ശാശ്വതീകാനന്ദ ഒഴുക്കില്‍പെട്ടതെന്ന്

സ്വന്തം പ്രതിനിധി

കൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടേത് അടിയൊഴുക്കില്‍പ്പെട്ടുള്ള മുങ്ങിമരണമാണെന്നു സംഭവം അന്വേഷിച്ച ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയ അന്തിമ റിപോര്‍ട്ട്. അന്വേഷണം അവസാനിപ്പിക്കുന്നതിന് അനുമതിതേടി ഫോര്‍ട്ട്‌കൊച്ചി സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് മുമ്പാകെ 2013 ഡിസംബര്‍ 31ന് അന്നത്തെ ക്രൈംബ്രാഞ്ച് എസ്.പി. കെ ജി സൈമണ്‍ നല്‍കിയ റിപോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണസംഘം ചോദ്യം ചെയ്ത 114 സാക്ഷികളുടെ പട്ടികയില്‍ കൊലയാളിയെന്നാരോപിക്കപ്പെടുന്ന പള്ളുരുത്തി  പ്രിയനും  എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും ബാറുടമ ബിജു രമേശും ഉള്‍പ്പെട്ടിട്ടുണ്ട്. 2002 ജൂലൈ ഒന്ന് രാവിലെ ആലുവ പുഴയില്‍ അടിയൊഴുക്കില്‍പ്പെട്ട ശാശ്വതീകാനന്ദ വെള്ളംകുടിച്ച് ശ്വാസംമുട്ടി മരിച്ചുവെന്നാണ് റിപോര്‍ട്ട് പറയുന്നത്.

മരണകാര്യത്തില്‍ മറ്റു സംശയങ്ങള്‍ ഒന്നുമില്ലെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശിവഗിരി മഠം ജനറല്‍ബോഡി യോഗത്തിനാണ് ശാശ്വതീകാനന്ദ ആലുവയില്‍ എത്തിയത്. സഹായിയായ സാബുവും സുഭാഷും ഒപ്പമുണ്ടായിരുന്നു. 8.45 ഓടെ ശാശ്വതീകാനന്ദ അദൈ്വതാശ്രമത്തിലെത്തി. 9.30 ഓടെ കുളിക്കുന്നതിനായി ആശ്രമത്തോടു ചേര്‍ന്നുള്ള ആലുവ പുഴയുടെ തീരത്തേക്കു പോയി. കടവില്‍ ഒപ്പമുണ്ടായിരുന്നത് സാബുവായിരുന്നു. സാബുവിന്റെ കൈയില്‍ ജുബ്ബയും മുണ്ടും മോതിരവും ഊരിക്കൊടുത്ത ശേഷം ഉത്തരീയം മാത്രമുടുത്ത് പുഴയിലേക്കിറങ്ങി. സാബുവിന്റെ കൈയില്‍ നിന്ന് സോപ്പ് വാങ്ങി തേച്ചശേഷം വീണ്ടും പുഴയില്‍ ഇറങ്ങി മുങ്ങി.

ഈ സമയം യാദൃശ്ചികമായി അടിയൊഴുക്കില്‍ പ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളും ആരോപണങ്ങളുമെല്ലാം അന്വേഷണസംഘം വിശദമായി പരിശോധിച്ചതായും റിപോര്‍ട്ടില്‍ പറയുന്നു. വെള്ളാപ്പള്ളി നടേശന്‍, ഭാര്യ പ്രീതി നടേശന്‍, മകന്‍ തുഷാര്‍ വെള്ളാപ്പള്ളി, പ്രിയന്‍, ബിജു രമേശ്, ശിവഗിരി മഠത്തിലെയും അദൈ്വതാശ്രമത്തിലെ സ്വാമിമാര്‍ എസ്.എന്‍.ഡി.പി. യോഗം ഭാരവാഹികള്‍, ശാശ്വതീകാനന്ദയോടൊപ്പം ദുബയില്‍ പോയ നെട്ടൂര്‍ ഷാജി എന്നിവരില്‍ നിന്നെല്ലാം മൊഴിയെടുത്തിരുന്നു. ഇവരെല്ലാം കേസിലെ സാക്ഷികളാണ്. കോടതിയില്‍ അന്തിമ റിപോര്‍ട്ട് നല്‍കിയ ക്രൈംബ്രാഞ്ച് എസ്.പി. കെ ജി സൈമണ്‍ ഇപ്പോള്‍ തൃശൂര്‍ സിറ്റി പോലിസ് കമ്മീഷണറാണ്.
Next Story

RELATED STORIES

Share it