ശാശ്വതീകാനന്ദയുടെ മരണം: പുനരന്വേഷണം വേണമെന്ന് ആവശ്യം, സി.ബി.ഐ. വേണം

തിരുവനന്തപുരം/കൊച്ചി/ കൊല്ലം: സ്വാമി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമായിരുന്നുവെന്ന ബിജു രമേശിന്റെ ആരോപണത്തില്‍ പുനരന്വേഷണം വേണമെന്ന ആവശ്യം ശക്തമാവുന്നു. സ്വാമി ശാശ്വതീകാനന്ദയുടെ കുടുംബാംഗങ്ങളും ഒരു വിഭാഗം സ്വാമിമാരും പ്രമുഖ നേതാക്കളും അടക്കമുള്ളവര്‍ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തി. ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ മുഖവിലയ്‌ക്കെടുക്കുന്നതായി ശാശ്വതീകാനന്ദയുടെ സഹോദരന്‍ രാജേന്ദ്രന്‍ പറഞ്ഞു. ഏത് അന്വേഷണം നടത്തിയാലും സത്യം പുറത്തുവരണം. സി.ബി.ഐ. അന്വേഷണത്തില്‍ സത്യം പുറത്തുവരുമെങ്കില്‍ അതു നടത്തണം. മാറിമാറി വന്ന സര്‍ക്കാരുകള്‍ സത്യം പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചില്ലെന്നും രാജേന്ദ്രന്‍ കുറ്റപ്പെടുത്തി.

ശ്രീനാരായണ ധര്‍മപ്രചാരണസഭ കേന്ദ്ര കമ്മിറ്റിയംഗം കൂടിയാണ് രാജേന്ദ്രന്‍.സ്വാമി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകം തന്നെയാണെന്നും ബിജു രമേശിന്റെ വെളിപ്പെടുത്തലുകള്‍ വിശ്വസിക്കുന്നുവെന്നും ശാശ്വതീകാനന്ദയുടെ സഹോദരി ശാന്തകുമാരി പറഞ്ഞു. മൃതദേഹം കണ്ടപ്പോള്‍ കൊലപാതകമാണെന്ന് സംശയമുണ്ടായിരുന്നു. കൊലപാതകത്തില്‍ തുഷാറിനും വെള്ളാപ്പള്ളിക്കും ബന്ധമുണ്ടെന്നുതന്നെയാണ് വിശ്വസിക്കുന്നത്. സത്യം പുറത്തുവരുന്നതുവരെ നിയമപോരാട്ടം തുടരുമെന്നും ശാന്തകുമാരി മാധ്യമങ്ങളോട് പറഞ്ഞു. നന്നായി നീന്തലറിയാവുന്ന ശാശ്വതീകാനന്ദ മുങ്ങിമരിച്ചതാണെന്നു വിശ്വസിക്കുന്നില്ല.

കൊലപാതകം തന്നെയാണെന്നാണ് വിശ്വസിക്കുന്നത്. ശാശ്വതീകാനന്ദയും തുഷാറുമായി നേരത്തെത്തന്നെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതിനിടയിലാണ് ഗള്‍ഫില്‍ പോയതും അവിടെ വച്ച് പ്രശ്‌നങ്ങള്‍ ഉണ്ടായതും. തുഷാറിനു സംഭവത്തില്‍ ബന്ധമുണ്ടെന്നുതന്നെയാണ് വിശ്വസിക്കുന്നത്. ഇവയെല്ലാം അറിഞ്ഞത് സ്വാമിയുടെ മരണശേഷമാണെന്നും ശാന്തകുമാരി പറഞ്ഞു. പ്രിയനെന്ന വാടകഗുണ്ടയെ മരണം നടക്കുന്ന ദിവസം മഠത്തില്‍ എത്തിച്ചുവെന്ന് പ്രവീണിന്റെ പിതാവ് പറഞ്ഞതായും അവര്‍ കൂട്ടിച്ചേര്‍ത്തു.അതേസമയം, ബിജു രമേശിന്റെ ആരോപണത്തില്‍ പുതുതായി എന്തെങ്കിലും ഉണ്ടെങ്കില്‍ ക്രൈംബ്രാഞ്ച് പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

