ശമ്പള വര്‍ധനലോങ് മാര്‍ച്ചുമായി സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍

തിരുവനന്തപുരം: വേതനം സംബന്ധിച്ച് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ നടത്തിവരുന്ന സമരം കൂടുതല്‍ ശക്തമാവുന്നു.
മിനിമം വേതനം സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം 23നു മുമ്പ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രേട്ടറിയറ്റിലേക്ക് ലോങ് മാര്‍ച്ച് നടത്താനാണ് സമരസംഘടനകളുടെ തീരുമാനം. ചേര്‍ത്തലയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഈ മാസം 24ന് കാല്‍നടയായി യാത്ര ആരംഭിക്കും.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍ണയിച്ച വേതനവ്യവസ്ഥകളില്‍ മാറ്റമുണ്ടാവരുതെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു. സെക്രട്ടേറിയറ്റിനു മുന്നില്‍ നടക്കുന്ന അനിശ്ചിതകാല സമരത്തെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ലോങ് മാര്‍ച്ച് നടക്കുക.
ഈ മാസം 24ന് 243 ദിവസമായി നഴ്സുമാര്‍ സമരം തുടരുന്ന ചേര്‍ത്തല കെവിഎം ആശുപത്രിക്കു മുന്നില്‍ നിന്നാവും മാര്‍ച്ച് ആരംഭിക്കുക. സെക്രേട്ടറിയറ്റിനു മുന്നിലാണ് മാര്‍ച്ച് അവസാനിക്കുക.
24നു മുതല്‍ സ്വകാര്യ ആശുപത്രികളെ സ്തംഭിപ്പിച്ചുകൊണ്ട് നഴ്‌സുമാര്‍ പണിമുടക്കും ആരംഭിക്കും. നഴ്‌സുമാരുടെ അലവന്‍സില്‍ മാറ്റം വരുത്തിയാല്‍ അത് അംഗീകരിക്കില്ലെന്ന് യുഎന്‍എ സംസ്ഥാന ഭാരവാഹികള്‍ പറഞ്ഞു. എട്ടു ദിവസം കൊണ്ട് 168 കിലോമീറ്റര്‍ ദൂരം പിന്നിടാനാണ് നഴ്സുമാര്‍ ലക്ഷ്യമിടുന്നത്.
ഇപ്പോള്‍ നഴ്സുമാര്‍ സെക്രേട്ടറിയറ്റിനു മുന്നില്‍ അനിശ്ചിതകാല സമരത്തിലാണ്. നഴ്‌സുമാരുടെ മിനിമം വേതനം 20,000 രൂപയായി സര്‍ക്കാര്‍ നിജപ്പെടുത്തിയിരുന്നു. എന്നാല്‍, എട്ടു മാസം പിന്നിട്ടിട്ടും തുടര്‍നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.
Next Story

RELATED STORIES

Share it