ശവപ്പെട്ടി വിവാദം: ഐ ഗ്രൂപ്പില്‍ നിന്ന് സുധാകരന്‍ പുറത്തേക്ക്

സമദ് പാമ്പുരുത്തി
കണ്ണൂര്‍: എറണാകുളം ഡിസിസി ഓഫിസിലെ ശവപ്പെട്ടി പ്രതിഷേധ വിവാദത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് ഗ്രൂപ്പുരാഷ്ട്രീയത്തില്‍ പുതിയ വഴിത്തിരിവ്. പാര്‍ട്ടി ഇതുവരെ നേരിടാത്ത പ്രതിഷേധത്തിനു പിന്നില്‍ കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം കെ സുധാകരനെ മുഖ്യപ്രതിസ്ഥാനത്ത് നിര്‍ത്തി സ്വന്തം ഗ്രൂപ്പ് നേതാക്കള്‍. സുധാകരനെ കൂടാതെ ഗ്രൂപ്പില്‍ ഒറ്റയാനായി പൊരുതുന്ന കെ മുരളീധരനുമായും സഹകരിക്കേണ്ടെന്ന് ഐ ഗ്രൂപ്പ് നേതൃത്വം അണികള്‍ക്ക് രഹസ്യ നിര്‍ദേശം നല്‍കി.
കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് കെ സുധാകരനെ ഹൈക്കമാന്‍ഡ് പരിഗണിക്കുന്നു എന്നതാണ് ഐ ഗ്രൂപ്പ് നേതാക്കളുടെ രോഷത്തിനു കാരണം. കെപിസിസി നേതൃസ്ഥാനത്ത് എത്താന്‍ കെ സുധാകരന്‍ തരംതാണ കളികള്‍ കളിക്കുന്നുവെന്നാണ് രമേശ് ചെന്നിത്തല ഉള്‍പ്പെടെ ഐ ഗ്രൂപ്പിലെ പ്രബല നേതാക്കളുടെ വിലയിരുത്തല്‍. ഗ്രൂപ്പുകള്‍ക്ക് അതീതമായി കെ സുധാകരന്‍ കരുത്തനാവുന്നതില്‍ ഇവര്‍ക്കുള്ള അമര്‍ഷവും ചെറുതല്ല. ശവപ്പെട്ടി പ്രതിഷേധം നടത്തി അറസ്റ്റിലായ കെഎസ്‌യു പ്രവര്‍ത്തകരെല്ലാം കെ സുധാകരന്‍ അനുകൂലികളാണ്. സംഭവം നടന്ന ദിവസം സുധാകരന്‍ എറണാകുളത്ത് ഉണ്ടായിരുന്നതായും നേതൃത്വം കണ്ടെത്തി. ഇതോടെയാണ് ഗ്രൂപ്പ് നേതൃത്വം കടുത്ത നടപടിയിലേക്ക് നീങ്ങിയത്.
വിശാല ഐ ഗ്രൂപ്പിനെ നയിക്കുന്ന രമേശ് ചെന്നിത്തലയും കെ സുധാകരനുമായി നേരത്തെത്തന്നെ അഭിപ്രായ ഭിന്നതകളുണ്ട്. ദുര്‍ബലമായിരുന്ന ഐ ഗ്രൂപ്പിനെ ശക്തിപ്പെടുത്തുന്നതിനു നേതൃത്വം നല്‍കിയതില്‍ പ്രധാനിയാണ് സുധാകരന്‍. ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള തിരുത്തല്‍വാദികളെയും മുരളി വിഭാഗത്തെയും ഒപ്പം ചേര്‍ത്ത് വിശാല ഐ ഗ്രൂപ്പ് രൂപീകരിക്കാന്‍ മുന്‍കൈയെടുത്തിരുന്നത് സുധാകരനായിരുന്നു. പിന്നീട് ചെന്നിത്തല ഐ ഗ്രൂപ്പിന്റെ തലപ്പത്ത് എത്തിയതോടെയാണ് ഇവര്‍ തമ്മില്‍ കലഹം തുടങ്ങിയത്.
കഴിഞ്ഞ യുഡിഎഫ് ഭരണത്തിന്റെ അവസാന നാളുകളില്‍ സുധാകരനും ചെന്നിത്തലയും തമ്മില്‍ കടുത്ത ഭിന്നത ഉടലെടുത്തിരുന്നു. അഭിപ്രായ വ്യത്യാസം പൂര്‍ണമായി പരിഹരിച്ചില്ലെങ്കിലും സുധാകരന്‍ ഐ ഗ്രൂപ്പില്‍ തുടര്‍ന്നുപോന്നു. എന്നാല്‍, രാജ്യസഭാ സീറ്റ് വിവാദത്തോടെ പ്രശ്‌നം വീണ്ടും തലപൊക്കി. ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും പ്രതീകാത്മകമായി ശവപ്പെട്ടി വച്ചതാണ് പ്രകോപിപ്പിച്ചതെന്നാണ് ന്യായീകരണമെങ്കിലും കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കണ്ണുവച്ച കെ സുധാകരനെ സംഘടനയില്‍ തന്നെ ഒറ്റപ്പെടുത്തുക എന്നതാണ് ഐ ഗ്രൂപ്പിന്റെ ഇപ്പോഴത്തെ ലക്ഷ്യം.
സുധാകരനെ കെപിസിസി പ്രസിഡന്റ് പദവിയിലേക്ക് കൊണ്ടുവന്നാല്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. സിപിഎം, ബിജെപി ആക്രമണങ്ങളെ പ്രതിരോധിക്കാനും എല്‍ഡിഎഫ് സര്‍ക്കാരിനെതിരേ ശബ്ദിക്കാനും സുധാകരനെ പോലെയുള്ള നേതാവിനെ പരിഗണിക്കണമെന്നാണ് പ്രവര്‍ത്തകരുടെ വികാരവും. സുധാകരനെ കെപിസിസി പ്രസിഡന്റ് ആക്കണമെന്ന ആവശ്യവുമായി ഗള്‍ഫിലും പ്രചാരണം ശക്തമാണ്. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചാല്‍  സ്വീകരിക്കുമെന്ന് ആവര്‍ത്തിക്കുകയാണ് സുധാകരനും.
Next Story

RELATED STORIES

Share it