ശാശ്വതീകാനന്ദയുടെ മരണം; ക്രൈംബ്രാഞ്ച് തുടരന്വേഷണം തുടങ്ങി

സ്വന്തം പ്രതിനിധി

കൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് പുറത്തുവന്ന വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് ഹര്‍ട്ട് ആ ന്റ് ഹോമിസൈഡ് വിങ് എസ്പി പി കെ മധുവാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയരായവരെ ചോദ്യംചെയ്യുകയാവും അന്വേഷണസംഘം ചെയ്യുക. പ്രവീണ്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ഡിവൈഎസ്പി ഷാജിയും ഇതേ കേസില്‍ പ്രതിയായിരുന്ന പ്രിയനും ശാശ്വതീകാനന്ദയുടെ സഹായികളും അടക്കമുള്ളവരെ ചോദ്യം ചെയ്യും.

ഷാജി, ബിജു രമേശിന് എഴുതിയെന്നു പറയുന്ന കത്തിനെക്കുറിച്ചും അന്വേഷണമുണ്ടാവും.  പുതുതായി എന്തെങ്കിലും തെളിവു ലഭിച്ചാല്‍ മാത്രമേ ശാശ്വതീകാനന്ദയുടെ മരണത്തില്‍ പുനരന്വേഷണം നടക്കൂവെന്നായിരുന്നു സര്‍ക്കാരിന്റെ ആദ്യ നിലപാട്. അതിനാല്‍ തുടരന്വേഷണസാധ്യത പരിശോധിക്കാനാണ് സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് ന ല്‍കിയ ആദ്യ നിര്‍ദേശം. തുടരന്വേഷണത്തിനുള്ള സാധ്യത പരിശോധിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ എസ്പി പി കെ മധു കഴിഞ്ഞ ദിവസം ബിജുരമേശില്‍നിന്ന് മൊഴിയെടുത്തിരുന്നു. ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമാണെന്ന ആരോപണം ബിജുരമേശ് മൊഴിയെടുക്കലില്‍ ആവര്‍ത്തിച്ചെങ്കിലും ആരോപണങ്ങള്‍ സംബന്ധിച്ച തെളിവൊന്നും ബിജുരമേശ് നല്‍കിയിട്ടില്ല. മുന്‍ ഡിവൈഎസ്പി ഷാജി, ബിജുരമേശിന് എഴുതിയെന്നു പറയുന്ന കത്തും അദ്ദേഹം കൈമാറിയില്ല. കത്തെഴുതിയ കാര്യം ജയില്‍രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാവുമെന്നാണ് ബിജുരമേശ് ക്രൈംബ്രാഞ്ചിനു നല്‍കിയ മൊഴി. ബിജുരമേശിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആരോപണവിധേയരില്‍നിന്നു കൂടി മൊഴിയെടുത്തശേഷം തുടരന്വേഷണം വേണമോ എന്നതു സംബന്ധിച്ച് എഡിജിപിക്ക് റിപോര്‍ട്ട് നല്‍കാനായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്റെ തീരുമാനമെങ്കിലും ഇതിനു കാത്തുനില്‍ക്കാതെ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തുടരന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സാധ്യതാപരിശോധന തുടരന്വേഷണമായി മാറുകയായിരുന്നു. അന്വേഷണം പൂര്‍ത്തിയാക്കുന്നതിന് സമയപരിധിയൊന്നും നല്‍കിയിട്ടില്ലെങ്കിലും എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കാനാണ് ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്.
Next Story

RELATED STORIES

Share it