Pathanamthitta local

ശരണപാതയില്‍ തണല്‍ മരം പദ്ധതി ഉദ്ഘാടനം ഇന്ന്



പത്തനംതിട്ട: ശബരിമല തിരുവാഭരണ പാതയില്‍ വൃക്ഷത്തൈകള്‍ നടുന്ന പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ ശരണപാതയില്‍ തണല്‍ മരം പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് വടശേരിക്കര ഗ്രാമപ്പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ തിരുവിതാംകൂര്‍         ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ നിര്‍വഹിക്കും. തിരുവാഭരണ പാതയില്‍ പന്തളം മുതല്‍ ളാഹ വരെ തണല്‍മരങ്ങള്‍, പുഷ്പ-ഫല വൃക്ഷങ്ങള്‍ എന്നിവ നട്ട് പാത കൂടുതല്‍ മനോഹരമാക്കുകയാണ് ലക്ഷ്യം. പന്തളത്ത് എത്തുന്ന തീര്‍ഥാടകര്‍ക്ക് പരമ്പരാഗത പാതയിലൂടെ കാല്‍ നടയായി ശബരിമലയ്ക്കു പോവുന്നതിന് വഴിയൊരുക്കും. തണല്‍മരങ്ങളും ഫലവൃക്ഷങ്ങളും നടുന്നതിലൂടെ തീര്‍ഥാടകര്‍ക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യമുണ്ടാകുകയും യാത്ര കൂടുതല്‍ ഹൃദ്യമാകുകയും ചെയ്യും. ഇത് കൂടുതല്‍ തീര്‍ഥാടകര്‍ തിരുവാഭരണ പാത ഉപയോഗിക്കുന്നതിന് വഴിയൊരുക്കും.  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, റവന്യൂ വകുപ്പ്, ജില്ലാ-ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്തുകള്‍, ജില്ലാ ശുചിത്വമിഷന്‍, തൊഴിലുറപ്പ് പദ്ധതി, കൃഷി-എന്‍ജിനീയറിങ് വിഭാഗം, സാമൂഹിക വനവല്‍ക്കരണ വിഭാഗം, അയ്യപ്പ സേവാസംഘം, തിരുവാഭരണപാത സംരക്ഷണ സമിതി, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, സന്നദ്ധ സംഘടനകള്‍, പ്രാദേശിക ക്ലബ്ബുകള്‍, തദ്ദേശവാസികള്‍ തുടങ്ങിയവരെല്ലാം പദ്ധതിയില്‍  പങ്കാളികളാവും. വൃക്ഷത്തൈ നടുന്നതിനൊപ്പം ഇവയുടെ സംരക്ഷണവും ജില്ലാ പഞ്ചായത്ത് ഉറപ്പാക്കും. തൊഴിലുറപ്പ് പദ്ധതിയിലൂടെ തൈകള്‍ക്ക് സംരക്ഷണവേലി നിര്‍മിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ മുഖ്യാതിഥിയാലും. ജില്ലാ പഞ്ചായത്ത്  വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍  കൊണ്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗങ്ങളായ എലിസബത്ത് അബു, ലീലാ മോഹന്‍, കെ ജി അനിത, അഡ്വ. റജി തോമസ്, സാം ഈപ്പന്‍, എസ് വി സുബിന്‍, എം ജി കണ്ണന്‍, സൂസന്‍ അലക്‌സ്, ബിനി ലാല്‍, അഡ്വ. ആര്‍ ബി രാജീവ് കുമാര്‍, ബി സതികുമാരി, ടി  മുരുകേഷ്, വിനീത അനില്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് ഗിരിജാ മധു, വടശേരിക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മണിയാര്‍ രാധാകൃഷ്ണന്‍  പങ്കെടുക്കും.
Next Story

RELATED STORIES

Share it