Flash News

ശമ്പള കുടിശ്ശിക ; തൊഴിലുറപ്പു പദ്ധതിയില്‍ നിന്നു തൊഴിലാളികള്‍ പിന്‍മാറുന്നു



സമദ് പാമ്പുരുത്തി

കണ്ണൂര്‍: നാട്ടിന്‍പുറങ്ങളിലെ തൊഴില്‍രഹിതരായ ജനലക്ഷങ്ങള്‍ക്ക് അനല്‍പമായ ആശ്വാസം പകരുന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍നിന്ന് തൊഴിലാളികള്‍ കൂട്ടത്തോടെ പിന്‍മാറുന്നു. കൂലിയിനത്തില്‍ ലഭിക്കേണ്ട വന്‍തുക കുടിശ്ശികയായതോടെയാണ് പദ്ധതി താളംതെറ്റാന്‍ കാരണം. ഇതോടെ കൂടുതല്‍ തൊഴില്‍ദിനങ്ങളും സൃഷ്ടിക്കാനാവുന്നില്ല. കായികമായി തൊഴിലെടുക്കാന്‍ കഴിവും സന്നദ്ധതയും ഉള്ളവര്‍ക്ക് വര്‍ഷത്തില്‍ പരമാവധി 100 ദിവസത്തെ തൊഴില്‍ ഉറപ്പുവരുത്തുന്നു എന്നതാണ് തൊഴിലുറപ്പു പദ്ധതിയുടെ പ്രധാന ആകര്‍ഷണം. 2005ല്‍ പാര്‍ലമെന്റ് പാസാക്കിയ ദേശീയ ഗ്രാമീണ തൊഴിലുറപ്പു നിയമത്തിന്റെ അടിസ്ഥാനത്തിലാണിത്. തൊഴിലിനുള്ള മൗലികാവകാശവും മിനിമം കൂലിയും മാത്രമല്ല, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യവേതനവും പദ്ധതി ഉറപ്പുവരുത്തുന്നുണ്ട്. എന്നാല്‍, പദ്ധതി നടത്തിപ്പിലെ വീഴ്ച പരിഹരിക്കാന്‍ തദ്ദേശ ഭരണവകുപ്പിന് ഇനിയും സാധിച്ചിട്ടില്ല. 2015-2016 വര്‍ഷത്തില്‍ ബജറ്റില്‍ 7.13 കോടി തൊഴില്‍ദിനങ്ങള്‍ അനുവദിച്ചിരുന്നു. അതേസമയം, 7.42 കോടി തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ച് റെക്കോഡിട്ട കേരളത്തിന് തൊട്ടടുത്ത സാമ്പത്തിക വര്‍ഷം അനുവദിച്ചതാവട്ടെ 6.01 കോടി തൊഴില്‍ദിനങ്ങള്‍ മാത്രം. രാജ്യത്തുടനീളം 22 കോടി തൊഴില്‍ദിനങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചത്. ഇതിന് അനുസൃതമായി കേരളത്തിനുള്ള വിഹിതത്തിലും ഗണ്യമായ കുറവുണ്ടായി. 1,489 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം തൊഴിലുറപ്പു പദ്ധതിക്കായി കേരളം ചെലവിട്ടത്. കുടുംബങ്ങള്‍ക്ക് ശരാശരി 49 തൊഴില്‍ദിവസം നല്‍കാനായി. എന്നാല്‍, മുന്‍ സാമ്പത്തിക വര്‍ഷങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ 100 ദിവസം തൊഴില്‍ ലഭിച്ചവര്‍ കുറഞ്ഞുവരുന്നതായി കാണാം. തൊഴിലാളികള്‍ക്ക് ശമ്പള കുടിശ്ശിക ഇനത്തില്‍ കേന്ദ്രം അനുവദിച്ച 389 കോടി രൂപ ഫണ്ട് തൊഴിലുറപ്പ് മിഷന് കൈമാറുന്നതില്‍ സംസ്ഥാന സര്‍ക്കാരിനുണ്ടായ വീഴ്ചയും പ്രതിസന്ധിക്കു കാരണമായി. തൊഴിലുറപ്പു പദ്ധതിയില്‍ പതിനായിരം കോടിയോളം രൂപയുടെ ക്രമക്കേട് നടന്നതായി കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പദ്ധതിക്ക് വകയിരുത്തിയ തുകയില്‍ വര്‍ധനയുണ്ടായിട്ടില്ല. എന്നാല്‍, കൂലി കൂടിവരുകയാണ്. ഇതും തൊഴില്‍ദിനങ്ങളുടെ എണ്ണം കുറയാന്‍ കാരണമായി. പുതിയ സാഹചര്യത്തില്‍ പഞ്ചായത്തുകളുടെ തനതു ഫണ്ടില്‍ നിന്നു ശമ്പളം നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.
Next Story

RELATED STORIES

Share it