thiruvananthapuram local

ശസ്ത്രക്രിയ നടത്തിയ നാലുപേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ട സംഭവം: 75000 രൂപവീതം നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

തിരുവനന്തപുരം: നെടുമങ്ങാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരേദിവസം കണ്ണ് ശസ്ത്രക്രിയ നടത്തിയ നാലുപേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ട സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. നാലുപേര്‍ക്കും 75,000 രൂപവീതം നഷ്ടപരിഹാരം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി ഉത്തരവിട്ടു.
2014 നവംബര്‍ 13ന് ശസ്ത്രക്രിയ നടത്തിയ കുറ്റിച്ചല്‍ സ്വദേശിനി സീനത്ത്(51), കരിപ്പൂര്‍ സ്വദേശിനികളായ പ്രഭാകുമാരി(47), രമണി(48), ഓമന(60) എന്നിവര്‍ക്കാണ് കാഴ്ച നഷ്ടപ്പെട്ടത്. ശസ്ത്രക്രിയ നടത്തി മൂന്നാഴ്ചയ്ക്കുശേഷം കാഴ്ച തിരികെ ലഭിക്കുമെന്നാണ് ശസ്ത്രക്രിയ നടത്തിയ ഡോ.സുധാറാണി രോഗികള്‍ക്ക് ഉറപ്പുനല്‍കിയത്. എന്നാല്‍, ആറുമാസം കഴിഞ്ഞിട്ടും കാഴ്ച തിരിച്ചുകിട്ടാത്തതിനെ തുടര്‍ന്ന് ഡോ.സുധാറാണിയെ സമീപിച്ചപ്പോള്‍ കാഴ്ച പൂര്‍ണമായും നഷ്ടപ്പെട്ടതായി കണ്ടെത്തി. തുടര്‍ന്ന് രോഗികളെ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്ക് റഫര്‍ ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. ഇതുസംബന്ധിച്ച് തേജസ് ദിനപത്രം നിരവധി വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ച്ചയായ മാധ്യമവാര്‍ത്തകളെ തുടര്‍ന്ന് കമ്മീഷന്‍ ആരോഗ്യവകുപ്പില്‍ നിന്നും വിശദീകരണം തേടിയിരുന്നു.
ഡോക്ടറുടെ പിഴവു കാരണമല്ല കാഴ്ച നഷ്ടമായതെന്ന് അധികൃതര്‍ അറിയിച്ചു. അതേദിവസം 500 ലധികം ശസ്ത്രക്രിയ നടത്തിയെങ്കിലും നാലുപേര്‍ക്കാണ് കാഴ്ച നഷ്ടമായത്. സംഭവത്തെ തുടര്‍ന്ന് ഓപറേഷന്‍ തിയേറ്റര്‍ അടച്ചതായും ആരോഗ്യവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. കണ്ണ് ശസ്ത്രക്രിയയ്ക്കായി പ്രതേ്യകം തിയേറ്റര്‍ നിര്‍മാണത്തിലാണെന്നും വിശദീകരണത്തില്‍ പറയുന്നു.
ശസ്ത്രക്രിയ നടത്തിയ രണ്ടുപേര്‍ 50ല്‍ താഴെ മാത്രം പ്രായമുള്ളവരാണെന്ന് ജസ്റ്റിസ് ജെ ബി കോശി നിരീക്ഷിച്ചു. നഷ്ടപരിഹാരം ആരോഗ്യവകുപ്പില്‍ നിന്നോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നോ നല്‍കണം.
Next Story

RELATED STORIES

Share it