ശരദ് ജോഷി അന്തരിച്ചു

പൂനെ: രാജ്യത്ത് നിരവധി കര്‍ഷക പ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം നല്‍കിയ 'ശേത്കാരി സംഘടന' നേതാവ് ശരദ് ജോഷി (81) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ മൂലം ക്ലേശിച്ചിരുന്ന അദ്ദേഹത്തിന്റെ അന്ത്യം സ്വവസതിയിലായിരുന്നു.
2004 മുതല്‍ 10 വരെ ജോഷി രാജ്യസഭാംഗമായിരുന്നു. 16 പാര്‍ലമെന്ററി കമ്മിറ്റികളില്‍ അംഗമായിരുന്ന അദ്ദേഹം 1958 മുതല്‍ 68 വരെ ഇന്ത്യന്‍ തപാല്‍ സര്‍വീസില്‍ ഉദ്യോഗസ്ഥനുമായിരുന്നു. ഇക്കാലത്താണ് തപാല്‍ പിന്‍കോഡ് സംവിധാനത്തിന് അദ്ദേഹം രൂപം നല്‍കിയത്.
സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന യൂനിവേഴ്‌സല്‍ പോസ്റ്റല്‍ യൂനിയന്റെ അന്താരാഷ്ട്ര ബ്യൂറോയില്‍ ഒരു ദശകത്തോളം നീണ്ട സേവനത്തിനു ശേഷം 1977ല്‍ അദ്ദേഹം കര്‍ഷകരുടെ താല്‍പര്യം സംരക്ഷിക്കാന്‍ ഇന്ത്യയിലേക്കു മടങ്ങി. മഹാരാഷ്ട്രയില്‍ അസംഘടിത കര്‍ഷകര്‍ക്കായി 1979ല്‍ ശേത്കാരി സംഘടനയ്ക്കു രൂപം നല്‍കി. ഉള്ളി കൃഷിക്കാര്‍ക്കു വേണ്ടി ജോഷിയുടെ നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. പ്രക്ഷോഭം അക്രമാസക്തമാവുകയും ജോഷി അറസ്റ്റിലാവുകയും ചെയ്തു.
താമസിയാതെ കരിമ്പ്, അരി, പരുത്തി, പുകയില, ക്ഷീര കര്‍ഷകരെയും സംഘടിപ്പിച്ചു. ഉത്തരേന്ത്യയിലെ കര്‍ഷക നേതാവായ മഹേന്ദ്ര സിങ് ടിക്കായത്തുമായി ചേര്‍ന്ന് 1986ല്‍ രാജ്യത്തെ കര്‍ഷക സംഘടനകളുടെ രാഷ്ട്രീയേതര ഏകോപന സമിതിയുണ്ടാക്കി.
മഹാരാഷ്ട്രയിലായിരുന്നു ആദ്യം കര്‍ഷക പ്രസ്ഥാനം തുടങ്ങിയതെങ്കിലും ജോഷിയുടെ സംഘടന പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളിലേക്കു വ്യാപിച്ചു. ഉല്‍പന്നങ്ങള്‍ക്കു മതിയായ വില ലഭ്യമാക്കുന്നതിനു വേണ്ടി കേരളം, ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങള്‍ നടന്നിട്ടുണ്ട്.
കാര്‍ഷിക സമ്പദ്‌വ്യവസ്ഥ സംബന്ധിച്ച് അഗാധമായ അറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. 1994ല്‍ സ്വതന്ത്ര ഭാരത് എന്ന രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിച്ചു. 1990-91 കാലത്ത് കേന്ദ്രസര്‍ക്കാരിന്റെ അഗ്രികള്‍ച്ചര്‍ കണ്‍സള്‍ട്ടന്റ് കമ്മിറ്റിയുടെ ചെയര്‍മാനായിരുന്നു. കാബിനറ്റ് റാങ്കിലുള്ള പദവിയായിരുന്നു അത്. ഇംഗ്ലീഷിലും മറാത്തിയിലുമായി നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. വിവാദപരമായ ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെടുക്കാനും അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.
ശരദ് ജോഷിയുടെ നിര്യാണത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അനുശോചിച്ചു.
Next Story

RELATED STORIES

Share it