Districts

ശഹീദ് ആലി മുസ്‌ല്യാര്‍:വിപ്ലവനായകന്റെ രക്തസാക്ഷിത്വത്തിന് 96 ആണ്ട്‌

ശഹീദ് ആലി മുസ്‌ല്യാര്‍:വിപ്ലവനായകന്റെ  രക്തസാക്ഷിത്വത്തിന് 96 ആണ്ട്‌
X
റസാഖ് മഞ്ചേരി

മലപ്പുറം: മലബാറിന്റെ സ്വാതന്ത്ര്യ മോഹങ്ങളില്‍ അഗ്‌നിസാന്നിധ്യമായിരുന്ന വിപ്ലവനായകന്‍ ആലി മുസ്‌ല്യാരുടെ രണസാക്ഷിത്വത്തിന് 96 ആണ്ട്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ഇതിഹാസ തുല്യമായ വിപ്ലവദൈ്വദങ്ങളായിരുന്ന ആലി മുസ്്‌ല്യാരും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ഏറനാടിന്റെ ഓര്‍മകളിലെ നിതാന്ത പ്രചോദകങ്ങളായി സന്നിവേശിച്ചിട്ട് 96 ആണ്ട് തികഞ്ഞിരിക്കുന്നു.


ഒരു നൂറ്റാണ്ടിനോടടുത്ത ആ ഓര്‍മകളില്‍ വിപ്ലവതാരങ്ങള്‍ക്ക് ജന്മം നല്‍കിയ മഞ്ചേരിക്കടുത്ത നെല്ലിക്കുത്ത് ഗ്രാമം ഇന്നും അഭിമാനിക്കുന്നു. നെല്ലിക്കുത്ത് ഏരിക്കുന്നന്‍ പാലത്ത് മൂലയില്‍ കുഞ്ഞിമൊയ്തീന്‍ മൊല്ലയുടെയും മഖ്ദൂം കുടുംബാംഗമായ ആമിനക്കുട്ടിയുടെയും മകനായി 1861ലാണ് ഏറനാടിന്റെ വിപ്ലവനക്ഷത്രത്തിന്റെ പിറവി. ആലി മുസ്‌ല്യാര്‍ ലക്ഷദ്വീപ് കവറത്തിയിലായിരുന്നു ആദ്യം സേവനം ചെയ്തത്. പിന്നീട് 1894ല്‍ അദ്ദേഹം സ്വദേശത്തു തിരിച്ചെത്തി. 1907 മുതല്‍ തിരൂരങ്ങാടി പള്ളിയില്‍ മുദരിസായി. ഒന്നാം ലോക മഹായുദ്ധാനന്തരം, കോണ്‍ഗ്രസ് നേതാവായിരുന്ന സയ്യിദ് അബ്ദുര്‍റഹ്മാന്‍ സാഹിബിന്റെ നേതൃത്വത്തില്‍ കോഴിക്കോട് പ്രവര്‍ത്തനം സജ്ജീവമാക്കിയ ഖിലാഫത്ത് പ്രസ്ഥാനവുമായി ആലി മുസ്‌ല്യാര്‍ അടുക്കുന്നത് അങ്ങനെയാണ്. നാട്ടുകാരനും കൂട്ടാളിയുമായ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ഇക്കാലത്താണു മക്കയില്‍ നിന്നു തിരിച്ചത്തിയത്. തുടര്‍ന്ന് ഇരുവരും മജ്‌ലിസുല്‍ ഉലമയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചു. പിന്നീട് ഖിലാഫത്ത് പ്രസ്ഥാനത്തില്‍ സജീവമായി നേതൃനിരയിലെത്തി. ഗാന്ധിജിയും അലി സഹോദരന്‍മാരും കോഴിക്കോട്ടെത്തി പ്രചോദനം നല്‍കിയതോടെ ഖിലാഫത്ത് മൂവ്‌മെന്റ് ജനകീയ പ്രസ്ഥാനമായി വളര്‍ന്നു.
