ശശികലയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ പരാതി നല്‍കി

കണ്ണൂര്‍: കേരളത്തില്‍ പലയിടത്തും മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗം നടത്തിയതിനു പോലിസ് കേസെടുത്ത ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതി.
എസ്ഡിപിഐ പേരാവൂര്‍ മണ്ഡലം കമ്മിറ്റി ഭാരവാഹികളാണു കണ്ണൂര്‍ ജില്ലാ പോലിസ് ചീഫ് ജി ശിവവിക്രം, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ എന്നിവര്‍ക്കു പരാതി നല്‍കിയത്. ഇന്ന് ഇരിട്ടിക്കടുത്ത പുന്നാട്ടു നടക്കുന്ന ആര്‍എസ്എസ് പരിപാടിയില്‍ ശശികല പങ്കെടുക്കുന്നുണ്ട്. പരിപാടി സംബന്ധിച്ച വിവരങ്ങള്‍ സംഘപരിവാര പ്രവര്‍ത്തകര്‍ തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതായും പരാതിയില്‍ പറയുന്നു.
2006ല്‍ കോഴിക്കോട് മുതലക്കുളത്ത് മാറാട് വിഷയവുമായി ബന്ധപ്പെട്ടു മതവിദ്വേഷ പ്രസംഗം നടത്തിയതിന് ഐപിസി 153 എ വകുപ്പു പ്രകാരം ശശികലയ്‌ക്കെതിരേ കേസെടുത്തിരുന്നു. കാസര്‍കോട് പോലിസിലാണ് ഇവര്‍ക്കെതിരേ ആദ്യം പരാതി ഉണ്ടായത്. പ്രസംഗം കോഴിക്കോട്ട് വച്ചുള്ളതായതിനാല്‍ കേസ് കസബ പോലിസിന് കൈമാറുകയായിരുന്നു. എഴുത്തുകാര്‍ക്ക് ഗൗരി ലങ്കേഷിന്റെ ഗതി വരുമെന്നും ആയുസ്സ് വേണമെങ്കില്‍ മൃത്യുഞ്ജയ ഹോമം നടത്തണമെന്നും ഈയിടെ ശശികല പ്രസംഗിക്കുകയുണ്ടായി. ഈ പ്രസംഗത്തിന്റെ പേരില്‍ കൊച്ചിയില്‍ കേസെടുത്തിരുന്നു. പോലിസ് തെളിവുകള്‍ പരിശോധിച്ച ശേഷം നിയമോപദേശം തേടി രജിസ്റ്റര്‍ ചെയ്ത കേസാണ് ഇവ രണ്ടും. കുറ്റം തെളിഞ്ഞാല്‍ പിഴയും അഞ്ചു വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിത്.
എന്നാല്‍, ശശികലയെ അറസ്റ്റ് ചെയ്യാതെ മുസ്‌ലിം പ്രബോധകരെ മാത്രം തുറുങ്കിലടയ്ക്കുന്നതു സര്‍ക്കാരിന്റെയും പോലിസിന്റെയും ഇരട്ടാത്താപ്പാണു തെളിയിക്കുന്നതെന്നും എസ്ഡിപിഐ ആരോപിച്ചു.
Next Story

RELATED STORIES

Share it