Kollam Local

ശാസ്താംകോട്ടയില്‍ വ്യാപക നാശ നഷ്ടം

ശാസ്താംകോട്ട: രണ്ടു ദിവസമായി നിര്‍ത്താതെ പെയ്ത മഴയില്‍ കുന്നത്തൂര്‍ താലൂക്കിലെ ചില പ്രദേശങ്ങള്‍ ദുരിതത്തിലായി. മൈനാഗപ്പള്ളിയിലെയും മുതുപിലാക്കട്ടയും രണ്ടു വീടുകള്‍ ഭാഗീകമായി തകര്‍ന്നു. താഴ്ന്ന പ്രദേശമായ പടിഞ്ഞാറേ കല്ലടയില്‍ ഏലകളും പുരയിടങ്ങളും വെള്ളത്തിനടിയിലായി. കല്ലടയാറ്റില്‍ വെള്ളം നിറഞ്ഞൊഴുകുന്നത് കൊണ്ട് പുരയിടത്തില്‍ കയറിയ വെള്ളം ഒഴുക്കിവിടാനും സാധിക്കുന്നില്ല.
മൈനാഗപ്പള്ളിയില്‍ ഇടവനശ്ശേരി കവിത ഭവനത്തില്‍ യമുനയുടെ വീടാണ് തകര്‍ന്നത്. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് വലിയ ശബ്ദത്തോടെ അടുക്കള ഭാഗം മുഴുവനും തകര്‍ന്നു വീണത്. ഈ സമയം യമുനയും കുട്ടികളും മാതാവും തൊട്ടടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്നു. റവന്യൂ അധികൃതര്‍ സ്ഥലത്തെത്തി സ്ഥിത ഗതികള്‍ പരിശോധിച്ചു. മുതുപിലാക്കാടു കിഴക്കു നാലാം വാര്‍ഡിലെ കാഞ്ഞിരക്കാട്ടു ദേവരാജന്റെ വീടാണ് തകര്‍ന്ന മറ്റൊരു വീട്. വീടിന്റെ അടുക്കള ഭാഗം ഭാഗികമായി തകര്‍ന്നു വീഴുകയായിരുന്നു. കടപുഴ പാലത്തിനു സമീപം ഗതാഗതത്തിനു ഭീഷണിയായി നിന്ന മരം റവന്യൂ അധികൃതര്‍ മുറിച്ചുനീക്കുകയും ശിഖരങ്ങള്‍ വെട്ടി അപകട ഭീഷണി ഒഴിവാക്കുകയും ചെയ്തു. ഏതാനും ദിവസം മുമ്പ് ഇവിടെ മരം കടപുഴകി കാറിന്റെ മുകളിലേക്ക് പതിച്ചിരുന്നു. കാര്‍ ഭാഗികമായി തകര്‍ന്നെങ്കിലും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ഗതാഗതത്തിനു ഭീഷണിയായി ഇത്തരത്തില്‍ നിരവധി കൂറ്റന്‍ മരങ്ങള്‍ താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ നിലകൊള്ളുന്നത് മുറിച്ചു മാറ്റാനുള്ള നടപടിക്രമങ്ങളും ആരംഭിച്ചു.
Next Story

RELATED STORIES

Share it