ശശി കപൂറിന്റെ വിയോഗത്തില്‍ അനുശോചിച്ച്് ബോളിവുഡ്

മുംബൈ: ശശി കപൂറിന്റെ വിയോഗത്തില്‍ അനുശോചിച്ച്് ഹിന്ദി ചലച്ചിത്രലോകം. ദൈവത്തിന്റെ നല്ല മനുഷ്യരിലൊരാളാണ് ശശി കപൂറെന്ന് സംവിധായകന്‍ ശ്യാം ബെനഗല്‍ അനുസ്മരിച്ചു. മരണവാര്‍ത്തയില്‍ അതീവ ദുഃഖിതയായതായി കപൂറിന്റെ സുഹൃത്തുകൂടിയായ ഗായിക ലതാ മങ്കേഷ്‌കര്‍ ട്വീറ്റ് ചെയ്തു. മഹാനടന്‍ മാത്രമല്ല, മികച്ച സംവിധായകനെന്ന നിലയിലും അദ്ദേഹം കഴിവു തെളിയിച്ചതായി ആമിര്‍ഖാന്‍ അഭിപ്രായപ്പെട്ടു. ഒരു യുഗത്തിന്റെ അന്ത്യമെന്നായിരുന്നു ഒട്ടേറെ ചിത്രങ്ങളില്‍ ശശി കപൂറിന്റെ നായികയായ സിമി ഗരേവാല്‍ ട്വീറ്റ് ചെയ്തത്. സംവിധായകന്‍ കരണ്‍ ജോഹര്‍, അഭിനേതാക്കളായ അക്ഷയ്കുമാര്‍, അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, കാജോള്‍, അജയ് ദേവ്ഗന്‍, കരീനാ കപൂര്‍, സെയ്ഫ് അലി ഖാന്‍, റാണി മുഖര്‍ജി, ശ്രീദേവി, ശബാനാ ആസ്മി തുടങ്ങിയവരും അനുശോചനം അറിയിച്ചു.ആദ്യകാല ബോളിവുഡ് നടനായ പ്രിഥ്വിരാജ്് കപൂറിന്റെ ഇളയ മകനായ ശശി കപൂര്‍ ബാലനടനായാണ് അഭിനയം ആരംഭിച്ചത്. 150ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. ഇതില്‍ 70ലധികം ചിത്രങ്ങളില്‍ നായകനായി. ദീവാര്‍, ജബ് ജബ് ഫൂല്‍ ഖിലേ, കഭി കഭി, കല്‍യുഗ്, ജുനൂന്‍, ചോര്‍ മചായേ ഷോര്‍, സത്യം ശിവം സുന്ദരം, തൃശൂല്‍, സുഹാഗ്, ആ ഗലേ ലഗ് ജാ, സില്‍സില തുടങ്ങിയവ ശ്രദ്ധേയമായ ചിത്രങ്ങളില്‍ ചിലതാണ്. അമിതാഭ് ബച്ചനൊപ്പം അഭിനയിച്ച ദീവാറിലെ മേരേ പാസ് മാ ഹേ എന്ന ഡയലോഗ് ഏറെ പ്രശസ്തമാണ്. ന്യൂഡല്‍ഹി ടൈംസ് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.55 ബഹുനായക ചിത്രങ്ങളിലും പ്രധാന വേഷത്തിലെത്തി. വേഷമിട്ട 12 ഇംഗ്ലീഷ് ചിത്രങ്ങളില്‍ എട്ടിലും നായകവേഷത്തിലായിരുന്നു.
Next Story

RELATED STORIES

Share it