ശമ്പള കമ്മീഷന്‍ ശുപാര്‍ശയ്‌ക്കെതിരേഎ ജി ഓഫിസ് ജീവനക്കാര്‍

കൊച്ചി: അഡ്വക്കറ്റ് ജനറല്‍ ഓഫിസ് ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കണമെന്നും സെക്രട്ടേറിയറ്റിലെ നിയമബിരുദധാരികളായ ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കി എ ജി ഓഫിസില്‍ നിയമിക്കണമെന്നുമുള്ള ശമ്പള പരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശയ്‌ക്കെതിരെ പ്രതിഷേധം. സാധാരണ നിലയില്‍ എജി ഓഫിസില്‍ ജീവനക്കാരുടെ ആവശ്യമില്ലെന്നാണ് കമീഷന്‍ വിലയിരുത്തല്‍. എ ജിയെ സഹായിക്കാനായി നിയമിതരാവുന്ന സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് സഹായത്തിനായി സ്വന്തം ജീവനക്കാരുള്ളതിനാല്‍ അഡ്വക്കറ്റ് ജനറല്‍ ഓഫിസില്‍ പ്രത്യേക ജീവനക്കാരുടെ ആവശ്യമില്ല. സര്‍ക്കാര്‍ അഭിഭാഷകര്‍ സ്വന്തം നിലയ്ക്ക് കേസുകളിലെ എതിര്‍ സത്യവാങ്മൂലം തയ്യാറാക്കലടക്കമുള്ള പ്രവൃത്തികള്‍ നിര്‍വഹിക്കണം. ഇതിനായി സര്‍ക്കാര്‍ ജീവനക്കാര്‍ ആവശ്യമില്ല. നിയമബിരുദമുള്ള അനേകം ജീവനക്കാരെ സെക്രട്ടറിയേറ്റില്‍ നിയമ വകുപ്പില്‍ നിയമിച്ചിട്ടുണ്ട്.

ഇവരെ മുഴുവനായും സെക്രട്ടേറിയറ്റില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ നിയമ ബിരുദധാരികളായ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് എതിര്‍ സത്യവാങ്മൂലം തയാറാക്കാന്‍ പരിശീലനം നല്‍കി സര്‍ക്കാര്‍ അഭിഭാഷകരെ സഹായിക്കാനായി നിയോഗിക്കണം. എജി ഓഫിസിലെ അസിസ്റ്റന്റ് തസ്തിക വെട്ടിക്കുറയ്ക്കണമെന്നും പുതിയ നിയമനങ്ങള്‍ നടത്തരുതെന്നും കമീഷന്‍ ശുപാര്‍ശ ചെയ്യുന്നു. ഈ നടപടികള്‍ സര്‍ക്കാരിന്റെ കേസ് നടത്തിപ്പിനെ ഗുണകരമായി സഹായിക്കുമെന്നും കമീഷന്‍ റിപോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തിലുള്ള ശമ്പള കമ്മീഷന്‍ ശുപാര്‍ശയ്‌ക്കെതിരെയാണ് ജീവനക്കാര്‍ പ്രതിഷേധിച്ചത്. കമ്മീഷന്റെ ശുപാര്‍ശ തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കാനും ജീവനക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it