ശാശ്വതീകാനന്ദയുടെ മരണം പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന് സഹോദരങ്ങള്‍

തിരുവനന്തപുരം: ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ ഈ മാസം 28ന് കുടുംബാംഗങ്ങളും ശ്രീനാരായണ ധര്‍മവേദി സംസ്ഥാന ഭാരവാഹികളും കൂട്ട ഉപവാസം നടത്തും.
സര്‍ക്കാരിനും ഡിജിപിക്കും നല്‍കിയ പരാതിയില്‍ അടിയന്തര തീരുമാനമുണ്ടാവണം. പ്രതിസ്ഥാനത്തു നില്‍ക്കുന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും മകന്‍ തുഷാറിനെയും കുറ്റം ഏറ്റുപറഞ്ഞ പ്രിയനെയും എത്രയും വേഗം കസ്റ്റഡിയിലെടുക്കണം. ഡിജിപി ടി പി സെന്‍കുമാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ല. പരാതിയുമായി ചെന്നപ്പോള്‍ വിഷമമുണ്ടാക്കുന്ന അനുഭവമാണ് തങ്ങള്‍ക്കുണ്ടായതെന്നും സഹോദരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തങ്ങളോട് സംസാരിക്കാന്‍ ഡിജിപി മനസ്സു കാണിച്ചില്ല. കേസിന് പിന്നില്‍ പ്രമുഖ രാഷ്ട്രീയക്കാരും സ്വാധീനമുള്ളവരും സമുദായനേതാക്കളുമുണ്ട്.
അന്വേഷണത്തിന് പുതിയ സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അവര്‍ പറഞ്ഞു. മന്ത്രി രമേശ് ചെന്നിത്തല ഈ കേസില്‍ ശക്തമായി ഉടപെടുന്നില്ലെന്നും അന്വേഷണത്തില്‍ രാഷ്ട്രീയസമ്മര്‍ദ്ദമുണ്ടെന്നും ധര്‍മവേദി ജനറല്‍ സെക്രട്ടറി ബിജുരമേശും ആരോപിച്ചു. ശാശ്വതീകാനന്ദയുടെ സഹോദരങ്ങളായ സി രാജേന്ദ്രന്‍, സി വിജയകുമാര്‍, കെ ശാന്തകുമാരി, കെ ശകുന്തള, ധര്‍മവേദി വൈസ് ചെയര്‍മാന്‍ കെ കെ പുഷ്പാംഗദന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it