ശമ്പള കുടിശ്ശിക ചോദിച്ചതിന് 16കാരിയെ അറുത്തുകൊന്നു

ന്യൂഡല്‍ഹി: ഗാര്‍ഹിക തൊഴിലാളിയായ പെണ്‍കുട്ടിയെ ശമ്പള കുടിശ്ശിക ചോദിച്ചതിന് ഇടനിലക്കാരന്‍ അറുത്തു കൊന്നു. ഡല്‍ഹി പാസ്ചിം വിഹാറിലെ വീട്ടില്‍ ജോലിക്കു നിന്നിരുന്ന ജാര്‍ഖണ്ഡ് സ്വദേശിനിയായ 16കാരിയാണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രധാന പ്രതിയായ ഇടനിലക്കാരന്‍ മന്‍ജീത് കര്‍കേത (30)യെ പോലിസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയുടെ ശരീരത്തിന്റെ ഭാഗങ്ങള്‍ മെയ് നാലിനു സമീപപ്രദേശത്തെ ഓടയില്‍ നിന്നാണു കണ്ടെത്തിയത്. കൊല്ലപ്പെട്ട് ഒരു ദിവസം കഴിഞ്ഞതിന് ശേഷമാണു ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. മൂന്നുപേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലിസ് അറിയിച്ചു. കൊലയ്ക്കു ശേഷം ഇവര്‍ മൂന്നുപേരും ചേര്‍ന്നു മൃതദേഹം വെട്ടിനുറക്കി അഴുക്കുചാലില്‍ തള്ളി. വിവിധ പാ—ക്കറ്റുകളിലാക്കിയാണ് മൃതദേഹം അഴുക്കുചാലില്‍ ഉപേക്ഷിച്ചത്.
സോണി കുമാരി എന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ജോലി വാങ്ങി നല്‍കാമെന്നു പറഞ്ഞു മന്‍ജീതും സുഹൃത്തുക്കളും ചേര്‍ന്ന് ഡല്‍ഹിയില്‍ എത്തിക്കുകയായിരുന്നു. പെണ്‍കുട്ടി ശമ്പളം ചോദിച്ചതും, തിരിച്ചു വീട്ടില്‍ പോവണമെന്ന് ആവശ്യപ്പെട്ടതുമാണു കൊലപാതകത്തിനു കാരണമായത്.
6000 രൂപയായിരുന്നു സോണിക്ക് മാസ ശമ്പളമായി നിശ്ചയിച്ചിരുന്നത്. സോണിക്ക് ലഭിക്കുന്ന ശമ്പളം മന്‍ജീതാണ് വാങ്ങിയിരുന്നത്. തന്റെ ശമ്പളം തിരികെവേണമെന്നും തനിക്കു വീട്ടില്‍ പോവണമെന്നും സോണി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശമ്പളം വേണമെന്ന ആവശ്യത്തില്‍ നിന്നു പിന്‍മാറാന്‍ സോണിയോട് മന്‍ജീത് ആവശ്യപ്പെട്ടു. പിന്‍മാറാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് മന്‍ജീത് ശാലു (31), ഗൗരി (36) എന്നിവരോടൊപ്പം മെയ് 3ന് പെണ്‍കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
Next Story

RELATED STORIES

Share it