Kollam Local

ശമ്പളമില്ല; തൊഴിലുറപ്പ് തൊഴിലാളികള്‍ ബ്ലോക്ക് ഓഫിസ് ഉപരോധിച്ചു



കൊട്ടാരക്കര: ഒന്‍പത് മാസക്കാലമായി ശമ്പളമില്ലാത്തതിനെ തുടര്‍ന്ന് നെടുവത്തൂര്‍ ഗ്രാമ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ ബ്ലോക്ക് ഓഫിസിലെത്തി തൊഴിലുറപ്പ് ഉദ്യോഗസ്ഥരുടെ യോഗം നടന്ന ഹാള്‍ ഉപരോധിച്ചു.——— നൂറുകണക്കിന് തൊഴിലാളികളെത്തി ഉദ്യോഗസ്ഥരുടെ യോഗം നടന്നുകൊണ്ടിരുന്ന ഹാളിലേക്ക് ഇരച്ചു കയറുകയായിരുന്നു. ആയിരത്തി അഞ്ഞൂറോളം തൊഴിലാളികള്‍ നെടുവത്തൂര്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ജോലി ചെയ്യുന്നു. കഴിഞ്ഞ ഒമ്പത് മാസത്തെ വേതനമാണ് തൊഴിലാളികള്‍ക്ക് ലഭിക്കുവാനുള്ളത്. ഒരു തൊഴിലാളിക്ക് ശരാശരി പതിനായിരത്തിലധികം രൂപ കുടിശികയുണ്ട്. സ്‌കൂള്‍ തുറന്ന സമയമായതിനാല്‍ കുട്ടികളെ സ്‌കൂളിലയയ്ക്കാന്‍ തൊഴിലുറപ്പ് വേതനം പ്രതീക്ഷിച്ചിരുന്ന വീട്ടമ്മമാരാണ് വെട്ടിലായത്. ചെയ്ത ജോലിക്കുള്ള വേതനകുടിശിക ലഭിക്കാന്‍ സാധ്യതയില്ലായെന്ന സെക്രട്ടറിയുടെ പരാമര്‍ശം തൊഴിലാളികളെ കൂടുതല്‍ ക്ഷുഭിതരാക്കി. തൊഴിലുറപ്പ് തൊഴിലാളികള്‍ ചെയ്ത ജോലികളില്‍ മിക്കതും കേന്ദ്ര സര്‍ക്കാരിന്റെ ചട്ടങ്ങള്‍ അനുസരിച്ചല്ല ചെയ്തതെന്നാണ് ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശ മനുസരിച്ചാണ് തങ്ങള്‍ ജോലി ചെയ്തതെന്ന് തൊഴിലാളികള്‍ പറയുന്നു. ഇതിനിടയില്‍ ഡെപ്യൂട്ടി കലക്ടറും കൊട്ടാരക്കര തഹസില്‍ദാരും സ്ഥലത്തെത്തിയെങ്കിലും തൊഴിലാളികളുമായി സംസാരിക്കാന്‍ അവര്‍ തയാറാകാഞ്ഞത് പ്രതിഷേധത്തിന് കാരണമായി. ഒടുവില്‍ കൊട്ടാരക്കര എസ്‌ഐ സി കെ മനോജിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ കുടിശിക തുകയുടെ കണക്കുകള്‍ തയാറാക്കി രണ്ടാഴ്ചക്കുളില്‍ തുക നല്‍കുന്ന നടപടികള്‍ സ്വീകരിക്കാമെന്ന ഉറപ്പിന്മേല്‍ മണിക്കൂറുകള്‍ നീണ്ടു നിന്ന ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. കുടിശിക വിതരണം ചെയ്യുന്നതുവരെ തൊഴിലുറപ്പ് തൊഴില്‍ ബഹിഷ്‌കരിക്കുവാനും തൊഴിലാളികള്‍ തീരുമാനിച്ചു. സമരത്തിന് തൊഴിലാളി നേതാക്കളായ ആര്‍ രാജശേഖരന്‍ പിള്ള, ചാലൂക്കോണം അനില്‍, ഷിജു പടിഞ്ഞാറ്റിന്‍കര, ബിനു ചൂണ്ടാലി, തോമസ് പണിക്കര്‍, രഘു നാഥന്‍, സുഗതകുമാരി, ഗ്രാമ പഞ്ചായത്തഗംങ്ങളായ കെ ആര്‍ ഓമനക്കുട്ടന്‍, വി കെ ജ്യോതി, ഒ ജയ ലക്ഷ്മി, സലീല, പി ഓമനക്കുട്ടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it