Flash News

ശാരീരികമായി കൈയേറ്റം ചെയ്യുമെന്ന പരാമര്‍ശം : ജോര്‍ജ് എം തോമസിനെതിരേ നടപടി സ്വീകരിക്കണം - വിമന്‍ ഇന്ത്യാ മൂവ്‌മെന്റ്



കോഴിക്കോട്: ഗെയില്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരേ സംസാരിച്ചതിനു ശ്രീജ നെയ്യാറ്റിന്‍കരയെന്ന സാമൂഹികപ്രവര്‍ത്തകയെ ശാരീരികമായി കൈയേറ്റം ചെയ്യുമെന്ന് പ്രഖ്യാപിച്ച സിപിഎം എംഎല്‍എ ജോര്‍ജ് എം തോമസിനെതിരേ കേസെടുക്കണമെന്ന്‌വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത്. ജോര്‍ജ് എം തോമസിന്റെ പ്രസ്താവനയിലൂടെ സിപിഎമ്മിന്റെ സ്ത്രീവിരുദ്ധ രാഷ്ട്രീയ നിലപാടാണ് പുറത്തുവന്നതെന്നും അവര്‍ പറഞ്ഞു. താലം പിടിക്കാനും കൊടി പിടിക്കാനും വോട്ടുപിടിക്കാനും മാത്രമായി സ്ത്രീസമൂഹത്തെ ഒതുക്കിനിര്‍ത്തിയ പുരുഷാധിപത്യമാണ് സിപിഎമ്മിന്റെ ചരിത്രം. ചോദ്യംചെയ്യുന്നവര്‍ സ്വന്തം പാര്‍ട്ടിക്കാരിയാണെങ്കില്‍ പോലും ചവിട്ടിത്താഴ്ത്തുന്ന പാരമ്പര്യമാണ് അവരുടേത്. ഉമ്മന്‍ ചാണ്ടിയുടെ പോലിസിന് ഒടിച്ചിടാന്‍ സിന്ധുവിന്റെ കാല് കൊടുക്കാന്‍ മടിക്കാണിക്കാതിരുന്നവര്‍ സ്ത്രീസമൂഹത്തിനുതന്നെ അപമാനമാണ്. അക്രമത്തിനെതിരേ വിരല്‍ചൂണ്ടിയത് “പെണ്ണൊരുത്തിയായത്’ സഹിക്കാതിരുന്ന ജോര്‍ജ് എം തോമസിന് എന്തുകൊണ്ട് രാജ്യത്ത് വര്‍ഗീയവിദ്വേഷം പ്രസംഗിക്കുന്ന ശോഭ സുരേന്ദ്രന്റെയും ശശികലയുടെയും നേരെ കൈയുയര്‍ത്താനും നിയമപരമായ നടപടികള്‍ ആവശ്യപ്പെടാനും സാധിക്കാത്തത്. ആശയങ്ങളെ ആശയ രൂപത്തില്‍ പ്രതിരോധിക്കുന്നതിന് പകരം കൈയൂക്കിന്റെ രൂപത്തില്‍ സംസാരിച്ചഎംഎല്‍എ വ്യക്തമായ രാഷ്ട്രീയ ഫാഷിസവും സ്ത്രീവിരുദ്ധതയുമാണു പ്രകടിപ്പിച്ചിട്ടുള്ളത്. സ്ത്രീയെ പരസ്യമായി ഭീഷണിപ്പെടുത്തി സാമൂഹികമാധ്യമത്തില്‍ അവഹേളിക്കാന്‍ ശ്രമിച്ച എംഎല്‍എക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ശ്രീജ നെയ്യാറ്റിന്‍കരയോടും സ്ത്രീസമൂഹത്തോടും എംഎല്‍എയും പാര്‍ട്ടിയും മാപ്പുപറയണമെന്നും കെ കെ റൈഹാനത്ത് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it