Kollam Local

ശാസ്താംകോട്ട ഡിബി കോളജില്‍ എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം: നിരവധി പേര്‍ക്ക് പരിക്ക്



ശാസ്താംകോട്ട: ദേവസ്വം ബേ ാ ര്‍ഡ് കോളജില്‍ എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം. അക്രമം പുറത്തേക്കും വ്യാപിച്ചതോടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. കോളജിന് മുന്നില്‍ സ്ഥാപിച്ചിരുന്ന എസ്എഫ്‌ഐയുടെ കൊടിമരം മാറ്റിയതുമായി ബന്ധപ്പെട്ടാണ് ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെ സംഘര്‍ഷത്തിന് തുടക്കാമായത്. ഈ സംഘര്‍ഷത്തില്‍ എസ്എഫ്‌ഐക്കാരായ അക്ഷയ്, സുഹൈല്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവര്‍ ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ ചികില്‍സയിലാണ്. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലിസ് ഇരുകൂട്ടരേയും പിരിച്ചുവിട്ടു. പ്രകടനമായി എത്തിയ കെഎസ്‌യു പ്രവര്‍ത്തകര്‍ ശാസ്താംകോട്ട ജങ്ഷനിലെത്തി പിരിഞ്ഞ് പോയെങ്കിലും തൊട്ടുപിറകേ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യം വിളികളുമായി ശാസ്താംകോട്ട ജങ്ഷന് സമീപമുള്ള സനുലാല്‍ എന്ന കെഎസ്‌യു പ്രവര്‍ത്തകന്റെ വീട്ടിലേക്ക് ഇരച്ചുകയറി. ഇവിടെ കെഎസ്‌യു പ്രവര്‍ത്തകരെ ഒളിപ്പിച്ചിരിക്കുന്നു എന്ന് ആരോപിച്ചാണ് വീട്ടിലേക്ക് എത്തിയത്. ഈ സമയം ശാസ്താംകോട്ട സിഐ എ പ്രസാദ്, എസ്‌ഐമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലിസുകാര്‍ ഉണ്ടായിരുന്നെങ്കിലും എസ്എഫ്‌ഐക്കാരെ തടയാന്‍ സാധിച്ചില്ല. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ സനുലാലിനേയും മാതാവ് വല്‍സലേയും അക്രമിച്ചതായി കെഎസ്‌യു ആരോപിച്ചു. വല്‍സലയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയതായി ആരോപിച്ച് സനുലാലിനേയും സുഹൃത്തുക്കളായി ഹാഷിം, സിയാദ് എന്നിവരെ പോലിസ് കസ്റ്റഡിയിലെടുത്തു. ഇതറിഞ്ഞ് നിരവധി കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശാസ്താംകോട്ട പോലിസ് സ്‌റ്റേഷനില്‍ തടിച്ചുകൂടി. പോലിസ് പിടികൂടിയവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഇവര്‍ പോലിസ് സ്‌റ്റേഷന്‍ ഉപരോധിച്ചു. ഇതിനിടയില്‍ ഭരണിക്കാവ് സിനിമാപറമ്പില്‍ കെഎസ്‌യു പ്രവര്‍ത്തകന്റെ വീട്ടിലെത്തി അക്രമത്തിന് തുനിഞ്ഞ സംഘത്തില്‍പ്പെട്ട രണ്ട് പേരെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു.
Next Story

RELATED STORIES

Share it