thiruvananthapuram local

ശരിയായ ചികില്‍സ നല്‍കിയില്ല; മൃഗശാലയില്‍ ആറു മൃഗങ്ങള്‍ ചത്തു

തിരുവനന്തപുരം: മൃഗശാലയില്‍ വംശനാശ ഭീഷണി നേരിടുന്ന ആറു മൃഗങ്ങള്‍ ചത്തു. കഴിഞ്ഞ അഞ്ചു ദിവസങ്ങള്‍ക്കിടെയാണ് വംശനാശ ഭീഷണി നേരിടുന്ന ബരാസിംഗ അടക്കമുള്ള ആറു മൃഗങ്ങള്‍ ചത്തത്. മൂന്ന് പുള്ളിമാനുകള്‍, ഒരു മ്ലാവ്, ഒരു പന്നിമാന്‍ എന്നിവയാണ് ചത്ത മറ്റു മൃഗങ്ങള്‍.
വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയില്‍ ഒന്നാമതാണ് (ഷെഡ്യൂള്‍ വ ണ്‍)ബാരാംസിഗ. ആഴ്ചകളായി ഈ മൃഗം രോഗം ബാധിച്ച് അവശതയിലായിരുന്നു. ശരിയായ ചികില്‍സ ലഭിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇത് ചത്തത്. രോഗം മൂര്‍ച്ഛിച്ചെന്ന് കീപ്പര്‍മാര്‍ മൃഗശാലാ സൂപ്രണ്ടിനെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് മൃഗശാലാ ഡോക്ടറുടെ കീഴില്‍ പരിശീലനം നടത്തുന്ന ഡോക്ടര്‍മാര്‍ ചികില്‍സ ആരംഭിച്ചത്. ബാരാസിംഗക്ക് ട്രിപ്പ് നല്‍കാന്‍ കൂട്ടില്‍ പോകുമ്പോഴാണ് ചത്തുകിടക്കുന്നത് കണ്ടത്.
മൃഗങ്ങള്‍ കൂട്ടത്തോടെ ചത്തത് അതീവ രഹസ്യമായി സൂക്ഷിക്കുകയാണ് അധികൃതര്‍. കീപ്പര്‍മാര്‍ മൃഗശാലാ രജിസ്റ്ററില്‍ ചാകുന്ന മൃഗങ്ങളുടെ കണക്കുകള്‍ എഴുതുന്നുണ്ട്. ഈ രജിസ്റ്റര്‍ പരിശോധിച്ചാല്‍ എത്ര മൃഗങ്ങള്‍ ചത്തിട്ടുണ്ടെന്ന് കണ്ടെത്താനാകും. എന്നാല്‍, മൃഗശാലാ അധികൃതര്‍ രേഖകളെല്ലാം രഹസ്യമാക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടവും കുഴിച്ചു മൂടലും കീപ്പര്‍മാര്‍ പോലുമറിയാതെയും. മൃഗങ്ങള്‍ക്ക് ചികില്‍സ നല്‍കേണ്ട മൃഗശാലാ ഡോകടര്‍ മൃഗങ്ങളെ പരിശോധിക്കുകയോ, മരുന്നുകള്‍ നല്‍കുകയോ ചെയ്യുന്നില്ലെന്ന ആക്ഷേപം ജീവനക്കാര്‍ തന്നെ ഉന്നയിക്കുന്നുണ്ട്. മൃഗശാലാ ആശുപത്രിയിലെ കൂടുകളില്‍ ഇപ്പോഴും നിരവധി മൃഗങ്ങളുണ്ട്. മാസങ്ങളായി ചികില്‍സ നല്‍കാന്‍ മാറ്റി പാര്‍പ്പിക്കുന്നവയാണിവ. എന്നാല്‍, ഇവയ്ക്കും ചികില്‍സ ലഭിക്കുന്നില്ലെന്നും കീപ്പര്‍മാര്‍ പറയുന്നു.
ജൂനിയര്‍ വെറ്ററിനറി ഡോക്ടര്‍മാരാണ് മൃഗങ്ങളെ പരിശോധിക്കുന്നതും മരുന്നുനല്‍കുന്നതും. മൃഗശാലയിലെ പ്രധാന ഡോക്ടര്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് വാട്ട്‌സ് ആപ്പിലൂടെയും മെസെഞ്ചറിലൂടെയുമാണ് മരുന്നുകള്‍ നിര്‍ദേശിക്കുന്നതെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. മൃഗശാലയിലെ വന്യമൃഗങ്ങളുടെ പ്രസവം, ചില ഓപറേഷനുകള്‍, പുതിയ കൂടിന്റെ ഉദ്ഘാടനം, മറ്റു മൃഗശാലകളില്‍ നിന്നും മൃഗങ്ങളെ എത്തിക്കുന്നതിനുമൊക്കെ വാര്‍ത്താ പ്രാധാന്യം കണക്കിലെടുത്ത് ഡോക്ടര്‍ മുന്നിലുണ്ടാകും. എന്നാല്‍, മൃഗശാലയില്‍ ഡോക്ടറുടെ സേവനം കൃത്യമായി ലഭിക്കാറില്ലെന്നും ജീവനക്കാര്‍ പറയുന്നു.
രണ്ടു വര്‍ഷം മുമ്പ് വംശനാശ ഭീഷണി നേരിടുന്ന കൃഷ്ണമൃഗത്തെ മയക്കുവെടിവച്ച് കൊന്നത് വിവാദമായിരുന്നു. ഉന്നംതെറ്റിയാണ് കൃഷ്ണമൃഗത്തിന് മയക്കുവെടിയേറ്റത്.
Next Story

RELATED STORIES

Share it