ശാശ്വതീകാനന്ദയുടെ മരണം: അന്വേഷണം നിയമപരമല്ലെന്ന് ഹൈക്കോടതി

കൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം നിയമപരമല്ലെന്ന് ഹൈക്കോടതി. നീന്തലറിയാവുന്ന സ്വാമി മുങ്ങിമരിച്ചതിലെ ദുരൂഹത പുറത്തുകൊണ്ടുവരേണ്ടതാണെന്നും ജസ്റ്റിസ് ബി കെമാല്‍പാഷ നിരീക്ഷിച്ചു. ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് തുടരന്വേഷണം ആവശ്യപ്പെട്ട് പാലക്കാട്ടെ ഓള്‍ കേരള ആന്റികറപ്ഷന്‍ ആന്റ് ഹ്യൂമന്റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഐസക് വര്‍ഗീസ് നല്‍കിയ ഹരജിയിലാണ് കോടതി നിരീക്ഷണം.
സ്വാമിയുടെ മരണം കൊലപാതകമാണെന്ന് ഡിഐജി ജേക്കബ് തോമസ് കണ്ടെത്തിയിട്ടുണ്ടെന്നും മജിസ്‌ട്രേറ്റിനു മുമ്പാകെ എഫ്‌ഐആര്‍ സമര്‍പ്പിക്കാതെ നടത്തുന്ന അന്വേഷണം നിയമപരമല്ലെന്നും ഹരജിയില്‍ പറയുന്നു. കുറ്റകൃത്യം നടന്നതായി അന്വേഷണത്തില്‍ വ്യക്തമായാല്‍ മാത്രമേ മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രഥമവിവര റിപോര്‍ട്ട് സമര്‍പ്പിച്ച് അന്വേഷണം നടത്തേണ്ടതുള്ളൂവെന്ന് സര്‍ക്കാരിനു വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി ആസഫലി കോടതിയെ വാദിച്ചു.
എന്നാല്‍, തെളിവുശേഖരണം അന്വേഷണത്തിന്റെ ഭാഗമാണെന്നും എന്നിട്ടും അത് നിയമപരമായി മാറിയില്ലെന്നും കോടതി പറഞ്ഞു. അന്വേഷണത്തില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെങ്കില്‍ പിന്നെയെന്തിനാണ് പുതിയ 12 ഇന കര്‍മപദ്ധതി രൂപവല്‍ക്കരിച്ചതെന്ന് കോടതി ആരാഞ്ഞു. ദുരൂഹമരണം സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായതിനാലാണ് ഇതെന്ന് ഡിജിപികോടതിയെ അറിയിച്ചു.
പ്രഥമവിവര റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാതെ കര്‍മപദ്ധതി തയ്യാറാക്കി അന്വേഷണം നടത്തിയിട്ട് കാര്യമെന്തെന്നു കോടതി ആരാഞ്ഞു. ഏത് അന്വേഷണത്തിനും സര്‍ക്കാര്‍ തയ്യാറാണെന്നും ഉത്തരവിട്ടാല്‍ മതിയെന്നും ഡിജിപി പറഞ്ഞു. ആദ്യം നടത്തിയ അന്വേഷണ റിപോര്‍ട്ട് മജിസ്‌ട്രേറ്റ് കോടതിയില്‍ തന്നെ സമര്‍പ്പിക്കാമായിരുന്നുവെന്നും കേസുമായി ബന്ധപ്പെട്ട് ഒട്ടേറെ നിയമപ്രശ്‌നങ്ങള്‍ ഉള്ളതായും കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it