wayanad local

ശസ്്ത്രക്രിയാ വിഭാഗത്തിന്റെ പ്രവര്‍ത്തനം താളംതെറ്റി

മാനന്തവാടി: ജില്ലാ ആശുപത്രിയില്‍ അനസ്‌തേഷ്യ വിഭാഗത്തിലെ ഏക ഡോക്ടര്‍ അവധിയില്‍ പോയതോടെ  ശസ്ത്രക്രിയാ വിഭാഗത്തിന്റെ പ്രവര്‍ത്തനം താളംതെറ്റി. ഓപറേഷനു വിധേയരാവേണ്ട ആറു രോഗികളെ ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. ഇന്നുമുതല്‍ കൂടുതല്‍ രോഗികളെ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയോ ഡിസ്ചാര്‍ജ് ചെയ്യുകയോ വേണ്ടിവരും.
ആദിവാസികളുള്‍പ്പെടെ ശസ്ത്രക്രിയക്ക് വിധേയരാവേണ്ട ഗര്‍ഭിണികളെയടക്കം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ചെയ്യുന്നത് വന്‍ ദുരിതമാണുണ്ടാക്കുന്നത്. ജില്ലാ ആശുപത്രിയില്‍ രണ്ടു ഡോക്ടര്‍മാരുടെ തസ്തികയാണ് അനസ്‌തേഷ്യ വിഭാഗത്തില്‍.
ഇതിലൊരാള്‍ മാസങ്ങള്‍ക്കു മുമ്പ് മറ്റൊരു ആശുപത്രിയിലേക്ക് സ്ഥലംമാറി പോയി. പകരം കോഴിക്കോട് ബീച്ച് ആശുപത്രിയിലുള്ള ഡോക്ടറെ ജില്ലാ ആശുപത്രിയിലേക്ക് 10 ദിവസം മുമ്പ് നിയമിച്ചെങ്കിലും ഇതുവരെ ചുമതലയേല്‍ക്കാത്തതാണ് പ്രതിസന്ധിക്കിടയാക്കിയത്. ജില്ലയില്‍ മറ്റെവിടെയും താല്‍ക്കാലിക ചുമതല നല്‍കാന്‍ അനസ്‌തേഷ്യ വിഭാഗം ഡോക്ടറില്ലാത്തും രോഗികള്‍ക്കു ദുരിതമായി. ഗര്‍ഭിണികളുടെ സിസേറിയന് പുറമെ അപകട സര്‍ജറി ആവശ്യമായി വന്നാലും മെഡിക്കല്‍ കോളജിലേക്ക് റഫര്‍ചെയ്യുക മാത്രമാണ് നിലവില്‍ പരിഹാരം. നിത്യവും 24 മണിക്കൂര്‍ ജോലി ചെയ്യേണ്ടിവരുന്ന നിലവിലുള്ള അനസ്‌തേഷ്യ ഡോക്ടര്‍ മൂന്നു ദിവസത്തേക്കാണ് അവധിയില്‍ പോയത്. അത്യാവശ്യഘട്ടത്തില്‍ രോഗികളെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവാന്‍ ആവശ്യത്തിന് ആംബുലന്‍സുകളില്ലാത്തതും രോഗികളെ കുഴക്കുന്നുണ്ട്.
Next Story

RELATED STORIES

Share it