Flash News

ശശി തരൂരിന്റെ ഹിന്ദു പാകിസ്താന്‍ പരാമര്‍ശം വിവാദമാവുന്നു

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തെക്കുറിച്ച് മുന്‍ കേന്ദ്രമന്ത്രിയും എംപിയുമായ ശശി തരൂര്‍ നടത്തിയ 'ഹിന്ദു പാകിസ്താന്‍' പരാമര്‍ശം പുതിയ വിവാദത്തില്‍. പരാമര്‍ശത്തില്‍ അതൃപ്തി അറിയിച്ച കോണ്‍ഗ്രസ് നേതൃത്വം തരൂരിനോട് നിയന്ത്രണവും ജാഗ്രതയും പാലിക്കണമെന്നു നിര്‍ദേശിച്ചതായാണു സൂചന.
എന്നാല്‍, തന്റെ നിലപാട് ആവര്‍ത്തിച്ച് തരൂര്‍ ഫേസ്ബുക്കില്‍ പോസ്റ്റിടുക കൂടി ചെയ്തതോടെ വിവാദം മറ്റൊരു തലത്തിലേക്കു നീങ്ങുകയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ജവഹര്‍ലാല്‍ നെഹ്‌റു പ്രതിഭാ പുരസ്‌കാരദാന ചടങ്ങില്‍ 'ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവും നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തിയപ്പോഴായിരുന്നു തരൂര്‍ വിവാദ പരാമര്‍ശം നടത്തിയത്. മോദി ഭരണത്തില്‍ പശുക്കള്‍ മനുഷ്യരേക്കാള്‍ സുരക്ഷിതരാണ്. കൈയിലുള്ള പൊതി ഗോമാംസമാണെന്നു സംശയിക്കപ്പെട്ടാല്‍ പോലും ജീവന്‍ അപകടത്തിലാവുന്ന സ്ഥിതിയാണ്. ഇതേ സര്‍ക്കാര്‍ അടുത്ത തിരഞ്ഞെടുപ്പിലും ജയിച്ചാല്‍ ഇന്ത്യ 'ഹിന്ദു പാകിസ്താനാ'യി മാറും.
ഇന്ത്യന്‍ ഭരണഘടന പരിപാവനമെന്ന് ആവര്‍ത്തിക്കുമ്പോഴും പ്രധാനമന്ത്രി മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും അത് അംഗീകരിക്കുന്നില്ല. എല്ലാ മതങ്ങളെയും സംരക്ഷിക്കാനുള്ള ചുമതല രാജ്യം ഒറ്റക്കെട്ടായി ഏറ്റെടുക്കണം. ഇന്ത്യയില്‍ ഫാഷിസമില്ലെന്ന ഇടതു നേതാക്കളുടെ നിലപാട് അപക്വമാണ്.
അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് രാജ്യത്ത്. ഭരണഘടനാനുസൃതമായ എല്ലാ സംവിധാനങ്ങളും തകര്‍ക്കുകയാണ്. രാജ്യസഭയില്‍ക്കൂടി ബിജെപിക്ക് ഭൂരിപക്ഷം കിട്ടിയാല്‍ ഭരണഘടനയും തിരുത്തും. അതോടെ മതേതരത്വം ഇല്ലാതാവും. ഇത്തരത്തിലായിരുന്നു തരൂരിന്റെ പ്രസ്താവന. തരൂരിന്റെ പ്രസ്താവനയ്‌ക്കെതിരേ അതിരൂക്ഷമായാണ് ബിജെപി പ്രതികരിച്ചത്. തരൂര്‍ മാപ്പുപറയണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഹിന്ദു തത്ത്വങ്ങളില്‍ അധിഷ്ഠിതമായ രാജ്യനിര്‍മാണത്തിന് ബിജെപി തന്നെ പ്രോല്‍സാഹനം നല്‍കുമ്പോള്‍ താന്‍ മാപ്പുപറയേണ്ടതില്ല.
ഇത് 2013ലും താന്‍ പറഞ്ഞിട്ടുണ്ടെന്നും ഇനിയും പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഹിന്ദുരാഷ്ട്ര സങ്കല്‍പം പാകിസ്താന്റെ തനിപ്പകര്‍പ്പാണ്. മതാധിപത്യത്തിലൂന്നി ന്യൂനപക്ഷങ്ങളെ കീഴാളരായി പരിഗണിക്കുന്ന ഇടമായി അതു മാറും. അതിനെ ഹിന്ദു പാകിസ്താന്‍ എന്നു വിളിക്കേണ്ടിവരും. ഭരണഘടനയില്‍ പവിത്രമായി സൂക്ഷിക്കുന്ന ഇന്ത്യയെന്ന സങ്കല്‍പം അതല്ല. പാകിസ്താന്റെ ഹിന്ദു പതിപ്പായി മാറാന്‍ ഇന്ത്യയെ അനുവദിക്കരുതെന്നും തരൂര്‍ പോസ്റ്റില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it