ശസ്ത്രക്രിയാമുറിയില്‍ പൂജ; ആരോഗ്യമന്ത്രി വിശദീകരണം തേടി

കാസര്‍കോട്: ആയുധ പൂജയോടനുബന്ധിച്ച് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ശസ്ത്രക്രിയാമുറിയില്‍ പുജനടത്തിയതു വിവാദമാവുന്നു. സംഭവം പുറത്തായതോടെ ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ ആശുപത്രി അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടു. വ്യാഴാഴ്ച വൈകീട്ട് ആറരയ്ക്കാണ് ആദ്യ പൂജ നടന്നത്. ഇന്നലെ പുലര്‍ച്ചെ അഞ്ചിന് മറ്റൊരു പൂജയും നടന്നു.
പുലര്‍ച്ച സമയത്ത് സാധാരണയായി ഗര്‍ഭിണികളെയും മറ്റും ശസ്ത്രക്രിയക്കു വിധേയമാക്കുന്ന സമയത്താണ് പൂജ നടത്തിയത്. ആശുപത്രിയിലെ ഒരു ഡോക്ടറുടെ നേതൃത്വത്തിലാണ് നഗരത്തിലെ ഒരു ക്ഷേത്രത്തിലെ പൂജാരിയുടെ കാര്‍മികത്വത്തില്‍ പൂജ നടത്തിയത്. പൂജ നടക്കുന്ന വിവരം ജീവനക്കാരെ നോട്ടീസ് മുഖാന്തരം അറിയിച്ചിരുന്നു. വിവിധ ജാതിമതസ്ഥര്‍ ഉള്‍ക്കൊള്ളുന്ന ജീവനക്കാരുള്ള ആശുപത്രിയില്‍ ഒരു വിഭാഗത്തിന്റെ ആചാരം മറ്റുള്ളവരില്‍ അടിച്ചേല്‍പിച്ചതും പൊതുസംരംഭമായ ആശുപത്രി മത ചടങ്ങുകള്‍ക്ക് ഉപയോഗിച്ചതും വിവാദമായിട്ടുണ്ട്. കന്നഡ ഭാഷാ ന്യൂനപക്ഷക്കാരനായ ഒരു ഡോക്ടറുടെ നിര്‍ബന്ധപ്രകാരമാണ് പൂജ നടത്തിയതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സംഭവം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് മന്ത്രി റിപോര്‍ട്ട് ആവശ്യപ്പെട്ടത്.
Next Story

RELATED STORIES

Share it