Flash News

ശമ്പള വര്‍ധന : നഴ്‌സുമാര്‍ വീണ്ടും സമരത്തിന്



തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കാനായി മുഖ്യമന്ത്രി ഇടപെട്ട് ഉണ്ടാക്കിയ ധാരണ രണ്ടുമാസം കഴിഞ്ഞിട്ടും നടപ്പായില്ല. ശമ്പളം വര്‍ധിപ്പിച്ചു നല്‍കാനാവില്ലെന്ന നിലപാടിലാണ് മാനേജ്‌മെന്റുകള്‍. സീനിയറായ നഴ്‌സുമാരെ തരംതാഴ്ത്തിയും ആറും ഏഴും വര്‍ഷം പ്രവൃത്തിപരിചയമുള്ളവരെ പിരിച്ചുവിട്ടും മാനേജ്‌മെന്റുകള്‍ പ്രതികാരനടപടി തുടരുകയാണ്. സര്‍ക്കാര്‍ മൗനം അവലംബിക്കുന്ന സാഹചര്യത്തിലാണ് നഴ്‌സുമാര്‍ വീണ്ടും സമരത്തിന് ഒരുങ്ങുന്നത്. ഏറെനാള്‍ നീണ്ട സമരത്തിനൊടുവില്‍ കഴിഞ്ഞ ജൂലൈ 20നാണ് നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിച്ചു സര്‍ക്കാര്‍ ധാരണയുണ്ടാക്കിയത്. 50 കിടക്കകളുള്ള ആശുപത്രികളില്‍ ശമ്പളമായി 20,000 രൂപയാണ് തീരുമാനിച്ചത്. അതിനു മുകളില്‍ കിടക്കകളുള്ള ആശുപത്രികളിലെ ശമ്പളം നിശ്ചയിക്കാന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിക്കുമെന്നും സമിതി ഒരു മാസത്തിനുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നുമായിരുന്നു തീരുമാനം. ശമ്പളം വര്‍ധിപ്പിക്കുന്നതു സംബന്ധിച്ചു സര്‍ക്കാര്‍ പ്രതിനിധികളും ആശുപത്രി മാനേജ്‌മെന്റ് അംഗങ്ങളും നഴ്‌സസ് യൂനിയന്‍ ഭാരവാഹികളും അംഗങ്ങളായ സമിതി ഒരുതവണ യോഗം ചേര്‍ന്നെങ്കിലും തീരുമാനമുണ്ടായില്ല. വര്‍ധന അതേപടി അംഗീകരിച്ചാല്‍ ചികില്‍സാ ചെലവ് കൂടുമെന്നാണ് മാനേജ്‌മെന്റുകള്‍ പറയുന്നത്. ശമ്പള പരിഷ്‌കരണ റിപോര്‍ട്ട് നല്‍കിയ വിദഗ്ധ സമിതി ശുപാര്‍ശകള്‍ 5ന് ചേരുന്ന വ്യവസായബന്ധ സമിതി വീണ്ടും ചര്‍ച്ച ചെയ്യും. അതില്‍ തീരുമാനമായില്ലെങ്കില്‍ സമരം പുനരാരംഭിക്കാനാണ് നഴ്‌സുമാരുടെ തീരുമാനം.
Next Story

RELATED STORIES

Share it