്ശേരി, നാദാപുരം ഉപജില്ലകളാണ് മുന്നിട്ടുനില്‍ക്കുന്നത്. എല്‍പി വിഭാഗം പ്രവൃത്തിപരിചയ മേളയില്‍ വടകര, തോടന്നൂര്‍, ചോമ്പാല, മേലടി, കോഴിക്കോട് റൂറല്‍, ബാലുശ്ശേരി ഉപജില്ലകള്‍ 24 പോയിന്റോടെ മുന്നേറുകയാണ് . യുപി വിഭാഗില്‍ തോടന്നൂര്‍, വടകര, കൊയിലാണ്ടി, പേരാമ്പ്ര, സിറ്റി, റൂറല്‍, മുക്കം, ചോമ്പാല, ബാലുശ്ശേരി, നാദാപുരം എന്നീ ഉപജില്ലകള്‍ 24 ഒപ്പത്തിനൊപ്പമാണുള്ളത് . ഇരുവിഭാഗത്തിലും ശേഷിക്കുന്ന മല്‍സരം ഇന്ന്  നടക്കും.   ഐടി അറ്റ് സ്‌കൂള്‍ സര്‍വര്‍ തകരാര്‍ പരിഹരിക്കാത്തത് കാരണമാണ്  അവസാന ദിവസം ശാസ്ത്രമേളയില്‍ ഫലം  പ്രഖ്യാപിക്കാനാവാതിരുന്നത് . ചൊവാഴ്ച വൈകീട്ടോടെ തന്നെ  സര്‍വര്‍ തകരാറിലായിരുന്നു.  ഇതോടെ വിവിധ  സബ്ബ് ജില്ലകള്‍ നേടിയ പോയന്റ് നിലയടക്കമുളള വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ സാധിച്ചില്ല. സംഘാടകരുടെ ഉദാസീനതയാണ് ഫലപ്രഖ്യാപനം മുടങ്ങാന്‍  കാരണമെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it