Kollam Local

ശാസ്താംകോട്ട തടാക സംരക്ഷണ പദ്ധതികള്‍ എങ്ങുമെത്തിയില്ല

മുളവൂര്‍ സതീഷ്
ശാസ്താംകോട്ട:ആര്‍ത്തിപൂണ്ട മനുഷ്യന്റെ ദുഷ്‌ചെയ്തികളും കൊടും വരള്‍ച്ചയും മൂലം നാശോല്‍മുഖമായ ശാസ്താംകോട്ട തടാകത്തിന്റെ സംരക്ഷണ പദ്ധതികള്‍ എങ്ങുമെത്തിയില്ല.
ഇതോടെ തടാകത്തിന്റെ നിലനില്‍പ്പ് തന്നെ അപകടകരമായ നിലയിലേക്ക് നീങ്ങുന്നു.കൊല്ലം നഗരത്തിന് ഉള്‍പ്പടെയുള്ള ജില്ലയിലെ പത്ത് ലക്ഷത്തോളം ജനങ്ങള്‍ക്ക് ജീവജലം നല്‍കുന്നത് ശാസ്താംകോട്ട തടാകത്തില്‍ നിന്നാണ്. എന്നിട്ടും തടാകത്തിന്റെ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ അധികാരികള്‍ കാട്ടുന്ന നിസംഗതയ്ക്ക് എതിരേ ഇനി എന്ത്‌ചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് ഒരുപറ്റം തടാകസംരക്ഷണ പ്രവര്‍ത്തകരും പൊതുജനങ്ങളും.
പതിറ്റാണ്ടുകളോളം നീണ്ടുനിന്ന ജനകീയ സമരങ്ങള്‍ക്കൊടുവിലാണ് 2013ല്‍ സംരക്ഷണത്തിന് പ്രത്യക്ഷമായ പ്രഖ്യാപനം ഉണ്ടായത്.
അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി 56 കോടി രൂപയുടെ വിവിധ പദ്ധതികളാണ് പ്രഖ്യാപിച്ചത്. തടാകത്തില്‍ നിന്നുള്ള അമിത ജലചൂഷണം ഒഴിവാക്കുന്നതിന് കല്ലടയാറ്റില്‍ കടപുഴയിലും പള്ളിക്കലാറ്റില്‍ കന്നേറ്റിയിലും വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിച്ച് കൊല്ലത്തേക്കും ചവറ-പന്മന മേഖലകളിലേക്കും വെള്ളമെത്തിക്കുമെന്നായിരുന്നു പ്രധാന പ്രഖ്യാപനം.
ഇതിന് വേണ്ടി കടപുഴയില്‍ നിന്ന് ശാസ്താംകോട്ടയിലേക്ക് വെള്ളമെത്തിക്കാന്‍ പൈപ്പുകള്‍ സ്ഥാപിച്ചെങ്കിലും തടയണ കെട്ടുന്നത് സംബന്ധിച്ച് ചില കോണുകളില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നതിനാല്‍ ഇപ്പോള്‍ പദ്ധതി ഉപേക്ഷിച്ച മട്ടാണ്. പതിനാറ് കോടിയിലധികം രൂപയാണ് ഇതിന് പാഴായത്.തടാക തീരത്തെ താമസക്കാര്‍ക്ക് കുടിവെള്ളം എത്തിക്കുമെന്ന പ്രഖ്യാപനവും നടപ്പിലായില്ല. അനധികൃത കൈയേറ്റങ്ങളും മണ്ണെടുപ്പും മണലൂറ്റും തടയുന്നതിന് മിനി എമര്‍ജന്‍സി പ്രഖ്യാപിക്കുമെന്നു ഉറപ്പ് പറഞ്ഞിരുന്നങ്കിലും അതും നടപ്പിലായില്ല.ശുചിത്വമിഷന്‍, വനംവകുപ്പ്, പരിസ്ഥിതി വകുപ്പ് തുടങ്ങി വിവിധ വകുപ്പുകള്‍ വഴി നിരവധി പദ്ധതികള്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചങ്കിലും ഒന്നും ഉണ്ടായില്ല.
തടാക സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഒരു സ്റ്റാറ്റിയൂട്ടറി അതോറിട്ടി രൂപീകരിക്കണമെന്ന് ആവശ്യവും നടപ്പായില്ല. ഇതിനിടയില്‍ തടാക സംരക്ഷണത്തിന് വേണ്ടി കേന്ദ്രസര്‍ക്കാരില്‍ സമര്‍പ്പിച്ച കോടികളുടെ വിവിധ പദ്ധതികള്‍ മടക്കി അയക്കുകയും കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ തടാകസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു രൂപപോലും അനുവദിക്കാതിരുന്നതും തിരിച്ചടിയായി.
ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യമന്ത്രി ആകുന്നതിന് മുമ്പ് നടത്തിയ കേരള മാര്‍ച്ചിനോടനുബന്ധിച്ച് ശാസ്താംകോട്ട തടാകം സന്ദര്‍ശിക്കുകയും സംരക്ഷണത്തിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നെങ്കിലും മുഖ്യമന്ത്രി ആയശേഷം ഇക്കാര്യക്കില്‍ വേണ്ടത്ര ഗൗരവം കാണിച്ചിരുന്നില്ല. എന്നാല്‍ ഈ വര്‍ഷത്തെ ബജറ്റില്‍ തടാകസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇരുപത് കോടി രൂപ അനുവദിച്ചത് മാത്രമാണ് ഇനിയുള്ള പ്രതീക്ഷ.
Next Story

RELATED STORIES

Share it