ശമ്പളം വെട്ടിക്കുറച്ച നടപടി; ഡോക്ടര്‍മാര്‍ പ്രക്ഷോഭത്തിലേക്ക്

തിരുവനന്തപുരം: 10ാം ശമ്പളപരിഷ്‌കരണ ഉത്തരവില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ നിലവിലെ ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് കെജിഎംഒഎ പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ ഭാഗമായി ഈ മാസം അഞ്ചിന് ഹെല്‍ത്ത് സര്‍വീസിലെ ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്റ്റീസ് ബഹിഷ്‌കരിച്ച് ജില്ലാ ആസ്ഥാനങ്ങളില്‍ സായാഹ്നധര്‍ണ നടത്തുമെന്നു സംസ്ഥാന സെക്രട്ടറി ഡോ. എ കെ റഊഫ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2006ല്‍ ഡോക്ടര്‍മാര്‍ സമരംചെയ്തു നേടിയെടുത്ത 3600 രൂപയുടെ വര്‍ധന 2011ല്‍ ഒമ്പതാം ശമ്പള പരിഷ്‌കരണ ഉത്തരവില്‍ അടിസ്ഥാന ശമ്പളത്തോടു ലയിപ്പിച്ചിരുന്നു. ഈ തുക 10ാം ശമ്പളപരിഷ്‌കരണ ഉത്തരവില്‍ വെട്ടിക്കുറച്ചപ്പോള്‍ വിവിധ തസ്തികകളില്‍ നിലവിലെ ശമ്പളത്തില്‍നിന്ന് 4,750, 10,500, 14,200, 14,600, 15,000 എന്നിങ്ങനെ തുക നഷ്ടമായി. ഈ സാഹചര്യത്തിലാണു പ്രതിഷേധമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ആരോഗ്യവകുപ്പിനു കീഴില്‍ സര്‍ക്കാര്‍ ഹെല്‍ത്ത് സര്‍വീസില്‍, ചികില്‍സയ്ക്കും ഭരണനിര്‍വഹണത്തിനുമായി 4,871 ഡോക്ടര്‍മാരുടെ തസ്തികകള്‍ മാത്രമാണു നിലവിലുള്ളത്. ഇതില്‍ 400ലധികം തസ്തികകള്‍ പ്രമോഷന്‍ നല്‍കാതെയും നിയമനങ്ങള്‍ നടത്താതെയും ഒഴിഞ്ഞുകിടക്കുകയാണ്. 1962ലെ സ്റ്റാഫ് പാറ്റേണ്‍ നാളിതുവരെ പരിഷ്‌കരിച്ചിട്ടില്ല. ഒരു ഡോക്ടര്‍ക്ക് ഒരുദിവസം 200 മുതല്‍ 400 വരെ രോഗികളെ ഒപിയില്‍ പരിശോധിക്കേണ്ടിവരും. ഈ സാഹചര്യങ്ങളിലുണ്ടാവുന്ന കൈയേറ്റവും ആക്രമണങ്ങളും ആശുപത്രികളിലെ അപര്യാപ്തതയുടെ പരിണിത ഫലങ്ങളാണെന്ന് ഡോക്ടര്‍മാര്‍ കുറ്റപ്പെടുത്തുന്നു. സിവില്‍സര്‍ജന്‍, അസിസ്റ്റന്റ് സര്‍ജന്‍, അനുപാതം 1:3 വേണമെന്നു ശമ്പളപരിഷ്‌കരണ ഉത്തരവില്‍ പറയുന്നുണ്ടെങ്കിലും അതിന് യാതൊരു നടപടിയുമില്ല. സ്‌പെഷ്യലിസ്റ്റുകളുടെ അടിസ്ഥാന ശമ്പളത്തില്‍ വര്‍ധന നല്‍കണമെന്നും സൂപ്പര്‍ സ്‌പെഷ്യാലിറ്റി കേഡര്‍ രൂപീകരിക്കണമെന്നുമുള്ള കമ്മീഷന്‍ നിര്‍ദേശങ്ങളെ സര്‍ക്കാര്‍ അവഗണിച്ചു. പലവട്ടം പ്രതിഷേധിച്ചിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണു കൂടുതല്‍ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുന്നതെന്ന് ഡോ. എ കെ റഊഫ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it