Flash News

ശശികലയ്ക്ക് അഞ്ച് ദിവസത്തെ പരോള്‍



ബംഗളൂരു: അനധികൃത സ്വത്തുസമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന അണ്ണാ ഡിഎംകെ നേതാവ് വി കെ ശശികലയ്ക്ക് അധികൃതര്‍ പരോള്‍ അനുവദിച്ചു. കരള്‍, വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി ആശുപത്രിയില്‍ കഴിയുന്ന ഭര്‍ത്താവ് എം നടരാജനെ സന്ദര്‍ശിക്കുന്നതിന് ശശികലയ്ക്ക് അഞ്ചു ദിവസത്തെ പരോളാണ് അനുവദിച്ചത്.15 ദിവസത്തെ പരോളാണ് ശശികല ആവശ്യപ്പെട്ടിരുന്നത്. അവരുടെ ആദ്യത്തെ പരോള്‍ അപേക്ഷ സാങ്കേതിക കാരണങ്ങളാല്‍ ഈ മാസം മൂന്നിന് തള്ളിയിരുന്നു. ഇതെത്തുടര്‍ന്നാണ് പുതിയ അപേക്ഷ സമര്‍പ്പിച്ചത്.ശശികലയുടെ മരുമകന്‍ ടി ടി വി ദിനകരന്‍ പരപ്പന അഗ്രഹാര ജയിലിലെത്തി പരോളിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെന്ന് അവരുടെ അഭിഭാഷകന്‍ കൃഷ്ണപ്പ അറിയിച്ചു. ശശികലയ്ക്ക് പരോള്‍ അനുവദിക്കുന്നതിന് തമിഴ്‌നാട് പോലിസ് നേരത്തെ കര്‍ണാടക സര്‍ക്കാരിന് എതിര്‍പ്പില്ലാ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിലെ ഗ്ലനീഗിള്‍സ് ഗ്ലോബല്‍ ഹെല്‍ത്ത് സിറ്റി ആശുപത്രിയിലാണ് നടരാജന്‍ ചികില്‍സയില്‍ കഴിയുന്നത്. ആശുപത്രി സന്ദര്‍ശിക്കാന്‍ മാത്രമാണ് ശശികലയ്ക്ക് അനുമതി നല്‍കിയത്. വസതിയിലോ ആശുപത്രിയിലോ സന്ദര്‍ശകരെ സ്വീകരിക്കാന്‍ പാടില്ലെന്നാണ് മറ്റൊരു ഉപാധി. മാധ്യമങ്ങളോട് സംസാരിക്കാനും പാടില്ല. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഉടന്‍ ശശികല ചെന്നൈക്ക് പോയി.
Next Story

RELATED STORIES

Share it