Flash News

ശവപ്പെട്ടിയും റീത്തും വച്ച് പ്രതിഷേധം: കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി അടക്കം മൂന്നുപേര്‍ അറസ്റ്റില്‍

കൊച്ചി: എറണാകുളം ഡിസിസി ഓഫിസിനു മുന്നില്‍ ശവപ്പെട്ടിയും റീത്തും കരിങ്കൊടിയും വച്ചു പ്രതിഷേധിച്ച സംഭവത്തില്‍ കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി അടക്കം മൂന്നുപേര്‍ അറസ്റ്റില്‍. കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും കോതമംഗലം നഗരസഭാ കൗണ്‍സിലറുമായ തങ്കളം തൃക്കാരിയൂര്‍ തലയാട്ട് തോട്ടത്തില്‍ അനൂപ് ടി ഇട്ടന്‍ (28), കെഎസ്‌യു മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആലുവ തായിക്കാട്ടുകര മുട്ടം വെള്ളോര്‍കോടത്ത് വീട്ടില്‍ അബ്ദൂല്‍ സബീര്‍ (29), കോണ്‍ഗ്രസ് ആലുവ ബ്ലോക്ക് കമ്മിറ്റി നിര്‍വാഹക സമിതിയംഗം എന്‍എഡി കളപ്പുരയക്കല്‍ കെ എം മുജീബ് (42) എന്നിവരാണ് സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.
ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു. കെ സുധാകരനെ അനുകൂലിക്കുന്നവരാണ് ഇവരെന്നു പറയപ്പെടുന്നു.
കോണ്‍ഗ്രസ്സിന്റെ രാജ്യസഭാ സീറ്റ് മാണി ഗ്രൂപ്പിന് വിട്ടുനല്‍കിയതില്‍ പ്രതിഷേധിച്ച് എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ ഫോട്ടോകള്‍ പതിപ്പിച്ച ശവപ്പെട്ടിയും ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തുകളും ഡിസിസി ഓഫിസിനു മുന്നിലെ കൊടിമരത്തിനു സമീപം കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് കാണപ്പെട്ടത്. സേവ് കോണ്‍ഗ്രസ് എന്ന പേരില്‍ കൈകൊണ്ടെഴുതിയ പോസ്റ്ററുകളും പതിച്ചിരുന്നു. ഇതു കൂടാതെ കൊടിമരത്തില്‍ കറുത്ത കൊടി കെട്ടുകയും ചെയ്തിരുന്നു. ഇതിനെതിരേ ഡിസിസി നേതൃത്വം നല്‍കിയ പരാതിയില്‍ സെന്‍ട്രല്‍ പോലിസ് കേസെടുത്തിരുന്നു.
ശവപ്പെട്ടികള്‍ വില്‍ക്കുന്ന എറണാകുളത്തെ കടകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവരെ തിരിച്ചറിഞ്ഞത്. പച്ചാളം ലൂര്‍ദ് ആശുപത്രിക്ക് സമീപത്തെ കടയില്‍ അനൂപ് ഇട്ടന്റെയും മുജീബിന്റെയും നേതൃത്വത്തില്‍ നാലംഗ സംഘം വരുന്നതും ശവപ്പെട്ടി വാങ്ങുന്നതും കടയിലെ സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു.
പോലിസ് ആവശ്യപ്പെട്ടതു പ്രകാരം ഇന്നലെ രാവിലെ സ്റ്റേഷനിലെത്തിയ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. അതേസമയം, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസിനു മുന്നില്‍ പാര്‍ട്ടി ആസ്ഥാനത്തോട് പുലര്‍ത്തേണ്ട മാന്യതയും മര്യാദയും പാലിക്കാതെയുള്ള പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നടത്തിയതെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് ടി ജെ വിനോദ് പറഞ്ഞു. അനൂപ് ഇട്ടന്‍, സബീര്‍, മുജീബ് എന്നിവരെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്‌തെന്നും വിനോദ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it