ശശിക്കെതിരായ നടപടി; കമ്മീഷന്‍ റിപോര്‍ട്ട് സിപിഎം സെക്രേട്ടറിയറ്റ് പരിഗണിച്ചില്ല

തിരുവനന്തപുരം: പി കെ ശശി എംഎല്‍എക്കെതിരേ ഡിവൈഎഫ്‌ഐ വനിതാ നേതാവ് ന ല്‍കിയ പീഡന പരാതി അന്വേഷിച്ച പാര്‍ട്ടി കമ്മീഷന്‍ റിപോര്‍ട്ട് ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പരിഗണിച്ചില്ല. ശശിക്കെതിരായ ആരോപണങ്ങളില്‍ കഴമ്പുള്ളതായി പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. കമ്മീഷന്റെ റിപോര്‍ട്ട് സംസ്ഥാന സെക്രേട്ടറിയറ്റ് ചര്‍ച്ച ചെയ്യുമെന്നായിരുന്നു സൂചന.
ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ചേരുന്ന സംസ്ഥാന സമിതി ശശിക്കെതിരേ അച്ചടക്ക നടപടി കൈക്കൊള്ളുമെന്നും കരുതിയിരുന്നു. എന്നാല്‍, സെക്രേട്ടറിയറ്റ് റിപോര്‍ട്ട് ചര്‍ച്ചയ്ക്ക് എടുക്കാത്തതിനാല്‍ ശശിക്കെതിരായ നടപടി വൈകുമെന്നുറപ്പായി.
അതേസമയം, ശശി കുറ്റക്കാരനാണെങ്കില്‍ കടുത്ത നടപടിയുണ്ടാവുമെന്ന സൂചന പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്നുണ്ട്. മന്ത്രി എ കെ ബാലനും പി കെ ശ്രീമതി—യുമാണ് അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍. കഴിഞ്ഞയാഴ്ച എകെജി സെന്ററിലേക്ക് എംഎല്‍എയെ വിളിച്ചുവരുത്തിയ കമ്മീഷന്‍ നാലര മണിക്കൂറോളം ശശിയില്‍ നിന്നു മൊഴിയെടുത്തിരുന്നു. പരാതിക്കാരിയായ വനിതാ നേതാവിനെ നേരിട്ടു കണ്ടും യുവതിയുടെ പരാതിയില്‍ പരാമര്‍ശിക്കുന്ന രണ്ടു പേരില്‍ നിന്നും കമ്മീഷന്‍ മൊഴിയെടുത്തു. തനിക്കെതിരായ ആരോപണങ്ങളില്‍ ഗൂഢാലോചനയുണ്ടെന്ന പി കെ ശശിയുടെ ആരോപണവും കമ്മീഷന്‍ പരിശോധിച്ച ശേഷമാണ് റിപോര്‍ട്ട് തയ്യാറാക്കിയത്.
ശശിയെക്കൂടാതെ പരാതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ച രണ്ട് ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരേയും നടപടിക്ക് റിപോര്‍ട്ടില്‍ ശുപാര്‍ശയുണ്ടെന്നാണ് സൂചന. ശശിയെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്യണമെന്നാണ് സിപിഎമ്മിലെ പൊതുവികാരം. ഇക്കാര്യത്തി ല്‍ മുഖ്യമന്ത്രിയുടെ നിലപാടാവും നിര്‍ണായകമാവുക.

Next Story

RELATED STORIES

Share it