ശാശ്വതീകാനന്ദയുടെ മരണത്തില്‍ തുടരന്വേഷണം

ആലപ്പുഴ: സ്വാമി ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് തുടരന്വേഷണം നടത്താന്‍ തീരുമാനിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ക്രൈംബ്രാഞ്ച് എഡിജിപി അനന്തകൃഷ്ണന്റെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് എറണാകുളം എസ്പി പി കെ മധുവും സംഘവുമാണ് കേസ് അന്വേഷിക്കുകയെന്ന് വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി അറിയിച്ചു.

സിആര്‍പിസി 173/8 അനുസരിച്ച് അന്വേഷണം പൂര്‍ത്തിയാക്കിയ കേസ് തുടരന്വേഷണം നടത്തണമെങ്കില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളോ തെളിവുകളോ വേണം. ഇക്കാര്യം ക്രൈംബ്രാഞ്ച് പരിശോധിക്കുകയും കൂടുതല്‍ പരിശോധന ആവശ്യമായ വെളിപ്പെടുത്തലുകള്‍ ഉണ്ടെന്നു കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിലാണ് തുടരന്വേഷണം പ്രഖ്യാപിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
തുടരന്വേഷണം വേണമെന്ന് വിവിധ രാഷ്ട്രീയകക്ഷി നേതാക്കളും ശാശ്വതീകാനന്ദ സ്വാമിയുടെ ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിക്കും തനിക്കും പരാതികള്‍ ലഭിച്ചു. ഇവ പരിശോധിക്കാന്‍ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയ്ക്കു കൈമാറി. അവര്‍ തുടര്‍നടപടികള്‍ക്കായി ക്രൈംബ്രാഞ്ചിനും നല്‍കി.
തുടരന്വേഷണത്തിന്റെ സാധ്യതകള്‍ ആരായാന്‍ എഡിജിപി അനന്തകൃഷ്ണന്‍ എറണാകുളം ക്രൈംബ്രാഞ്ച് എസ്പി മധുവിനു നിര്‍ദേശം നല്‍കുകയും നേരത്തേ നടത്തിയ അന്വേഷണരേഖകള്‍ പരിശോധിക്കുകയും പുതിയ വെളിപ്പെടുത്തലുകളും തെളിവുകളും പരിശോധിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് തുടരന്വേഷണത്തിനു തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
2002 ജൂലൈ ഒന്നിനായിരുന്നു ശാശ്വതീകാനന്ദയുടെ മരണം. ഇതുസംബന്ധിച്ചു ലോക്കല്‍ പോലിസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിരുന്നു. മുങ്ങിമരണമെന്ന തരത്തിലായിരുന്നു അന്നത്തെ കണ്ടെത്തല്‍.
സമീപകാലത്ത് ഇതുസംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകളുണ്ടായതോടെ പല കോണില്‍ നിന്നും അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നു. കോളജ് നിയമനങ്ങളിലെ കോഴപ്പണം വെള്ളാപ്പള്ളി നടേശന്‍ കൈവശംവച്ചിരിക്കുന്നതു സംബന്ധിച്ച തര്‍ക്കമാണ് ശാശ്വതീകാനന്ദയുടെ കൊലപാതകത്തിനു കാരണമെന്നു സംശയിക്കുന്നതായി ബിജു രമേശ് മൊഴി നല്‍കിയിരുന്നു.
ശിവഗിരി മഠം മുന്‍ മേധാവി സ്വാമി പ്രകാശാനന്ദയും പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി. നന്നായി നീന്തലറിയാവുന്ന ശാശ്വതീകാനന്ദ എങ്ങനെ മുങ്ങിമരിക്കുമെന്ന് ഇതുസംബന്ധിച്ച ഹരജി പരിഗണിക്കവെ ഹൈക്കോടതിയും ചോദിച്ചു. അതേസമയം, തുടരന്വേഷണം പ്രഖ്യാപിക്കുന്നതിലേക്ക് എത്തിച്ച വെളിപ്പെടുത്തലുകളും തെളിവുകളും സംബന്ധിച്ച് പുറത്തുപറയുന്നതു ശരിയല്ലെന്ന് ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ആരെയും കുറ്റക്കാരാക്കുന്നില്ല. സമുദായനേതാവിനെയടക്കം ചോദ്യംചെയ്യുമോയെന്ന ചോദ്യത്തിന്, ക്രൈംബ്രാഞ്ച് ഏതു രീതിയില്‍ അന്വേഷിക്കണമെന്നു പറയാനാകില്ല, അത് അവര്‍ക്കു തീരുമാനിക്കാമെന്നും ചെന്നിത്തല മറുപടി നല്‍കി. ഇക്കാര്യത്തില്‍ നിയമപരമായ രീതിയിലേ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it