ശരാശരി ചൂട് 34 ഡിഗ്രിക്കും മുകളില്‍

നിഖില്‍ ബാലകൃഷ്ണന്‍
കൊച്ചി: സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ വരുംദിവസങ്ങളില്‍ ചൂടിന്റെ കാഠിന്യം വര്‍ധിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്. വേനല്‍ ആരംഭിച്ച മാര്‍ച്ച് മാസത്തിന്റെ ആദ്യ ആഴ്ചയില്‍ തന്നെ സംസ്ഥാനത്ത് ശരാശരി ചൂട് 34 ഡിഗ്രി മുതല്‍ 36 ഡിഗ്രി വരെയാണ്. കഴിഞ്ഞ വര്‍ഷത്തെ മഴലഭ്യതക്കുറവാണ് ഈ വര്‍ഷം ചൂട് കഠിനമാവാന്‍ കാരണമായതെന്ന് വിദഗ്ധര്‍ പറയുന്നു. രാത്രിയില്‍ അനുഭവപ്പെടുന്ന ചൂടിന്റെ കാഠിന്യവും ഏറും.
ഇന്നലെ പാലക്കാട് 37 ഡിഗ്രി രേഖപ്പെടുത്തിയപ്പോള്‍ കൊച്ചിയില്‍ 36 ഡിഗ്രി വരെയായിരുന്നു ചൂട്. ഇതോടൊപ്പം രാത്രികാല ചൂടും ആനുപാതികമായി വര്‍ധിക്കുന്നുണ്ട്. സപ്തംബറിലെ മഴക്കുറവും ഒക്ടോബറിലും നവംബറിലും മഴ ലഭിക്കാത്തതുമാണ് ഇതിനു കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനിടെ, ശക്തമായ വേനല്‍മഴ ലഭിച്ചാല്‍ മാത്രമേ ചൂട് കുറയൂ എന്നു കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍, അതിനുള്ള സാഹചര്യം വിരളവുമാണ്. അതേസമയം, കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാവുന്ന പ്രതിഭാസങ്ങളാല്‍ ചിലപ്പോള്‍ മഴ ലഭിക്കുമെന്ന പ്രതീക്ഷയുമുണ്ട്.
സംസ്ഥാനത്ത് കൂടുതല്‍ ചൂട് അനുഭവപ്പെടുന്ന പാലക്കാട് ജില്ലയില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ ചൂട് 41 ഡിഗ്രി വരെ എത്തിയിരുന്നു. ഈ വര്‍ഷം മാര്‍ച്ച് ആദ്യ വാരം തന്നെ 37ല്‍ എത്തിയതുകൊണ്ട് ഈ വര്‍ഷം 41 ഡിഗ്രി കടന്നും ചൂട് ഏറാനാണ് സാധ്യത. കഴിഞ്ഞ വര്‍ഷം മണ്‍സൂണ്‍ കാലവര്‍ഷത്തില്‍ 30 മുതല്‍ 40 ശതമാനം വരെ കുറവ് മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. തുലാവര്‍ഷത്തില്‍ 50 ശതമാനത്തോട് അടുത്തും കുറവുണ്ടായി. ഈ സാഹചര്യത്തില്‍ വേനല്‍മഴ ലഭിച്ചാലും നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാകില്ല.
മാര്‍ച്ച് പകുതിയോടെ വേനല്‍മഴ എത്തുകയാണെങ്കില്‍ കാലവര്‍ഷവും തുലാവര്‍ഷവും പോലെ വേനല്‍മഴയുടെ ലഭ്യതയും കുറവായിരിക്കും. സാധാരണഗതിയില്‍ 10 സെന്റിമീറ്റര്‍ വരെ ലഭിക്കുന്ന വേനല്‍മഴ ചൂടിന് അല്‍പം ശമനം ലഭിക്കുമെന്നതൊഴിച്ചാല്‍ ജലക്ഷാമത്തിനു പരിഹാരമാവില്ല. സാധാരണ മാര്‍ച്ച് പകുതിയോടെ ലഭിക്കുന്ന വേനല്‍മഴ കഴിഞ്ഞ വര്‍ഷം കാര്യമായി അനുഗ്രഹിക്കാതിരുന്നത് ഇക്കുറി ആവര്‍ത്തിക്കുമോയെന്ന് ആശങ്കകളുണ്ട്. സംസ്ഥാനത്തെ അണക്കെട്ടുകളും മറ്റു ജലസ്രോതസ്സുകളും വരള്‍ച്ചയുടെ പിടിയിലമര്‍ന്നതിനാല്‍ ശുദ്ധജലക്ഷാമവും രൂക്ഷമായിത്തുടങ്ങിയിട്ടുണ്ട്.
ജലവൈദ്യുത പദ്ധതികളെയും ഇതു ബാധിക്കുന്നതിനാല്‍ വൈദ്യുതിക്ഷാമവും രൂക്ഷമായേക്കും. എന്നാല്‍, കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ സംസ്ഥാനത്ത് കാര്യമായ ഇടപെടലുകള്‍ നടത്തുമെന്ന് സര്‍ക്കാര്‍ നേരത്തേ അറിയിച്ചിട്ടുണ്ട്. വരള്‍ച്ചയെ നേരിടാന്‍ സംസ്ഥാനത്ത് ജില്ലാ ഭരണകൂടങ്ങളും സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളും ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടിയിരിക്കുന്നു.
Next Story

RELATED STORIES

Share it