നിയമപ്രകാരം ഇക്കാര്യം അന്വേഷണ ഏജന്‍സിയാണ് പരിശോധിക്കേണ്ടതെന്നും ആലുവയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെ  അദ്ദേഹം പറഞ്ഞു. ബിജുവിന്റെ ആരോപണങ്ങള്‍ നേരത്തേ അന്വേഷിച്ചതാണെന്ന നിലപാടാണ് ക്രൈംബ്രാഞ്ചിന്. ശാശ്വതീകാനന്ദയുടെ മരണത്തില്‍ പ്രിയന് പങ്കില്ലെന്നും വിശദമായി പരിശോധിച്ചാണ് കേസ് അവസാനിപ്പിച്ചതെന്നുമാണ് ക്രൈംബ്രാഞ്ച് നല്‍കുന്ന സൂചന.കേസില്‍ നേരത്തേ ബിജു രമേശിന്റെ മൊഴിയെടുത്തിരുന്നു. പ്രിയന് കേസില്‍ ബന്ധമുണ്ടെന്ന് തന്റെ ജോലിക്കാരന്‍ പറഞ്ഞ അറിവ് മാത്രമാണ് ബിജു രമേശിനുള്ളതെന്നാണ് മൊഴി നല്‍കിയത്. പിന്നീട് ക്രൈംബ്രാഞ്ച് ഇയാളില്‍ നിന്നും സുഹൃത്തായ ജയിലറില്‍ നിന്നും മൊഴിയെടുക്കുകയും ചെയ്തു. ഇവരാരും തന്നെ സ്വാമിയുടെ മരണത്തില്‍ പ്രിയനു പങ്കുള്ളതായി പറഞ്ഞിട്ടില്ല.

ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ പ്രിയനെ രണ്ടു പ്രാവശ്യം ചോദ്യം ചെയ്തിരുന്നു. ശാസ്ത്രീയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സ്വാമിയുടെ മരണം കൊലപാതകമല്ലെന്നു കണ്ടെത്തിയതെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നത്. കേസിലെ തുടരന്വേഷണ സാധ്യത ഇല്ലാതാക്കുന്നതാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. അതിനിടെ, ബിജു രമേശിന്റെ ആരോപണങ്ങള്‍ വ്യക്തിഹത്യയ്ക്കു വേണ്ടിയാണെന്നും ഏത് അന്വേഷണം നടത്തിയാലും സഹകരിക്കുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ശാശ്വതീകാനന്ദയുടെ മരണം സി.ബി.ഐ. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നായിരുന്നു തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രതികരണം.

എന്നാല്‍, വെള്ളാപ്പള്ളിക്കും മകനുമെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ബിജു രമേശ്. വെള്ളാപ്പള്ളിയും കൂട്ടരും തന്നെയാണ് പല പ്രാവശ്യം സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടത്. കേസ് കോടതിയിലെത്തുമ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമാണെന്നു പറഞ്ഞ് ഇവര്‍ പിന്മാറുകയായിരുന്നുവെന്നും ബിജു രമേശ് പറഞ്ഞു.സംഭവത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സ്വാമി സൂക്ഷ്മാനന്ദ, സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കെ.പി.സി.സി. പ്രസിഡന്റ് വി എം സുധീരന്‍ എന്നിവരും രംഗത്തെത്തി. ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലില്‍ കഴമ്പുണ്ടെങ്കില്‍ അന്വേഷണ ഏജന്‍സി തന്നെ തീരുമാനമെടുക്കട്ടെയെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്നും ഇതില്‍ വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിക്കും പങ്കുണ്ടെന്നുമാണ് ബിജു രമേശ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. 2002 ജൂലൈയിലാണ് ശാശ്വതീകാനന്ദയെ ആലുവ പെരിയാറില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Next Story

RELATED STORIES

Share it