ബ്രിട്ടീഷ് ഭരണത്തിനെതിരേ നിസ്സഹകരണ, നികുതി നിഷേധ സമരങ്ങള്‍ക്കു പുറമെ സ്വയംഭരണ സമരമുറയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്നു. കാക്കി യൂനിഫോമണിഞ്ഞ് ചെഞ്ചായമുള്ള ഖിലാഫത്ത് പതാകയുമായി ആലി മുസ്‌ല്യാരും മാപ്പിളയോദ്ധാക്കളും ചുവടുവച്ച ചരിത്രം ഏറനാടിന്റെ വാമൊഴികളില്‍ നിറഞ്ഞുനിന്നിരുന്നു.
ആറു മാസം ആലി മുസ്‌ല്യാരുടെ നേതൃത്വത്തില്‍ തിരൂരങ്ങാടിയിലും വാരിയന്‍കുന്നത്തിന്റെ നേതൃത്വത്തില്‍ മഞ്ചേരിയിലും സ്വതന്ത്രഭരണം നടന്നുവെന്നതിനു ബ്രിട്ടീഷ് രേഖകള്‍ തന്നെ സാക്ഷി. തിരൂരങ്ങാടിയില്‍ നിന്ന് 1921 ആഗസ്ത് 20നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. നവംബര്‍ രണ്ടിന് മാര്‍ഷല്‍ ലോ പ്രകാരം വിചാരണ ചെയ്യപ്പെട്ട ആലി മുസ്‌ല്യാരെയും മറ്റു 13 പേരെയും തൂക്കിക്കൊല്ലാന്‍ വിധിക്കുകയായിരുന്നു.
കോയമ്പത്തൂര്‍ ശുക്‌റാന്‍പേട്ടിലാണ് ആലി മുസ്‌ല്യാരുടെ ഖബറിടം. 1922 ഫെബ്രുവരി 17ന് കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലെ കഴുമരത്തില്‍ ശ്വാസംനിലച്ചു തൂങ്ങിയാടിയ ആലി മുസ്‌ല്യാരുടെ ശരീരം എവിടെയാണു കുഴിവെട്ടി മൂടിയതെന്നു പോലും ഭരണകൂടം മറച്ചുവയ്ക്കാന്‍ ശ്രമിച്ചിരുന്നു.
1922 ജനുവരി 20നു കോട്ടക്കുന്നിന്റെ വടക്കേ ചരുവില്‍ പഞ്ചസാരയിട്ട് കത്തിച്ച വാരിയന്‍ കുന്നത്തിന്റെയും ചെമ്പ്രശ്ശേരി തങ്ങളുടെയും ഭൗതികശരീരങ്ങളെ ഭൂമിക്കു പോലും ബാക്കിനല്‍കിയില്ല. 23 വര്‍ഷം മുമ്പ് നെല്ലിക്കുത്തില്‍ നിര്‍മിച്ച ആലി മുസ്‌ല്യാര്‍ സ്മാരകത്തില്‍ വിശ്രമിക്കുന്ന ബ്രിട്ടീഷ് ബൂട്ടുകള്‍ പതിഞ്ഞു ചതഞ്ഞു പോയ പുസ്തകങ്ങളും സിരകളിലേക്ക് ആവാഹിച്ച ഓര്‍മകളും മലബാറിന് മതിയായതാണെന്ന് പുതുതലമുറയുടെ കണ്ണുകള്‍ പറയാതെ പറയുന്നുണ്ട്. നവ കോളോണിയല്‍ മോഹികള്‍ ഒരു ജനതയ്ക്കു നേരെ ഇപ്പോഴും ആരോപണത്തിന്റെ പെരുമ്പറയടിക്കുന്നത് അതുകൊണ്ടാവാം.

Next Story

RELATED STORIES

Share it