ശമ്പളം 30ന് തന്നെ നല്‍കി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: നിലവിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ആദ്യമായി കെഎസ്ആര്‍ടിസിയില്‍ കാലതാമസമില്ലാതെ കൃത്യമായി ശമ്പളം നല്‍കി. എംപാനല്‍ ജീവനക്കാര്‍ക്ക് ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഏപ്രില്‍ മാസത്തെ ശമ്പളം മാസാവസാനമായ 30ന് നല്‍കിയത്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ഇതിനുമുമ്പ് മാസത്തിന്റെ അവസാനദിനത്തില്‍ ശമ്പളം കിട്ടിയത്. പുതിയ സര്‍ക്കാര്‍ വന്നതോടെ ശമ്പളവിതരണം തൊട്ടടുത്ത മാസത്തിലേക്ക് മാറുകയായിരുന്നു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കൃത്യസമയത്ത് ശമ്പളം നല്‍കുമെന്ന് പുതുതായി ചുമതലയേറ്റ എംഡി ടോമിന്‍ തച്ചങ്കരി വ്യക്തമാക്കിയിരുന്നു. ജീവനക്കാരെ വിശ്വാസത്തിലെടുത്ത് കോര്‍പറേഷനെ ലാഭത്തിലാക്കുക എന്ന തന്ത്രമാണ് എംഡി സ്വീകരിച്ചത്. ഇതിന്റെ ഭാഗമായാണ് ശമ്പളം നേരത്തെ വിതരണം ചെയ്തതെന്നാണ് സൂചന. എന്നാല്‍, പെന്‍ഷന്‍ കുടിശ്ശിക ഏറ്റെടുത്ത് വിതരണം ചെയ്യാനാവില്ലെന്നും എംഡി അറിയിച്ചിരുന്നു. അതേസമയം, ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ജീവനക്കാരെ വരുതിയിലാക്കുന്നതിന്റെ ഭാഗമായാണ് ശമ്പളം കൃത്യസമയത്ത്് നല്‍കിയതെന്നാണ് തൊഴിലാളി യൂനിയനുകളുടെ ആക്ഷേപം.
അതിനിടെ, ശമ്പളം കൃത്യമായി നല്‍കിയപ്പോഴും കെഎസ്ആര്‍ടിസിയില്‍ വീണ്ടും പെന്‍ഷന്‍ മുടങ്ങി. ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ ഇനിയും വിതരണം ചെയ്തിട്ടില്ല. അര്‍ഹരായവരുടെ പട്ടിക സംബന്ധിച്ച അവ്യക്തതകളാണ് പ്രതിസന്ധിക്ക് കാരണം.  ജൂലൈ വരെ മുടക്കം കൂടാതെ വിതരണം ചെയ്യാനുള്ള പണം സഹകരണ വകുപ്പിനെ ഏല്‍പിച്ചിരുന്നു. എന്നാല്‍, ഏപ്രില്‍ ആദ്യവാരം കിട്ടേണ്ട പെന്‍ഷന്‍ ഇനിയും നല്‍കിയിട്ടില്ല. 272 പേര്‍ക്ക് മാര്‍ച്ച് മാസത്തെ പെന്‍ഷനും കിട്ടാനുണ്ട്. പുതിയ നടപടിക്രമമനുസരിച്ച് ഓരോ മാസവും അര്‍ഹരായവരുടെ പുതിയ പട്ടിക കെഎസ്ആര്‍ടിസി സഹകരണവകുപ്പ് രജിസ്റ്റാര്‍ക്ക് കൈമാറണം. എന്നാല്‍ പട്ടിക നേരത്തെ കൈമാറിയിട്ടുണ്ടെന്ന് എംഡി ടോമിന്‍ തച്ചങ്കരി പറഞ്ഞു.  കെഎസ്ആര്‍ടിസി കൈമാറിയ പട്ടികയില്‍ അവ്യക്തതകള്‍ ഉണ്ടായിരുന്നെന്നും തെറ്റുകള്‍ പരിഹരിച്ച പട്ടിക രണ്ടുദിവസം മുമ്പ് മാത്രമാണ് കിട്ടിയതെന്നുമാണ് സഹകരണ വകുപ്പ് നല്‍കുന്ന മറുപടി. വിതരണം ഉടന്‍ നടക്കുമെന്നും അധികൃതര്‍ ഉറപ്പുനല്‍കുന്നു.
Next Story

RELATED STORIES

Share it