Flash News

ശശി കപൂര്‍ അന്തരിച്ചു

മുംബൈ: പ്രശസ്ത ബോളിവുഡ് നടനും ചലച്ചിത്ര നിര്‍മാതാവുമായ ശശി കപൂര്‍ (79) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്ന ശശി കപൂറിന്റെ അന്ത്യം കോകിലിബെന്‍ ധീരുഭായ് അംബാനി ആശുപത്രിയിലായിരുന്നു. 2011ല്‍ പദ്മഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്. 2014ല്‍ ചലച്ചിത്രലോകത്തെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാസാഹെബ് ഫാല്‍കെ പുരസ്‌കാരം നേടി. 1938 മാര്‍ച്ച് 18ന് ജനിച്ച ശശി കപൂര്‍, ബോളിവുഡില്‍ മുന്‍നിര താരമായി വളര്‍ന്നത് 60കളിലാണ്. ബാലതാരമായി അരങ്ങേറ്റം കുറിച്ച അദ്ദേഹം മൂന്നു ദശാബ്ദത്തോളം ബോളിവുഡിലെ നായകനിരയിലെ പ്രധാനിയായിരുന്നു. അച്ഛന്‍ പൃഥ്വിരാജ് കപൂര്‍ സംവിധാനം ചെയ്തു നിര്‍മിച്ച നാടകങ്ങളിലൂടെയാണ് ശശി കപൂര്‍ അഭിനയലോകത്തേക്ക് എത്തുന്നത്. 1961ല്‍ പുറത്തിറങ്ങിയ ധര്‍മപുത്രയാണ് പ്രധാന വേഷത്തിലെത്തിയ ആദ്യചിത്രം. 116 ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ച ശശി കപൂര്‍ 61ലും നായകനായിരുന്നു. 60കളില്‍ തുടങ്ങി 80കളുടെ അവസാനം വരെ ബോളിവുഡില്‍ നിറഞ്ഞുനിന്നു. ജനപ്രിയ സിനിമകളോടൊപ്പം കലാമൂല്യമുള്ള സിനിമകളിലും ഇന്ത്യന്‍ ഇംഗ്ലീഷ് സിനിമകളിലും വേഷമിട്ടു. ബ്രിട്ടനിലും യുഎസിലുമായി 12 സിനിമകളിലും പ്രവര്‍ത്തിച്ചു. നടിയും മാനേജരുമായിരുന്ന ജന്നിഫറിനെയാണ് ശശി കപൂര്‍ വിവാഹം കഴിച്ചത്. 1984ല്‍ അര്‍ബുദം ബാധിച്ച് അവര്‍ മരിച്ചു. സിനിമാരംഗത്തും പരസ്യരംഗത്തും പ്രശസ്തരായ കുനല്‍ കപൂര്‍, കരണ്‍ കപൂര്‍, സഞ്ജന കപൂര്‍ എന്നിവര്‍ മക്കളാണ്. രാജ് കപൂര്‍, ഷമ്മി കപൂര്‍, ശശി കപൂര്‍ താരത്രയങ്ങളില്‍ ഇളയയാളാണ് ശശി കപൂര്‍.
Next Story

RELATED STORIES

Share it